ക്രൈസ്തവര്‍ ചെയ്ത നന്മ ലോകം അറിയുമ്പോള്‍, ചൊറിച്ചില്‍ ഉണ്ടാകുന്നവര്‍ 

പ്രളയം പുറത്തെടുത്ത മാനുഷികനന്മകളുടെ ഉത്സമായിരുന്നു ഇക്കൊല്ലത്തെ (2018) ഓണം. കേവലം അത്തപ്പൂവിലും പടക്കത്തിലും മൃഷ്ടാന്നഭോജനത്തിലും സാംസ്കാരികസദസ്സുകളിലുമായി ഒതുങ്ങിപ്പോയിരുന്ന ഓണനന്മകള്‍ മനുഷ്യരൂപം പൂണ്ട ഓണക്കാലമായി അത് മാറി. “മാനുഷരെല്ലാരും ഒന്നുപോലെ” എന്ന ഈരടികള്‍ക്ക് അര്‍ത്ഥവും ജീവനും വച്ചു. ഭൗതികാര്‍ജ്ജനത്തിന്‍റെ സ്വര്‍ത്ഥതക്ക് മേല്‍ കയറിയിറങ്ങിയ പ്രളയജലം മനുഷ്യമനസ്സിലെ അഴുക്കുകളും തുടച്ചെടുത്താണ് മടങ്ങിപ്പോയത്. തെളി‌ഞ്ഞ കാഴ്ചയോടെ ചുറ്റും നോക്കിയപ്പോള്‍ അയല്‍ക്കാരന്‍റെ മുഖം കണ്ടു… അകലെയുള്ളവര്‍പ്പോലും സുഹൃത്തുക്കളാണെന്ന് തിരിച്ചറിഞ്ഞു… ആര്‍ജ്ജിക്കലല്ല, അതിജീവിക്കലാണ് പ്രധാനമെന്ന് മനസ്സിലായി… ഒത്തിരിപ്പേരുടെ നന്മകള്‍ അന്നമായും ആശ്രയമായും കൈത്താങ്ങായും കടന്നുവന്നപ്പോള്‍ ഒരു പ്രളയകാലം തന്ന വെളിപാടില്‍ കേരളജനത നമ്രശിരസ്കരായി.

കേരളത്തിലെ ക്രൈസ്തവസമുദായങ്ങളുടെ നന്മനിറഞ്ഞ മനസ്സുകൂടി വെളിപ്പെടുന്ന നാളുകളാണ് കടന്നുപോകുന്നത്. മാധ്യമവിചാരണകളുടെ കുപ്പത്തൊട്ടിയില്‍ കടിപിടികൂടുന്നവരുടെ ബൗബൗ ശബ്ദത്തില്‍ മാത്രം സഭയെന്നും വൈദികരെന്നും രൂപതയെന്നും (“രൂപ താ” എന്നും) കേട്ടു ശീലിച്ചവര്‍ ഈ സംവിധാനങ്ങളിലൂടെ ചുരുളഴിയുന്ന (ഒരു പക്ഷേ, സര്‍ക്കാര്‍ സംവിധാനങ്ങളേക്കാള്‍ കാര്യക്ഷമവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും അഴിമതിരഹിതവുമായ) ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെയും പുനരധിവാസപ്രക്രിയകളുടെയും ചടുലതയും വ്യാപ്തിയും കണ്ട് അന്പരന്നുപോയിട്ടുണ്ട്. ക്രൈസ്തവസമുദായം ഇക്കാലമത്രയും യാതൊന്നും ചെയ്തിട്ടില്ലെന്നും ഇപ്പോളെന്തൊക്കെയോ പുതുതായി ചെയ്യുന്നുവെന്നും ഇതിനരര്‍ത്ഥമില്ല. മറിച്ച്, ഇക്കലമത്രയും ചെയ്തവയൊന്നും പുറത്തുപറയേണ്ടതും വാര്‍ത്തയാക്കേണ്ടതും ആണെന്ന് സഭാസംവിധാനങ്ങള്‍/ ക്രൈസ്തവവൃത്തങ്ങള്‍ കരുതിയിരുന്നില്ല എന്നതാണ് സത്യം. അസത്യത്തെ ആക്ഷേപങ്ങളുടെ മേല്‍മുണ്ടു പുതപ്പിച്ച് അന്തിച്ചര്‍ച്ചകളില്‍ ക്രൈസ്തവസമുദായത്തെ കരിവാരിത്തേക്കുന്നവര്‍ക്ക് ചെകിടോര്‍മ്മയാവാന്‍ മാത്രം വാര്‍ത്തകളും ചിത്രങ്ങളും പ്രളയകാലം പുറത്തു വിട്ടിട്ടുണ്ട്. ഇഷ്ടമില്ലാത്തത് കാണുന്പോള്‍ പുറംതിരിഞ്ഞിരിക്കുന്നവരെപ്പോലെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും അതിനു പുറംതിരിഞ്ഞിരിപ്പുണ്ട് എന്നത് അവഗണിക്കാനാവാത്ത സത്യവുമാണ്.

