
”വീണുകിട്ടിയ നിധിപോലെ കടത്തെ കരുതുന്നവരുണ്ട്. അവര്‍ തങ്ങളെ സഹായിക്കുന്നവര്‍ക്ക് ഉപദ്രവം വരുത്തും” (പ്രഭാ.29:4)
മൂന്നുപേര്‍ കോപാകുലരായി സോളമന് രാജാവിന്റെ സവിധത്തിലെത്തി. അവര്‍ പറഞ്ഞു, ”ഞങ്ങള്‍ കൂട്ടുകച്ചവടക്കാരാണ്. നല്ലൊരു തുകയുമായി ഞങ്ങള്‍ യാത്രയിലായിരുന്നു. സാബത്ത് ആരംഭിച്ചപ്പോള്‍ യാത്ര നിറുത്തി. ഞങ്ങളുടെ പണസഞ്ചി മണ്ണില്‍ കുഴിച്ചിട്ട് പ്രാര്‍ത്ഥനക്കു പോയി. സാബത്തിനു ശേഷം പണമെടുക്കാ നെത്തിയപ്പോള്‍ പണം കാണാനില്ല. ഈ കഥ വേറെയാരും അറിഞ്ഞിട്ടില്ല. അതിനാല്‍ കള്ളന് ഞങ്ങളില്‍ ഒരാളാണ്. രാജാവ് ഞങ്ങളുടെ കൂട്ടത്തിലെ കള്ളനെ കണ്ടുപിടിച്ചു തരണം.” സോളമന് പറഞ്ഞു, ”നിങ്ങള്‍ നാളെ വരിക. പരിഹാരമുണ്ടാക്കാം.”
പിറ്റേദിവസം തന്റെ മുമ്പിലെത്തിയ അവരോട് രാജാവ് പറഞ്ഞു. ”ആദ്യം നിങ്ങള്‍ വേറൊരു കഥ കേള്‍ക്ക്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും സ്നേഹത്തിലായിരുന്നു. പ്രായമാകുമ്പോള്‍ പരസ്പരം കല്യാണം കഴിക്കാമെന്ന് അവര്‍ തീരുമാനിച്ചിരുന്നു. ഇനി വേറെയാരെയെങ്കിലുമാണ് കല്യാണം കഴിക്കുന്നതെങ്കിലോ, അവര്‍ പരസ്പരം സമ്മതിച്ചിട്ടേ അത് ചെയ്യൂ. ഇതായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്ന ധാരണ. വര്‍ഷങ്ങള്‍ കഴിഞ്ഞു. പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു.
പക്ഷേ വിവാഹദിനം അവള് തന്റെ പഴയ പ്രതിജ്ഞയെക്കുറിച്ച് ഓര്‍ത്തു. അവള് അന്നുതന്നെ ഭര്‍ത്താവിനോട് ഇക്കാര്യം പറഞ്ഞു. അയാള്‍ പറഞ്ഞു, ഇതു നിസ്സാരമായ കാര്യമല്ല. നിന്റെ പഴയ സ്നേഹിതനെ കണ്ടുപിടിക്കണം. അയാള്‍ സമ്മതിക്കുകയാണെങ്കിലേ ഞാന്‍ ഈ ബന്ധത്തിനുള്ളൂ. അല്ലെങ്കില്‍ അവന് നിന്നെ സ്വന്തമാക്കട്ടെ.
വലിയൊരു തുക കൈയ്യില്‍കരുതി അവര്‍ രണ്ടുപേരും അവളുടെ ബാല്യകാല സുഹൃത്തിനെ തേടിയിറങ്ങി. ഒടുവില്‍ അവനെ കണ്ടെത്തി, കാര്യമെല്ലാം ബോധിപ്പിച്ചു. ഭര്‍ത്താവ് പറഞ്ഞു, എനിക്ക് ഇവളെ ഇഷ്ടമാണ്. നിങ്ങള്‍ തമ്മിലുള്ള പ്രതിജ്ഞ മനസ്സിലായി. എന്നാലും ഒരപേക്ഷയുണ്ട്. ഈ പണം നിങ്ങള്‍ എടുത്തു കൊള്ളൂ. എനിക്ക് ഇവളെ വിട്ടുതരണം. അയാള്‍ പറഞ്ഞു, എനിക്ക് നിങ്ങളുടെ പണം വേണ്ട. നിങ്ങള്‍ വിവാഹംചെയ്ത ഭാര്യയെ ഞാന്‍ അവകാശപ്പെടുന്നതും ശരിയല്ല. നിങ്ങള്‍ സമാധാനത്തോടെ പൊയ്ക്കൊള്ളുക. അവര്‍ തിരിച്ചുപോരും വഴി ഒരാള്‍ അവരെ ആക്രമിച്ച് പണം തട്ടിപ്പറിച്ചു. അയാളോട് ഇവര്‍ രണ്ടുപേരും തങ്ങളുടെ ജീവിതകഥ പറഞ്ഞു. കവര്ച്ചക്കാരന് പെട്ടന്ന് നല്ല കള്ളനായി. അയാള്‍ മുതല്‍ തിരിച്ചുകൊടുത്തു.”
