ഇവിടെ ഫ്രാൻസിസ് പാപ്പാ അന്ത്യവിശ്രമം കൊള്ളുന്നു

കരുണയുടെ കാവലാളായിരുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് റോമിലെ മരിയ മജ്ജോറ ബസിലിക്കയില്‍ അന്തിമവിശ്രമം. 2022 ജൂണ്‍ 29ന് പാപ്പാ എഴുതിയ വിൽപ്പത്രമനുസരിച്ചാണ് മരിയ മജ്ജോറ ബസിലിക്കയില്‍ അദ്ദേഹത്തിന് കബറിടം ഒരുക്കിയത്.

റോമിലെ മരിയ മജ്ജോറ ബസിലിക്കയില്‍ തന്റെ സംസ്‌കാരം നടത്തുന്നതിനുവേണ്ടി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ നിന്ന് 2022 ജൂണ്‍ 29ന് എഴുതിയ വിൽപ്പത്രത്തിന്റെ പൂര്‍ണ രൂപം:

‘മിസെരാന്തോ ആത്‌ക്വേ എലിഗെന്തോ’ (കരുണയുള്ളതിനാലും അവനെ തിരഞ്ഞെടുത്തതിനാലും – ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക ശുശ്രൂഷയുടെ ആപ്തവാക്യം)

പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍, ആമേന്‍.

എന്റെ ഭൗമിക ജീവിതത്തിന്റെ അസ്തമയം അടുത്തുവരുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. അതിനാൽ, നിത്യജീവിതത്തില്‍ ഉറച്ച പ്രത്യാശയോടെ, എന്റെ സംസ്‌കാരം നടത്തേണ്ട ഇടത്തെക്കുറിച്ചുള്ള അന്ത്യാഭിലാഷം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ ജീവിതത്തിലുടനീളം, ഒരു പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിലുടനീളം, ഞാന്‍ എന്നും എന്നെ നമ്മുടെ കര്‍ത്താവിന്റെ അമ്മയായ പരിശുദ്ധ കന്യകമറിയത്തെ ഭരമേല്‍പ്പിച്ചിട്ടുള്ളതാണ്. ഇക്കാരണത്താല്‍, എന്റെ ഭൗതികാവശിഷ്ടം – പുനരുത്ഥാന ദിനത്തിനായി കാത്തിരിക്കുമ്പോള്‍ – മരിയ മജ്ജോറ പേപ്പല്‍ ബസിലിക്കയില്‍ അടക്കം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ ഓരോ അപ്പസ്‌തോലിക യാത്രയുടെയും ആരംഭത്തിലും അവസാനത്തിലും ഞാന്‍ പ്രാര്‍ഥിക്കാന്‍ പോകുമായിരുന്ന, എന്റെ നിയോഗങ്ങള്‍ അമലോദ്ഭവ മാതാവിനു സമര്‍പ്പിക്കുകയും അവളുടെ സൗമ്യവും മാതൃസഹജവുമായ സംരക്ഷണത്തിന് നന്ദി പറയുകയും ചെയ്തിരുന്ന ഈ പുരാതന മരിയന്‍ പുണ്യസങ്കേതത്തില്‍ തന്നെ എന്റെ ഭൗമിക യാത്ര അവസാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഇതിനോട് അനുബന്ധിച്ചുള്ള പ്ലാനില്‍ കാണിച്ചിരിക്കുന്നതുപോലെ, ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും (‘സാലുസ് പോപ്പുലി റൊമാനി’ എന്ന പരിശുദ്ധമാതാവിന്റെ തിരുച്ചിത്രം പ്രതിഷ്ഠിച്ചിട്ടുള്ള ചാപ്പല്‍) സ്‌ഫോര്‍സ ചാപ്പലിനും ഇടയിലുള്ള ഇടനാഴിയിലെ സ്മൃതിമണ്ഡലത്തില്‍ എന്റെ ശവകുടീരം ഒരുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

ശവകുടീരം നിലത്തായിരിക്കണം; പ്രത്യേകിച്ച് അലങ്കാരങ്ങളൊന്നുമില്ലാതെ, ലളിതമായി ‘ഫ്രാന്‍സിസ്‌കുസ്’ (Franciscus) എന്നു മാത്രം അതില്‍ എഴുതിയിരിക്കണം.

മൃതസംസ്‌കാരത്തിനുള്ള ചെലവ് ഒരു ഉപകാരി വഹിക്കുന്നതാണ്. അതിനുള്ള തുക സെന്റ് മേരി മേജര്‍ പേപ്പല്‍ ബസിലിക്കയിലേക്ക് നൽകാനുള്ള ക്രമീകരണം ഞാന്‍ ചെയ്തിട്ടുണ്ട്. ബസിലിക്കയുടെ എക്‌സ്ട്രാഓര്‍ഡിനറി കമ്മീഷണറായ കര്‍ദിനാള്‍ റോളാന്‍ഡാസ് മക്രിക്കാസിന് ഇതു സംബന്ധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്.

എന്നെ സ്‌നേഹിച്ചവര്‍ക്കും എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്കും കര്‍ത്താവ് ഉചിതമായ പ്രതിഫലം നല്‍കട്ടെ. എന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ ഞാന്‍ കടന്നുപോകുന്ന പീഡകള്‍, ലോകസമാധാനത്തിനും ജനങ്ങള്‍ക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാന്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്നു.