മാധ്യമങ്ങള്‍ അവഗണിച്ചാലും കാലവും സമൂഹവും ഓര്‍ത്തുവെക്കുന്ന ചില വാര്‍ത്തകള്‍ക്ക് ഉദാഹരണങ്ങളിതാ:

1. റാന്നി, ചെങ്ങന്നൂര്‍ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ സ്ഥിതപ്രജ്ഞരായ സര്‍ക്കാര്‍ സംവിധാനത്തിന് എത്ര വള്ളങ്ങളും മത്സ്യത്തൊഴിലാളികളും വേണമെങ്കിലും എത്തിച്ചുനല്കാമെന്ന് ഉറപ്പു നല്കിയ തിരുവനന്തപുരം ലത്തീന്‍ രൂപതാനേതൃത്വം (കളക്ടര്‍ വാസുകിയുടെ പ്രസംഗം കേള്‍ക്കാം).

2. കുട്ടനാട് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഏതാണ്ട് മുഴുവന്‍ പേരെയും പുറത്തുകൊണ്ടുവന്ന് സുരക്ഷിതസ്ഥാനങ്ങള്‍ തയ്യാറാക്കിക്കൊടുത്ത ചങ്ങനാശ്ശേരി അതിരൂപതയും സംവിധാനങ്ങളും.

3. ദുരിതകാലം ആരംഭിച്ചപ്പോള്‍ ഇടവകയുടെ സ്ഥാപനങ്ങളും സ്കൂളുകളും പള്ളികള്‍ പോലും തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട മെത്രാന്മാര്‍. പള്ളി തുറന്നുകൊടുത്ത മാനന്തവാടി രൂപതയിലെ അന്പായത്തോട് ഇടവക.

4. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്കിയ സീറോ മലങ്കരസഭ

5. എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാന്പുകളായി തുറന്നുകൊടുത്ത കപ്പൂച്ചിന്‍ സന്ന്യാസസമൂഹം.

6. തൃശ്ശൂര്‍ സെന്‍റ് മേരീസ് കോളേജ് ആര്‍ക്കുവേണമെങ്കിലും വന്ന് താമസിക്കാമെന്ന് പറഞ്ഞ് തുറന്നുകൊടുത്ത പ്രിന്‍സിപ്പാള്‍

7. ജനത്തിനുവേണ്ടി തുറന്നുകൊടുത്ത മറ്റ് ആശ്രമങ്ങളും ധ്യാനകേന്ദ്രങ്ങളും

8. 600-ല്‍പ്പരം ആളുകള്‍ക്ക് അഭയവും ഭക്ഷണവും നല്കിയ ആലുവ മംഗലപ്പുഴ സെമിനാരി.