കഥയവസാനിപ്പിച്ച സോളമന് തന്റെ മുമ്പില്നില്ക്കുന്നമൂന്നുപേരോടുമായി ചോദിച്ചു. ”ഇവരില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠമായി പെരുമാറിയത്? ഒന്നാമന് പറഞ്ഞു, ഭാര്യ തന്നെ. ബാല്യകാലത്തെ പ്രതിജ്ഞ അവള് പിന്നീടാണെങ്കിലും ഓര്‍ത്തല്ലോ. ഭര്ത്താവിനോടതു പറയുകയും ചെയ്തു. രണ്ടാമന് പറഞ്ഞു, അല്ലല്ല. അവളുടെ ഭര്‍ത്താവിന്റെ പെരുമാറ്റമാണ് വിശിഷ്ടം. കാര്യമറിഞ്ഞപ്പോള്‍ അവളെ മനസ്സില്ലാമനസ്സോടെയാണെങ്കിലും വിട്ടുകൊടുക്കാന്‍ തയാറായല്ലോ. മൂന്നാമന് പറഞ്ഞു, ശരിയാണ്. അവര്‍ രണ്ടുപേരും നന്നായി പെരുമാറി. പക്ഷേ ആ പഴയകാല സ്നേഹിതനുണ്ടല്ലോ, അവനൊരു പൊട്ടനാ. കൈയ്യില്‍കിട്ടിയ കാശ് വേണ്ടെന്നുവച്ചില്ലേ. ഇതു കേട്ടതേ സോളമന് പറഞ്ഞു, നീയാണ് മൂവരില്‍ കള്ളന്. അര്‍ഹിക്കാത്ത പണത്തോട് നിനക്ക് ആര്‍ത്തിയുണ്ട്. അതാണ് നീ ഇങ്ങനെ പറഞ്ഞത്. തരംകിട്ടിയാല്‍ നീ മോഷ്ടിക്കും.”
ഭൂഗുരുത്വാകര്‍ഷണബലം പോലെ അനേകരെ ഭൂമിയോട് ചേര്‍ത്തുനിറുത്തുന്നത് പണത്തോടുള്ള അത്യാര്‍ത്തിയാണ്. അത്തരക്കാര്‍ പറയും: അധികാരമുണ്ടെന്ന് പറഞ്ഞിട്ടെന്താ, കാശുകിട്ടാന്‍ മാര്‍ഗ്ഗമില്ല. മിടുക്കന് പയ്യനാ; അപ്പന് ഡോക്ടര്‍, അമ്മ ടീച്ചര്‍, പെങ്ങള് അമേരിക്കയില്‍. നല്ല വികാരിയച്ചനാ, മൂന്നുകൊല്ലംകൊണ്ട് പള്ളിക്ക് ലക്ഷങ്ങളാ വരുമാനമുണ്ടാക്കിയത്.ഇപ്രാവശ്യം നമുക്ക് നല്ല വാര്‍ഡ് മെമ്പറാ, കാശുള്ള വീട്ടിലെയാ. അപ്പന് മക്കളെയെല്ലാം ആദര്‍ശം പഠിപ്പിച്ചു. കാശുണ്ടാക്കാന്‍ മാത്രം പഠിപ്പിച്ചില്ല. നമ്മുടെ പള്ളിയിലുണ്ട് ഒരു യൗസേപ്പിതാവ്. ഉളിയും കൊട്ടുവടിയുമായി നില്പുണ്ട്. വല്ല ഉപകാരമുണ്ടോ. എന്നാല്‍ അടുത്ത പള്ളിയിലുണ്ട് അന്തോണീസ് പുണ്യാളന്. തമിഴ്നാട്ടീന്നാ ആള്ക്കാരുവന്ന് കാശെറിഞ്ഞിട്ടുപോകുന്നത്. ഇങ്ങനെ ചിന്തിക്കുന്നവര്‍ തരംകിട്ടിയാല്‍ മോഷ്ടിക്കുംഎന്നര്ത്ഥമില്ല. പക്ഷേ പണമായിരിക്കും അവരുടെ തലച്ചോറിലും ഹൃദയത്തിലും ശ്വാസത്തിലും. ഇത്തരക്കാര്‍ക്ക് ദൈവത്തെയും സുവിശേഷത്തെയും ബന്ധങ്ങളെയും ഹൃദയത്തില്‍ സ്വീകരിക്കാന്‍ വലിയ പ്രയാസമായിരിക്കും. ദൈവവും സുവിശേഷവും ബന്ധങ്ങളും ഇവര്‍ക്ക് പണമുണ്ടാക്കാനുള്ള ഉപാധികളായേ തോന്നൂ. പാവം ധനവാന്, അല്ലാതെന്ത്?
ഡോ. മാത്യു ഇല്ലത്തുപറമ്പില്‍