ലോകം മുഴുവൻ പടർന്നുപന്തലിച്ച പ്രസ്ഥാനമായ സ്കൗട്ടിന്റെ തുടക്കം ജനുവരി 24 നായിരുന്നു. 1908 ൽ റോബർട്ട് ബേഡൻ പവലിന്റെ ‘സ്കൗട്ടിങ് ഫോർ ബോയ്സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബോയ്സ് സ്കൗട്ട്സ് രൂപംകൊണ്ടു. ബോയർ യുദ്ധത്തിൽ സൈന്യത്തിന് സഹായം നൽകാനായി എഡ്വേർഡ് സെസിൽ രൂപവത്കരിച്ച യുവാക്കളുടെ സേനയിൽനിന്ന് ആശയം ഉൾക്കൊണ്ടാണ് ‘ബോയ്സ് സ്കൗട്ട്സ് എന്ന പ്രസ്ഥാനം പവൽ രൂപവത്കരിച്ചത്. യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ ശുശ്രൂഷിക്കാനും സന്ദേശങ്ങൾ കൈമാറാനും പാറാവ് നിൽക്കാനുമൊക്കെ ആ യുവാക്കൾ തയ്യാറായി. ആ അർപ്പണബോധവും ആത്മാർഥതയും പവലിനെ ആകർഷിച്ചു.
ആറ് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ‘സ്കൗട്ടിങ് ഫോർ ബോയ്സ്’ എന്ന രചനയെ അടിസ്ഥാനമാക്കി ഇംഗ്ലണ്ടിലാകമാനം ‘സ്കൗട്ട് പട്രോൾ’ എന്ന സന്നദ്ധസേന രൂപംകൊണ്ടു. സ്കൗട്ടിങ്ങിന്റെ ആപ്തവാക്യമായി അവതരിപ്പിക്കപ്പെട്ടത് ‘ഈശ്വരനായുള്ള കർമം’ (ഡ്യൂട്ടി ടു ഗോഡ്) എന്നതാണ്. പിൽക്കാലത്ത് അത് ‘തയ്യാറായിരിക്കുക’ (ബീ പ്രിപയേഡ്) എന്നാക്കി മാറ്റി. ഇന്ന് പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ വ്യക്തിത്വ വികസനം, നേതൃത്വപാടവം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏറ്റവും പ്രശസ്തമായ സംഘടനയാണ് സ്കൗട്ട്സ്. 215 രാജ്യങ്ങളിലായി പടർന്നുപന്തലിച്ച ഈ വലിയ പ്രസ്ഥാനം പുതുതലമുറയെ സേവനസന്നദ്ധമാക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നു.
ഇന്ത്യയുടെ ദേശീയ ഗാനമായി ‘ജന ഗണ മന…’ എന്നുതുടങ്ങുന്ന ഗാനം ഭരണഘടന അംഗീകരിച്ചത് 1950 ജനുവരി 24 നായിരുന്നു. രബീന്ദ്രനാഥ ടാഗോറാണ് ബംഗാളി ഭാഷയിൽ ഇത് രചിച്ചത്. 1911 ഡിസംബർ 27 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണ് ഇത് ആദ്യമായി ആലപിച്ചത്. ഇന്ത്യയുടെ സംസ്കാരം, വിശ്വാസങ്ങൾ, സ്വാതന്ത്ര്യം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ദേശീയഗാനത്തിന്റെ വരികൾ. 1905 ൽ ബംഗാളി ദിനപത്രമായ തത്വബോധിനി പത്രികയിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. ടാഗോർ രചിച്ച “ഭാരോതോ ഭാഗ്യോ ബിധാത” എന്ന ബംഗാളി ശ്ലോകത്തിന്റെ ആദ്യഖണ്ഡമാണ് ജനഗണമന. ഈ ഗാനത്തിന്റെ അല്പം വ്യത്യസ്തമായ പതിപ്പ് 1941 ൽ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി ദേശീയ ഗാനമായി സ്വീകരിച്ചു. പിന്നീട് 1950 ജനുവരി 24 നാണ് ജനഗണമന സ്വതന്ത്ര ഇന്ത്യയുടെ ദേശീയ ഗാനമായിത്തീർന്നത്.
ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം ഗ്രാമവികസന കമ്മീഷണറേറ്റ് ആരംഭിച്ചത് 1987 ജനുവരി 24 നായിരുന്നു. ഗ്രാമവികസന വകുപ്പിന്റെ ഭരണസംവിധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇത് ആരംഭിച്ചത്. ഇതോടെ സെക്രട്ടറിയേറ്റിൽ ചെയ്തുകൊണ്ടിരുന്ന പല ചുമതലകളും കമ്മീഷണറേറ്റിന് കൈമാറി. ഗ്രാമവികസന പദ്ധതികളുടെ ചുമതല ഗ്രാമവികസന കമ്മീഷണർക്കാണ്. ജില്ലാതലത്തിലെ ഗ്രാമവികസന പ്രവർത്തനങ്ങളുടെ ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കാണ്. എന്നാൽ അവരുടെ പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള നിയന്ത്രണവും മേൽനോട്ടവും ഗ്രാമവികസന കമ്മീഷണറേറ്റിൽ നിക്ഷിപ്തമാണ്. ഗ്രാമവികസനത്തിനായി പ്രത്യേക മന്ത്രിതല വിഭാഗവും രൂപീകരിച്ചിട്ടുണ്ട്.
തയ്യാറാക്കിയത്: സുനീഷ വി. എഫ്.