കൊന്ത എന്ന പോർട്ടുഗീസ് പദത്തിന്റെ അർത്ഥം എണ്ണി പ്രാർത്ഥിക്കാനുള്ള ഉപകരണം എന്നാണ്. പൗരസ്ത്യ സഭയിലെ സന്യാസികൾ മൂന്നാം നൂറ്റാണ്ടു മുതൽ ജപമണികൾ പ്രാർത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ അയർലണ്ടിലെ വി. ബ്രിജിറ്റ് ജപമാല ഉപയോഗിച്ചു സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലിയിരുന്നു. ആറും ഏഴും നൂറ്റാണ്ടുകളിൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയിൽ ഗ്രബ്രിയേൽ മാലാഖയുടെ സ്തുതിപ്പു മാത്രമേ ഉണ്ടായിരുന്നുള്ളു. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ 150 നന്മ നിറഞ്ഞ മറിയം ചൊല്ലുന്ന രീതി സഭയിൽ നിലവിൽ വന്നു. ദിവ്യ രഹസ്യങ്ങൾ ധ്യാന വിഷയമാക്കി പത്തു മണികളോടു ചേർത്തത് പതിനഞ്ചാം നൂറ്റാണ്ടിൽ കർത്തൂസിയൻ സന്യാസികളാണ്. 153 മണി ജപത്തെ 50 മണി ജപമാക്കി പ്രായോഗികമാക്കിയതു പ്രഷ്യയിലെ കർത്തൂസിയൻ സന്യാസിയായ ഡോമിനിക്കാണ്. കൊന്ത നമസ്കാരത്തിന്റെ ആരംഭത്തിൽ മൂന്നു നന്മ നിറഞ്ഞ മറിയവും ഒരു ത്രിത്വ സ്തുതിയും ചേർത്തതു അഞ്ചാം പീയൂസ് പാപ്പയുടെ കാലത്താണ് (1556-1572). ആദ്യം സന്തോഷത്തിന്റെ രഹസ്യങ്ങളും പിന്നിടു ദു:ഖത്തിന്റെയും മഹിമയുടെയും രഹസ്യങ്ങൾ സഭയിൽ രൂപം പ്രാപിച്ചു.
ജപമാലയുടെ പാപ്പ എന്നറിയപ്പെടുന്ന ലെയോ പതിമൂന്നാമൻ പാപ്പ 1891 ലെ ഒക്ട്രോബി മെൻസെ എന്ന ചാക്രിക ലേഖനം വഴി എല്ലാ രൂപതകളിലും ഇടവകകളിലും സ്ഥാപനങ്ങളിലും ഒക്ടോബർ മാസത്തിൽ ആഘോഷമായി കൊന്ത നമസ്ക്കാരം ചൊല്ലണമെന്നും ജപമാലയുടെ അവസാനം ലുത്തിനിയാകൂടി ചൊല്ലണമെന്നും ആവശ്യപ്പെട്ടു.
ഓ! എന്റെ ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ… എന്നു തുടങ്ങുന്ന ഫാത്തിമാ ജപം ഇരുപതാം നൂറ്റാണ്ടിലാണു ജപമാലയിൽ കൂട്ടിച്ചേർത്തത്. റോസറി പ്രീസ്റ്റ് എന്നറിയപ്പെടുന്ന ധന്യനായ ഐറീഷ് കത്തോലിക്കാ വൈദികൻ ഫാ. പാട്രിക് പെയ്റ്റൺ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തു കുടുംബ ജപമാലയുടെ പ്രചാരകനായി ജപമാല ഭക്തി പ്രചരിപ്പിച്ചു.
1957 ൽ പ്രകാശത്തിന്റെ ദിവ്യ രഹസ്യങ്ങൾക്കു മാൾട്ടയിലെ ദ്വിതീയ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വി. ജോർജ് പ്രക്കാ രൂപം നൽകിയെങ്കിലും പ്രകാശത്തിന്റെ രഹസ്യം ഔദ്യോഗികമായി ജപമാലയിൽ കൂട്ടിച്ചേർത്തതു ജോൺ പോൾ രണ്ടാമൻ പാപ്പയുടെ “കന്യകാമറിയത്തിന്റെ ജപമാല” (Rosarium Virginis Mariae) എന്ന അപ്പസ്തോലിക ലേഖനം വഴി 2002 ഒക്ടോബർ മാസം 16-ാം തീയതിയാണ്.
നന്മ നിറഞ്ഞ മറിയമേ
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയ്ക്കു മൂന്നു ഭാഗങ്ങളാണുള്ളത്.
