
ശുദ്ധീകരണ സ്ഥലം എങ്ങനെയുള്ള അവസ്ഥയാണന്നു സഭ തന്റെ ഔദോഗിക പഠനങ്ങളിൽ കാര്യമായി വിശദീകരിക്കുന്നില്ല, എങ്കിലും വിശുദ്ധരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും രചനകളിൽ നിന്നു അവയെക്കുറിച്ചുള്ള ചില തിരിച്ചറിവുകൾ നമുക്കു ലഭിക്കുന്നു.
1- തീവ്രമായ സഹനത്തിൻെറയും ആനന്ദത്തിന്റെയും സ്ഥലം
ജനോവ യിലെ വിശുദ്ധ കത്രീനയുടെ അഭിപ്രായത്തിൽ ഭൂമിയിലുള്ള ശുദ്ധീകരണസ്ഥലത്തെക്കാൾ ഭീകരവും സഹനങ്ങൾ നിറഞ്ഞതുമാണ് മരണശേഷമുള്ള ശുദ്ധീകരണ സ്ഥലം (Treatise on Purgatory). ദൈവത്തിനു വേണ്ടിയുള്ള വിശപ്പിനാൽ അവർ പീഡിപ്പിക്കകപ്പെടുന്നു. “ശുദ്ധീകരണസ്ഥലത്തിൽ അഗ്നിയാലുള്ള ശുദ്ധീകരണം നമ്മുടെ ഇപ്പോഴത്തെ ജീവിതത്തിലുള്ള സഹനങ്ങളെക്കാൾ വേദനാജനകമാണ്.” എന്നു വിശുദ്ധ ആഗസ്തിനോസ് പഠിപ്പിക്കുന്നു. അതേ സമയം ജനോവയിലെ വി.കത്രീന ഇതും പഠിപ്പിക്കുന്നു. “ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾ വലിയ ആനന്ദത്തോടെ വലിയ സഹനങ്ങളോടു ഐക്യപ്പെട്ടിരിക്കുന്നു…. സ്വർഗ്ഗത്തിലുള്ള വിശുദ്ധാത്മാക്കളുടെ സമാധാനം മാത്രമാണ് അതിനെക്കാൾ വലുതായുള്ളത്.” ഡോമിനിക്കൻ ദൈവശാസ്ത്രജ്ഞനായ ഫാ. റെജി നാൾഡ് ഗരിയാഗോ ലാഗ്റെയ്ഞ്ചിന്റെ അഭിപ്രായത്തിൽ ശുദ്ധീകരണ സ്ഥലത്തിലെ സഹന സന്തോഷങ്ങളുടെ വേലിയേറ്റ ഇറക്കങ്ങളിൽ ഒരു രഹസ്യമുണ്ട് സ്വർഗ്ഗത്തിലേക്കു നയിക്കുന്ന ക്ഷണികമായ സഹനങ്ങളാണവ.
ആത്മാക്കൾ ദൈവത്തെ കൂടുതൽ സ്നേഹിക്കുന്നതനുസരിച്ച് അവിടുത്തെ കാണാതെ അവർ കൂടുതൽ സഹിക്കുന്നു. കൂടുതൽ സഹിക്കുമ്പോൾ ദൈവത്തോടു അടുക്കാൻ കൂടുതൽ സന്തോഷവും സ്നേഹവും അവർക്കുണ്ടാകുന്നു.
2- ശുദ്ധീകരണത്തിന്റെയും കാരുണ്യത്തിന്റെയും സ്ഥലം.
രാജാവിന്റെ വിവാഹ വിരുന്നിനു വിവാഹ വസ്ത്രം ധരിക്കാതെ വന്ന മനുഷ്യനെ പുറത്തു അന്ധകാരത്തിലേക്കു വലിച്ചെറിയുന്നതിനെപ്പറ്റി വിവാഹവിരുന്നിന്റെ ഉപമയിൽ (മത്താ 22:1-14) നാം വായിക്കുന്നു ‘ സ്വർഗ്ഗരാജ്യത്തിലെ വിരുന്നിൽ പങ്കെടുക്കാൻ നമ്മൾ ധരിക്കേണ്ട വിവാഹ വസ്ത്രമാണ് പരിശുദ്ധി നിറഞ്ഞ ജീവിതം. വിവാഹ വസ്ത്രം ധരിച്ചതുകൊണ്ടു മാത്രമായില്ല അവ അഴുക്കു പുരണ്ടതു ആകരുത്. ” അശുദ്‌ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.” (വെളിപാട് 21:27).
