
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനോടനുബന്ധിച്ച് 2016-ല്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം
പ്രിയ സഹോദരീ സഹോദരന്മാരെ,
കാലത്തിന്റെ സമ്പൂര്‍ണ്ണതയില്‍ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് പരിശുദ്ധ ത്രിത്വം നമ്മോടുള്ള സ്നേഹം വെളിവാക്കി. പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് ആളുകളും പരസ്പരം ആഴത്തില്‍ എത്രമാത്രം ഐക്യപ്പെട്ടിരിക്കുന്നുവോ, അത്രമാത്രം ശക്തമായ ഐക്യത്തിലേക്കാണ് ദൈവം നമ്മെയും വിളിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെ ഒരാള്‍ മറ്റൊരാളോടൊത്ത്, മറ്റൊരാള്‍ക്കുവേണ്ടി, മറ്റൊരാളിലാണ് ജീവിക്കുന്നത്. ഇതാണ് ദൈവത്തിന്റെ കൂട്ടായ്മ, ഇതാണ് സജീവനായി നമ്മില്‍ വസിക്കുന്ന ദൈവത്തിന്റെ സ്നേഹത്തിന്റെ രഹസ്യം.
പരിശുദ്ധ ത്രിത്വത്തെപ്പോലെ നാമും മറ്റുള്ളവരോടൊത്ത്, മറ്റുള്ളവര്‍ക്കുവേണ്ടി, മറ്റുള്ളവരില്‍ ജീവിക്കുമ്പോഴാണ് സ്നേഹത്തിന്റെ കരകവിഞ്ഞൊഴുകല് സംഭവിക്കുന്നത്. ക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വ കൂട്ടായ്മയില്‍ പങ്കു പറ്റികൊണ്ട് വേണം നയിക്കാന്‍. ഈശോ പഠിപ്പിച്ചവ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും നമ്മെ വഴി നടത്തുന്നതും പരിശുദ്ധ ആത്മാവാണ്. ഈശോ തന്റെ പരസ്യ ജീവിതം വഴി പിതാവിന്റെ സ്നേഹം നമുക്ക് കാണിച്ച് തരുകയും തന്റെ പീഡാസഹന ഉത്ഥാനരഹസ്യങ്ങള്‍ വഴി നമ്മെ അവിടുത്തോട് അനുരജ്ഞിപ്പിക്കുകയും ചെയ്തു.
ഉത്ഥാനത്തിനുശേഷം ശിഷ്യന്മാര്ക്കു പ്രത്യക്ഷപ്പെട്ടുകൊണ്ട് ഈശോ അരുളി ചെയ്തത് ”പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്നാനം നല്‍കുക” എന്നാണ്. അതുകൊണ്ട് ഈശോയിലൂടെ നാം തിരിച്ചറിഞ്ഞ പരിശുദ്ധ ത്രിത്വ സ്നേഹത്തെ പ്രേഷിത വഴികളിലൂടെ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കുവാന്‍ നമുക്കു കടമയുണ്ട്.പരസ്പരം സ്നേഹിച്ചും ഭാരങ്ങള്‍ വഹിച്ചും ക്ഷമിച്ചും സുഖദുഃഖങ്ങള്‍ പങ്കുവച്ചും നമുക്കും പരിശുദ്ധ ത്രിത്വ സ്നേഹ കൂട്ടായ്മയുടെ മാതൃകയില്‍ ജീവിക്കാം.നമ്മുടെ അസ്ഥിത്വത്തിന്റെ കാരണമായ പരിശുദ്ധ ത്രിത്വം തന്നെയാണ് നമ്മുടെ ജീവിതയാത്രയുടെ ലക്ഷ്യസ്ഥാനമെന്ന് എപ്പോഴും ഓര്‍ക്കേണ്ടതായിട്ടുണ്ട്.
പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹത്താല്‍ നിറഞ്ഞവളായ പരിശുദ്ധ കന്യാമറിയം നമ്മുടെ ജീവിത വഴിത്താരയില്‍ ദൈവസ്നേഹത്തില്‍ ആഴപ്പെടുവാനും അതില്‍ നിലനില്ക്കുവാനും എപ്പോഴും മാദ്ധ്യസ്ഥസഹായമായി നമ്മോടൊത്ത് ഉണ്ടാകും.
ഫാ. ടോണി കാട്ടാംപള്ളില്‍