ഈശോയോടൊപ്പം സുപ്രഭാതം
സ്വർഗ്ഗീയ പിതാവേ, നിന്റെ തിരുക്കുമാരൻ പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ഈ പുണ്യദിനത്തിൽ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു. എന്റെ ഈശോയെ നിന്റെ ഉത്ഥാനം പുതു ജീവനും പുതു പ്രത്യാശയുമാണല്ലോ എനിക്കു നൽകുക, പാപത്തെയും പാപ സാഹചര്യങ്ങളെയും വെറുത്തുപേക്ഷിക്കുവാനും ഉയർത്തെഴുന്നേറ്റ അങ്ങയെ നോക്കി എന്റെ ജീവിതം ക്രമപ്പെടുത്തുവാനും എന്നെ സഹായിക്കണമേ. ഈശോയെ ഇന്നു നിത്യ പ്രകാശമായ അങ്ങിൽനിന്നു ഞാൻ സ്വീകരിച്ച പ്രകാശം അണഞ്ഞുപോകാൻ ഒരു നാളും അനുവദിക്കരുതേ. ഇന്നത്തെ സന്തോഷങ്ങളും സങ്കടങ്ങളും സഹനങ്ങളും പരിശുദ്ധ മാർപാപ്പയുടെ ഈ മാസത്തെ നിയോഗമായ സാമ്പത്തിക കാര്യങ്ങളിൽ ഉത്തരവാദിത്വം നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടവർക്കുവേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ
സ്വർഗ്ഗസ്ഥനായ പിതാവേ….
ഈശോയോടൊപ്പം മദ്ധ്യാഹ്നം
ഈസ്റ്ററിന്റെ മംഗളങ്ങൾ , ഉത്ഥിതനായ ക്രിസ്തു എല്ലാവർക്കും സന്തോഷവും സമാധാനവും കൊണ്ടു വരട്ടെ (ഫ്രാൻസീസ് പാപ്പ) ഈശോയെ നീ തരുന്ന സമാധാനവും സന്തോഷവും എന്നും നിലനിർത്താൻ എന്നെ പഠിപ്പിക്കണമേ.
ഈശോയോടൊപ്പം രാത്രി
“അവര്‍ ഭയപ്പെട്ടു മുഖം കുനിച്ചു. അപ്പോള്‍ അവര്‍ അവരോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നത് എന്തിന്? അവന് ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു. (ലൂക്കാ 24:5)ദൈവമേ, ഉത്ഥാനത്തിന്റെ ഈ ആദ്യ രാത്രിയിൽ നോമ്പുകാലത്തു അങ്ങു എനിക്കു ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു നന്ദി പറയുന്നു, വന്നു പോയ പാകപ്പിഴകൾക്കു മാപ്പു ചോദിക്കുന്നു. ആകാശത്തു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതു ഉത്ഥിതനായ ഈശോയെ ഈ രാത്രിയിൽ എന്നോടൊത്തു വസിക്കണമേ. ഈ ഉയിർപ്പു കാലത്തു എന്നെ അങ്ങയുടെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഉപകരണമാക്കണമേ. ആമ്മേൻ
നന്മ നിറഞ്ഞ മറിയമേ ….