പഴയ നിയമത്തിൽ യൂദാസ് മക്കേബൂസും കൂട്ടുകാരും മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ പാപങ്ങൾക്കു പരിഹാരമായി കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുന്നതായി കാണാം.
അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്‌ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്‌ത ഈ പ്രവൃത്തി ശ്രഷ്‌ഠവും ഉചിതവും തന്നെ.(2 മക്കബായര്‍ 12:43 ) മരണശേഷം ശുദ്ധീകരണത്തിനുള്ള സ്ഥലത്തെപ്പറ്റിയാണ് ഇവിടെ പരാമർശം.
പല സഭാപിതാക്കമാരുടെയും അഭിപ്രായത്തിൽ പൗലോസ് ശ്ലീഹാ ക്രിസ്തുവിൽ സ്വർണ്ണമോ വെള്ളിയോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ചു അടിസ്ഥാനമിടുന്നതിനെപ്പറ്റി പറയുമ്പോൾ ശുദ്ധീകരണസ്ഥലമാണ് പരാമർശ വിഷയം. “ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്‍െറ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്‌നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്‌നി തെളിയിക്കുകയും ചെയ്യും.ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്‌ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്‌നിയിലൂടെയെന്ന വണ്ണം അവന്‍ രക്‌ഷപ്രാപിക്കും(1 കോറിന്തോസ് 3:13, 15 ). ഭൂമിയിൽ വച്ചു തന്നെ ശുദ്ധീകരണം പൂർത്തിയാക്കി സ്വർഗ്ഗത്തിലേക്കു കടന്നു പോവുക അപൂർവ്വമായ ഒരു അവസ്ഥയാണ്.
വിശുദ്ധ അമ്മ ത്രേസ്യായുടെ അഭിപ്രായത്തിൽ അവൾക്കറിയാവുന്ന സന്യാസിനിമാരിൽ മൂന്നു വ്യക്തികൾ മാത്രമേ ഭൂമിയിൽ വച്ചു തന്നെ ശുദ്ധീകരണം അനുഭവിച്ചു കടന്നു പോയിട്ടുള്ളു.
3- ഒഴിവാക്കേണ്ട സ്ഥലം
മരണശേഷമുള്ള ശുദ്ധീകരണസ്ഥല വാസം ഒഴിവാക്കാൻ വിശുദ്ധന്മാർ നിരന്തരം ഉദ്ബോധിപ്പിക്കുന്നു. ഭുമിയിൽ വച്ചു തന്നെ ശുദ്ധീകരണ അവസ്ഥയിലൂടെ കടന്നു പോവുക . ശുദ്ധീകരണ സ്ഥലം ഒഴിവാക്കാൻ ഫാ: പോൾ ഒ സള്ളിവൻ നിർദേശിക്കുന്ന മാർഗ്ഗങ്ങൾ താഴെപ്പറയുന്നവയാണ്:
1) പാപങ്ങൾ ഉപേക്ഷിക്കുക
2) പ്രായശ്ചിതം അനുഷ്ഠിക്കുക
3) സഹനങ്ങൾ സ്വീകരിക്കുക
4) കമ്പസാരവും വിശുദ്ധ കുർബാന സ്വീകരണവും പതിവാക്കുക.
5) വിശ്വാസത്തോടും സ്ഥിരതയോടും കൂടെ പ്രാർത്ഥിക്കുക
6) മരണത്തിനായി പ്രാർത്ഥിച്ചൊരുക്കുക.
7) ദണ്ഡ വിമോചനം നേടുക.
ജീവിതകാലത്തു തന്നെ വിശുദ്ധി വരിക്കാനുള്ള മാർഗ്ഗങ്ങളാണിവ. ഭൂമിയിലെ ജീവിതകാലത്തു തന്നെ പരിശുദ്ധി നേടുക എന്നത് ആർക്കും സാധ്യമായ കാര്യമാണന്നു മറക്കാതിരിക്കുക