
ലോകനേതാക്കളിലും മതനേതാക്കളിലും വച്ച് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവ് ഫ്രാൻസിസ് മാർപാപ്പയായിരുന്നു. മതത്തിനും രാജ്യത്തിനും അതീതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും. എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത മാർപാപ്പയായിരുന്നു അദ്ദേഹം.
വിന്‍/ഗാലപ്പ് ഇന്റര്‍നാഷണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലായിരുന്നു മറ്റേതു ലോക നേതാവിനേക്കാളും ജനപ്രിയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കണ്ടെത്തിയത്. റോമന്‍ കത്തോലിക്കര്‍ക്കും ജൂതന്മാര്‍ക്കും ഇടയില്‍ ആണ് മാര്‍പ്പാപ്പയെക്കുറിച്ച് ഏറ്റവും അനുകൂലമായ അഭിപ്രായമുണ്ടായത്. എന്നാല്‍ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോകത്തെ പകുതിയിലധികം പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും ഭൂരിപക്ഷം നിരീശ്വരവാദികളും അജ്ഞേയവാദികള്‍ പോലും അദ്ദേഹത്തെ അനുകൂലിക്കുന്നു എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം.
64 രാജ്യങ്ങളിലായി 1000ത്തോളം പേരില്‍ വോട്ടെടുപ്പ് നടത്തി. റോമന്‍ കത്തോലിക്കരുടെ മാത്രം മനസ്സിലും ഹൃദയത്തിലുമല്ല, മറ്റ് മതസ്ഥരുടെയും നിരീശവരവാദികളുടെയും ഉള്ളില്‍ പോലും പോപ്പിന് പ്രത്യേക സ്ഥാനം ഉണ്ട്.
‘നിങ്ങളുടെ സ്വന്തം മതത്തെ ബഹുമാനിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കുറിച്ച് അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായം എന്താണ് എന്നായിരുന്നു ചോദ്യം.’ റോമന്‍ കാത്തോലിക്കരുടെ ഇടയില്‍ 85ശതമാനം പേരും ജൂതന്മാര്‍ക്കിടയില്‍ 65ശതമാനം പേരുമായിരുന്നു അദ്ദേഹത്തിന് അനുകൂലമായി വോട്ട് ചെയ്തത്. പോള്‍ ചെയ്ത 64 രാജ്യങ്ങളില്‍, പോര്‍ച്ചുഗലിലും ഫിലിപ്പീന്‍സില്‍നിന്നുമായിരുന്നു ഏറ്റവും ഭാവാത്മകമായ അഭിപ്രായപ്രകടനം ഉണ്ടായത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും കുറഞ്ഞ റേറ്റിംഗ് ഉണ്ടായത് ടുണീഷ്യ, തുര്‍ക്കി, അള്‍ജീരിയ എന്നിവിടങ്ങളിലാണ്. അതേസമയം അസര്‍ബൈജാനില്‍ ഉള്ളവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന അഭിപ്രായം ആയിരുന്നു.
ലോകരാഷ്ട്രീയ നേതാക്കളുടെ ആഗോള ജനപ്രീതിയെ കുറിച്ച് താരതമ്യപ്പെടുത്തിയപ്പോള്‍ അതിലും മാര്‍പ്പാപ്പയാണ് തലവന്‍ എന്ന് വിന്‍/ഗാലപ്പ് പറയുന്നു.
‘ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വന്തം മതത്തിന് അതീതനായ ഒരു നേതാവാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം പൗരന്മാര്‍ക്കും, വിവിധ മതപരമായ ബന്ധങ്ങളിലും, പ്രദേശങ്ങളിലുമായി, മാര്‍പ്പാപ്പയെക്കുറിച്ച് അനുകൂലമായ പ്രതിച്ഛായയുണ്ടെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു’ എന്നാണ് ഈ അഭിപ്രായ സര്‍വ്വെ നടത്തിക്കൊണ്ട് വിന്‍/ഗാലപ്പ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജീന്‍ മാര്‍ക് ലെഗര്‍ അഭിപ്രായപ്പെട്ടത്. 2016 – ലായിരുന്നു ഈ അഭിപ്രായ സർവേ നടന്നത്.

ആതിര ശിശുപാലൻ