സാന്താ മാർത്ത

2022, ജൂൺ 29 

ഫ്രാൻസിസ്

………………………………………………………………………………………………………………

സാന്താ മരിയ മജോരെ ബസിലിക്ക

റോമിൽ നാല് പ്രധാന ‘പേപ്പൽ ബസിലിക്കകൾ’ ആണ് ഉള്ളത്: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ്, മരിയ മജോറ, സെന്റ് ജോൺ ലാറ്ററൻ, സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസ്. ഇതിൽ മരിയ മജോറ പരിശുദ്ധ പിതാവിന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു.

റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് സാന്താ മരിയ മജോരെ അഥവാ മേരി മേജർ ബസിലിക്ക. എ.ഡി. 352-ൽ പോപ്പ് ലിബേരിയൂസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. പാരമ്പര്യമനുസരിച്ച്, റോമിലുള്ള പ്രഭുകുടുബാംഗമായ ജോണിനും ഭാര്യയ്ക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തരാവകാശിയെ നിയോഗിച്ചുതരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം 5-ന് രാത്രി പരിശുദ്ധ മാതാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ബഹുമാനത്തിനായി റോമിലെ എസ്ക്വിലിൻ കുന്നിൽ ഒരു ദൈവാലയം പണിയാനാവശ്യപ്പെട്ടു. പള്ളിപണിയേണ്ട യഥാർഥസ്ഥലം മഞ്ഞുപെയ്യിച്ച് കാണിച്ചുതരാമെന്ന് പരിശുദ്ധ കന്യാമറിയം വാഗ്ദാനം ചെയ്തു.

ഒരു വേനൽരാത്രി എസ്ക്വിലിൻ കുന്നിൽ ബസിലിക്കാ പണിയേണ്ട സ്ഥലത്ത് അത്ഭുതകരമായി മഞ്ഞുപെയ്തു. ലിബേരിയൂസ് മാർപാപ്പയ്ക്കും ആ രാത്രി മാതാവിന്റെ സ്വപ്നദർശനം ഉണ്ടാവുകയും അത്ഭുതകരമായി മഞ്ഞുപെയ്തത്‌ കാണാൻ ആവശ്യപ്പെടുകയും ചെയ്തു. ആഗസ്റ്റ് മാസത്തിലെ അസാധരണമായ മഞ്ഞുവീഴ്ച കാണാൻ ധാരാളം ജനങ്ങൾ വന്നുചേർന്നു. ലിബേരിയൂസ് പാപ്പയും ജോണും ഭാര്യയും അത്ഭുതമഞ്ഞ് കാണാൻ നേരത്തെ എത്തിയിരുന്നു. മഞ്ഞുപെയ്ത സ്ഥലത്ത് പള്ളിപണി ആരംഭിച്ചു. രണ്ടുവർഷത്തിനുള്ളിൽ ദൈവാലയനിർമ്മിതി പൂർത്തിയാക്കി ലിബേരിയൂസ് മാർപാപ്പ തന്നെ ദൈവാലയം കൂദാശ ചെയ്തു. ഈ ദൈവാലയനിർമ്മതിക്ക് ലിബേരിയൂസ് പാപ്പ നേതൃത്വം നൽകിയതിനാൽ ലൈബീരിയൻ ബസിലിക്ക എന്നും മേരി മേജർ ബസിലിക്ക എന്നും അറിയപ്പെടുന്നു.

എ.ഡി. 431-ലെ എഫേസൂസ് കൗൺസിൽ പരിശുദ്ധ കന്യാകാമറിയത്തെ ദൈവമാതാവായി (Theotokos) പ്രഖ്യാപിച്ചപ്പോൾ സിക്റ്റൂ്സ് മൂന്നാമൻ പാപ്പ (432-440) ബസിലിക്കാ നവീകരിക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തു.

ഏഴാം നൂറ്റാണ്ടു മുതൽ ഈ ബസിലിക്കാ സെന്റ് മേരി മേജർ ബസിലിക്ക എന്നറിയപ്പെടുന്നു. അത്ഭുതകരമായ മഞ്ഞുപെയ്ത്തിൽ നിന്ന് ഉദയം ചെയ്തതിനാൽ മഞ്ഞുമാതാവിന്റെ പള്ളി എന്നും അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ മുഖവാരം പണികഴിപ്പിച്ചത് എവുഗിൻ മൂന്നാമൻ പാപ്പായാണ് (Pope Eugene III, 1145-1153).

വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലൂസ് പോപ്പുലി റോമാനി (the Protectress of the People of Rome) ‘റോമിലെ ജനങ്ങളുടെ സംരക്ഷക’ എന്ന മരിയൻചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പയുടെ കാലത്ത് (Pope St Gregory the Great, 590-604) റോമിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാപട്ടണം പ്ലേഗിൽ നിന്ന് പൂർണ്ണമായി മുക്തമാവുകയും ചെയ്തു. 1837-ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ (Pope Gregory XVI (1830-1846), റോമിൽ കോളറ പടർന്നുപിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നുതന്നെ റോമാനഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷനേടി.

ആഗസ്റ്റ് മാസത്തിലെ അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ ഓർമ്മ പുതുക്കി എല്ലാവർഷവും ആഗസ്റ്റ് അഞ്ചാം തീയതി മേരി മേജർ ബസിലിക്കയുടെ സമർപ്പണത്തിരുനാൾ ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്നു.

ഫ്രാന്‍സിസ് പാപ്പാ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നതിനാല്‍, ഈ ബസിലിക്കയിലേയ്ക്ക് ഇനി തീര്‍ഥാടകരുടെ പ്രവാഹമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.