9. ദുരിതം ബാധിച്ചിട്ടില്ലാത്തവരോട് അയല്‍ക്കാരുടെ അടുക്കളസന്ദര്‍ശിക്കണമെന്നും ഭക്ഷണമില്ലാത്തവരുണ്ടെങ്കില്‍ ബിഷപ്സ് ഹൗസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്കിയ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. മാനന്തവാടി ബിഷപ്സ് ഹൗസില്‍ നിന്ന് മാത്രം (അനേകരുടെ സഹകരണത്തോടെ) ഉദ്ദേശം 3.5 കോടി രൂപയുടെ അവശ്യവസ്തുക്കളാണ് (ഭക്ഷണമുള്‍പ്പെടെ) വയനാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വണ്ടി കയറിപ്പോയത്.

10. ചിത്തിരപുരം സ്വദേശിയായ സുബ്രമണ്യനെന്ന ഹൈന്ദവസഹോദരന് അന്ത്യവിശ്രമത്തിന് സെമിത്തേരി വിട്ടുനല്കിയ പള്ളിവാസല്‍ സെന്‍റ് ആന്‍സ് ദേവാലയം.

11. കേരളത്തെ പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും ലോകരാഷ്ട്രങ്ങളോട് സഹായിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ.

12. കലാമത്സരങ്ങള്‍ വേണ്ടെന്ന് വച്ച് ചിലവുതുക ദുരിതാശ്വാസത്തിന് നീക്കി വെച്ച ഭക്തസംഘടനകള്‍ (മിഷന്‍ലീഗ്, കെ.സി.വൈ.എം.മുതലായവ)

13. ഒറ്റപ്പെട്ടുപോയ എയ്ഞ്ചല്‍ വാലിയിലേക്ക് സഹായഹസ്തവുമായി ഓടിയെത്തിയ കാഞ്ഞിരപ്പള്ളി രൂപത, രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറക്കല്‍

14. സൗജന്യചികിത്സ നല്കിയ കോട്ടയത്തെയും എറണാകുളത്തെയും ചങ്ങനാശ്ശേരിയിലെയും കത്തോലിക്കാ ഹോസ്പിറ്റലുകള്‍. അവ നടത്തിയ മെഡിക്കല്‍ ക്യാംപുകള്‍. സൗജന്യമായി നല്കിയ മരുന്നുകള്‍.

15. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതി നല്കിയ ഒരു കോടി രൂപ.

16. വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത രീതികളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സമര്‍പ്പിതര്‍

17. തുച്ഛം കിട്ടുന്ന (പതിനായിരത്തിനടുത്ത്) ജീവനാംശം ഒരു മാസത്തേത് മുഴുവന്‍ ദുരിതാശ്വാസത്തിന് നല്കുന്ന കേരളകത്തോലിക്കാസഭയിലെ വൈദികര്‍. സ്വന്തം സ്ഥലം വിട്ടുനല്കുന്നവര്‍.

18. പ്രളയാനന്തരം വൃത്തിയാക്കാനും സമാശ്വസിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ട സംഘടനകള്‍, സമര്‍പ്പിതര്‍, വൈദികര്‍, മെത്രാന്മാര്‍

19. സ്വന്തം കാറ് വില്‍ക്കാന്‍ തയ്യാറാണെന്നറിയിച്ച വരാപ്പുഴ മെത്രാന്‍. രൂപതയില്‍ എല്ലാ ആഘോഷങ്ങളും വേണ്ടെന്നുവെക്കാന്‍ നിര്‍ദ്ദേശം.

20. ഇടവകയുടെ ഒരേക്കര്‍ പത്തു കുടുംബങ്ങള്‍ക്ക് നല്കുന്ന ചിറ്റാരിക്കാല്‍ ഇടവക.