1) ഗബ്രിയേൽ മാലാഖയുടെ അഭിവാദ്യം, നന്മ നിറഞ്ഞ മറിയമേ! സ്വസ്തി കർത്താവു നിന്നോടു കൂടെ എന്ന വചനഭാഗം (ലൂക്കാ: 1:28).
2) ഏലീശ്വായുടെ അഭിവാദനം, സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു. നിന്റെ ഉദരഫലവും അനുഗ്രഹീതം. (ലൂക്കാ :1:42).
3) തിരുസ്സഭ കൂട്ടിച്ചേർത്തത്. പരിശുദ്ധ മറിയമേ! തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടപേക്ഷിക്കണമേ.
പതിമൂന്നാം നൂറ്റാണ്ടിൽ നാലാം ഊർബൻ മാർപാപ്പയാണ് അങ്ങയുടെ ഉദരത്തിന്റെ ഫലമായ എന്നതിനോടു കൂടി “ഈശോ” എന്ന നാമം കൂട്ടിച്ചേർത്തത്. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കുണമേ എന്ന പ്രാർത്ഥന സിയന്നയിലെ വിശുദ്ധ ബർണ്ണദീന്റെയാണ്. 1571 ൽ ലെപ്പാന്റോ യുദ്ധാവസരത്തിലാണ് പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന ഭാഗം തിരുസഭ കൂട്ടി ചേർത്തത്.
വിശുദ്ധ ഡോമിനിക്കും ജപമാല ഭക്തിയും
പതിമൂന്നാം നൂറ്റാണ്ടിൽ തിരുസഭയെ തളർത്തി കൊണ്ടിരുന്ന ആൽബിജെൻസിയൻ പാഷണ്ഡതക്കെതിരെ പോരാടാൻ പരിശുദ്ധ കന്യാകാ മറിയം ഗുസ്മാനിലെ വിശുദ്ധ ഡോമിനിക്കിനു (1170–1221) പ്രത്യക്ഷപ്പെട്ടു നൽകിയ സമരായുധമാണല്ലോ ജപമാല. ആൽബിജെൻസിയൻ പാഷണ്ഡതക്കെതിരെ പോരാടാൻ തെക്കേ ഫ്രാൻസിലെ ലാംഗ്വേഡോക്കിലെ പ്രദേശത്തെ പ്രോവിലേക്കു (Prouilhe) പോയ ഡോമിനിക്കു ഉപവാസവും പ്രാർത്ഥനയുമായി കഴിയവേ പരിശുദ്ധ അമ്മ 1208ൽ പ്രത്യക്ഷപ്പെട്ടു പോരാടുവാൻ ജപമാല എന്ന ആയുധം നൽകി എന്നാണ് സഭാപാരമ്പര്യം. ശരിയായ ക്രിസ്തീയ വിശ്വാസത്തിലേക്കു ജനങ്ങളെ മടക്കിക്കൊണ്ടുവരാൻ വിശുദ്ധ ഡോമിനിക്കു ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഈ അവസരത്തിലാണ് പരിശുദ്ധ കന്യകാ മറിയം ഡോമിനിക്കിനു പ്രത്യക്ഷപ്പെട്ടു മാലാഖയുടെ അഭിവാദ്യം (ഗബ്രിയേൽ മാലാഖ മംഗല വാർത്ത സമയത്തു മറിയത്തെ വിളിക്കാനായി ഉപയോഗിച്ച സംബോധന – ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ് നിന്നോടുകൂടെ! ലൂക്കാ 1:28) പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടത്. നീണ്ട പതിനാറു വർഷം വി. ഡോമിനിക്കും സഹപ്രവർത്തകരും ജപമാല പ്രാർത്ഥനയും പ്രസംഗവും വഴി പാഷണ്ഡികൾക്കെതിരെ പോരാടി വിജയം വരിച്ചു.
മനിക്കേയൻ പാഷണ്ഡതയുടെ മറ്റൊരു വകഭേദമായിരുന്ന ആൽബിജെൻസിയൻ പാഷണ്ഡത ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുകയും സൃഷ്ടിക്കപ്പെട്ട ലോകത്തിന്റെ നന്മയെ നിഷേധിക്കുകയും ചെയ്തിരുന്നു. യേശുവിന്റെ ജനന പീഡാസഹന മരണ രഹസ്യങ്ങളുടെ ധ്യാനം ജപമാല രഹസ്യങ്ങൾക്കായി നൽകിയതും പരിശുദ്ധ മറിയം തന്നെയാണ്. മാലാഖയുടെ അഭിവാദ്യത്തോടൊപ്പം ദിവ്യ രഹസ്യങ്ങളുടെ ധ്യാനവും ഒരു പ്രാർത്ഥനയായും ജനങ്ങളെ യഥാർത്ഥ ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്ന മതബോധന ഉപാധിയായും ഉപയോഗിച്ചിരുന്നു.