21. 1,50,000 യൂറോ കേരളത്തിന് നല്കിയ ജര്‍മ്മന്‍ അതിരൂപത

22. 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം രൂപ ഇടുക്കി രൂപതക്കും നല്കിയ പാലാ രൂപത

ഇങ്ങനെ എണ്ണിപ്പറഞ്ഞുപോയാല്‍ എനിക്ക് എഴുതി അവസാനിപ്പിക്കാന്‍ സാധിക്കില്ല എന്നറിയാവുന്നതിനാല്‍ നിര്‍ത്തുന്നു. പ്രളയം ദുരിതത്തിലാഴ്ത്തിയ കേരളത്തില്‍ കത്തോലിക്കാസഭ ചെയ്ത കണക്കെടുക്കാനോ വിലമതിക്കാനോ കഴിയാത്ത ശുശ്രൂഷകളുടെ സുദീര്‍ഘമായ പട്ടികയില്‍ ഏതാനും എണ്ണം മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. (പറഞ്ഞവയ്ക്കുള്ള തെളിവുകള്‍ ചിത്രങ്ങള്‍ സഹിതവും കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും “Catholic Response” എന്ന പേജില്‍ കാണാവുന്നതാണ്: https://www.facebook.com/catholicresponse/?ref=br_rs)

“മറ്റുള്ളവരുടെ നന്മകള്‍ കാണുന്പോള്‍ നിനക്ക് ചൊറിച്ചിലുണ്ടാവണം” എന്ന്  വിശുദ്ധ ജെറോം ഒരു വ്യക്തിയെ ഉപദേശിച്ചതായി കേട്ടിട്ടുണ്ട്. മറ്റുള്ളവരുടെ നന്മകള്‍ കാണുന്പോള്‍ തോന്നുന്ന ചൊറിച്ചിലും അസൂയയും കൂടുതല്‍ മെച്ചപ്പെട്ട നന്മകളിലേക്ക് അയാളെ നയിക്കണമെന്നാണ് വിശുദ്ധന്‍ ആഗ്രഹിച്ചത്. കത്തോലിക്കാസഭയുടെ സകല നന്മകളിലും ചൊറിച്ചിലുണ്ടാകുന്ന നാലാംകിട ഓണ്‍ലൈന്‍ പത്രങ്ങളും അവ മാത്രം വായിക്കുന്ന സാമൂഹ്യ (ക്രൈസ്തവ) നവോത്ഥാരകരും ഉണ്ട്. വിശ്വാസികളെന്ന് നടിക്കുന്ന ക്രൈസ്തവനാമധാരികളുടെയും സഭയോടൊത്താണെന്ന് വരുത്തിത്തീര്‍ക്കുന്ന വൈദികരുടെയും എല്ലാമറിയാമെന്ന് കരുതുന്ന അല്മായരുടെയും ഒന്നുമറിയാത്ത മറ്റു പലരുടെയും (ഒരു അഭിഭാഷകന്‍ ഉദാഹരണം) ചിന്തയിലും ശരീരത്തിലും ഈ ചൊറിച്ചില്‍ അവതാരമെടുക്കുന്നുണ്ട്.

പ്രിയമുള്ളവരെ, പ്രളയകാലത്ത് കേരളം ക്രൈസ്തവരില്‍ നിന്ന് കാണുന്ന സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സമഭാവനയുടെയും ഇതേ സുവിശേഷമാണ് ഈശോ പ്രസംഗിച്ചത്. തിരുസ്സഭ കാലാകാലങ്ങളില്‍ ജീവിച്ചിട്ടുള്ളതും അതുതന്നെയാണ്… എന്നാല്‍ വീഴ്ചകളും പരാജയങ്ങളും ഉണ്ടാകാതെയല്ല എന്ന സത്യവും വിസ്മരിക്കരുത്. നന്മകളെ ബോധപൂര്‍വ്വം അവഗണിച്ച്, തിന്മകളെ ഉയര്‍ത്തിപ്പിടിച്ച് ക്രൈസ്തവസമുദായത്തെ വിമര്‍ശിക്കുന്നവരെയാണ് മാധ്യമങ്ങളിലും മറ്റും നാം കാണുക. സത്യം എത്രയോ വ്യത്യസ്തവും വിദൂരവുമാണെന്ന് നോക്കുക.

ഫാ. നോബിള്‍ തോമസ്‌ പാറയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.