ഡോമിനിക്കു ജപമാലയെക്കുറിച്ചും പ്രസംഗിക്കുകയും ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ധ്യാനങ്ങൾ നൽകുകയും ചെയ്യുവാണങ്കിൽ ധാരാളം ആത്മാക്കൾ അവരുടെ തെറ്റുകളിൽ നിന്നു പിൻതിരിയുകയും അവളുടെ മാധ്യസ്ഥൃം വഴി രക്ഷപ്പെടുകയും ചെയ്യുമെന്നു പരിശുദ്ധ കന്യകാ മറിയം ഡോമിനിക്കിനോടു പറഞ്ഞിരുന്നു: “നിന്റെ അധ്വാനം വഴി വളരെ കുറിച്ചു ഫലങ്ങളെ കിട്ടിയിട്ടുള്ളൂ എന്നതിൽ നീ അതിശയിക്കുന്നുണ്ടാവും, നീ തരിശു ഭൂമിയിലാണു അധ്വാനിച്ചത് ദൈവീക കൃപയുടെ ഹിമകണങ്ങൾ കൊണ്ടു അവിടെ നീ വെള്ളം ഒഴിച്ചില്ല. ദൈവം ഭൂമുഖം നവീകരിക്കാൻ ആഗ്രഹിക്കുന്നു അതിനായി നീ മാലാഖമാരുടെ അഭിവാദ്യങ്ങളിലുടെ അനുഗ്രഹ മഴ വർഷിക്കണം അതിനാൽ 150 മാലാഖമാരുടെ അഭിവാദ്യങ്ങളും പതിനഞ്ചു സ്വർഗ്ഗസ്ഥനായ പിതാവ് എന്ന പ്രാർത്ഥനയും ചേർന്ന എന്റെ സ്തോത്ര സംഹിതയെപ്പറ്റി പ്രസംഗിക്കുക നിനക്കു സമൃദ്ധമായ വിളവു ലഭിക്കും.”
പരിശുദ്ധ മറിയം വി. ഡോമിനിക്കിനു ജപമാല നൽകിയ സ്ഥലം
ഓർഡർ ഓഫ് പ്രീച്ചേഴ്സ് എന്ന ഡോമിനിക്കൻ സന്യാസസഭയുടെ പിള്ളത്തൊട്ടിലാണ് പ്രോവിലുള്ള നോത്രദാം ആശ്രമം (Monastery of Notre-Dame-de-Prouille). ഡോമിനിക്കൽ സഭയുടെ ആദ്യ ഭവനവും സന്യാസിനികൾക്കായി ആദ്യ മഠവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രൗൾലയ ആശ്രമത്തിൽ വച്ചാണ് 1208ൽ പരിശുദ്ധ മറിയം ആത്മാക്കളുടെ രക്ഷയ്ക്കുള്ള ആയുധമായി ജപമാല എന്ന ആത്മീയ ആയുധം ഡോമിനിക്കിനു നൽകിയത്. പ്രൗൾലയിൽ പരിശുദ്ധ കന്യകാമറിയം ഡോമിനിക്കിനു പ്രത്യക്ഷപ്പെട്ടു ജപമാല നൽകിയ അതേ സ്ഥലത്താണ് ഇന്നു ജപമാല റാണിയുടെ ബസിലിക്കാ സ്ഥിതി ചെയ്യുന്നത്. ഫ്രഞ്ചു വിപ്ലവത്തിന്റെ സമയത്തു ആശ്രമവും ദൈവാലയവും പൂർണ്ണമായി നശിപ്പിക്കപ്പെടുകയും അവിടെയുള്ള സന്യാസിനികളെ ചിതറിക്കുകയും ചെയ്തിരുന്നു. ആശ്രമം പുതുക്കി പണിതെങ്കിലും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞട്ടില്ല.
ഒരു കൊച്ചു ചിന്തയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു
“മാതാപിതാക്കൾ ജപമാല ചൊല്ലുമ്പോൾ, ജപമാല മുകളിലേക്കു പിടിച്ചു മറിയത്തോടു പറയണം,” ഈ കൊന്ത മണികളാൽ എന്റെ കുഞ്ഞുങ്ങളെ നിന്റെ അമലോത്ഭവ ഹൃദയത്തിൽ ബന്ധിപ്പിക്കണമേ,” അപ്പോൾ മറിയം അവരുടെ ആത്മാക്കളെ ശ്രദ്ധിച്ചു കൊള്ളും.” വി. ലൂയിസേ ഡേ മാരിലാ കിന്റെ ഈ വാക്കുകൾ ജപമാല ചൊല്ലുവാൻ നമുക്കു പ്രചോദനമാകട്ടെ.