മറ്റുമുള്ളവർക്കായി ജീവിച്ച ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്

അനേകായിരങ്ങളുടെ ജീവിതത്തെ ഭാവാത്മകമായി സ്വാധീനിച്ച മഹത് വ്യക്തിത്വമായിരുന്നു ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്- ന്റേത്‌. അവനവനു വേണ്ടിയല്ലാതെ,  അപരർക്കുവേണ്ടി ജീവിക്കുമ്പോൾ സംഭവിക്കുന്ന ഭൂമിയിലെ അത്ഭുതമാണ് കരിന്തോളിലച്ചന്റെ ജീവിതത്തിൽ കാണാൻ സാധിക്കുന്നത്. തുടർന്നു വായിക്കുക.

അദ്ദേഹത്തിന്റെ മരണംവഴി ദിവ്യകാരുണ്യ മിഷനറി സമൂഹത്തിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും കേരള കത്തോലിക്കാ സഭയ്ക്കും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ആ നഷ്ടത്തിന്റെ ആഴം വെളിവാക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെക്കുറിച്ചു വരുന്ന കുറിപ്പുകൾ. ഇവയിൽ കരിന്തോളിലച്ചൻ നൽകിയ ആത്മീയവും ഭൗതികവുമായ സഹായങ്ങൾ, വ്യക്തിപരമായ ബന്ധം, വേർപാടിന്റെ വേദന ഇവയൊക്കെ നിറഞ്ഞുനില്കുന്നു. അത്തരം ചില കുറിപ്പുകളിലൂടെ ഒന്ന് കടന്നു പോകാം.

വിൻസൻഷ്യൻ സഭയുടെ കോട്ടയം പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. മാത്യു കക്കാട്ടുപിള്ളിയെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനിച്ച ഒരാളാണ് ഫാ. ജോർജ് കരിന്തോളിൽ. കരിന്തോളിലച്ചന്റെ വേർപാടിൽ മാത്യു അച്ചൻ ഇങ്ങനെ എഴുതുന്നു.

ഫാ. മാത്യു കക്കാട്ടുപിള്ളിൽ V.C.

“പ്രിയപ്പെട്ട ജോർജ് കരിന്തോളിലച്ചാ, അങ്ങയോട് പറഞ്ഞറിയിക്കാനാവാത്തവിധം കടപ്പാടുള്ളവനാണ് ഞാൻ. പരിശുദ്ധമായ ‘സന്നിധാന’ ആശ്രമത്തിന്റെ ഉൾത്തളങ്ങളിൽ വച്ച് ഞാൻ അങ്ങയെ കണ്ടില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആത്മീയ നിധികൾ എനിക്ക് നഷ്ടമാകുമായിരുന്നു. അന്നുമുതൽ ഇന്നോളം അങ്ങെന്നെ, അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളായി, സ്വന്തമായി കരുതി. പ്രിയ പിതാവേ, അങ്ങയുടെ പ്രാർഥനയിൽ എന്നെയും ചേർക്കേണമേ.”

കരിന്തോളിലച്ചന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന വാക്കുകളാണ് ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ ജനറൽ കൗൺസിലറായ ഫാ. ജോസഫ് പാണ്ടിയപ്പള്ളിയച്ചൻ കുറിക്കുന്നത്.

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ mcbs

“ആദരണീയനായ കരിന്തോളിലച്ചൻ യാത്രയായി. ലളിതമായ വസ്ത്രധാരണം, ലളിതമായ ജീവിതം, ലളിതമായ ഭാഷണം, ലളിതമായ ഭക്ഷണം, ധാരാളം ഉപവാസവും പ്രാർഥനയും. തലക്കനമില്ലാത്ത പെരുമാറ്റം. വിശ്വാസസമൂഹത്തിന് മാർഗദർശിയാകാനാണ് തന്റെ നിയോഗവും വിളിയുമെന്നു വിശ്വസിച്ചു ജീവിക്കയും പ്രവർത്തിക്കയും ചെയ്ത വ്യക്തിത്വം. ഏറെപ്പേരെ ആല്മീയ വഴിയിലേക്ക് നയിച്ച മാർഗദർശി. ഏതു ഉത്തരവാദിത്വവും ദൈവഹിതമെന്നു കരുതിയ ദൈവാസ്രയി. ആരോടും പരിഭവം പ്രകടിപ്പിക്കാത്ത കർമയോഗി. പ്രണാമം!”

ഇസ്രായേലിൽ ജോലി ചെയ്യുന്ന ജിസ്മോൾ അജേഷിന്റെ വാക്കുകളിൽ കരിന്തോളിലച്ചന്റെ നന്മയുടെയും ഹൃദയ വിശാലതയുടെയും ചിത്രം തെളിഞ്ഞു നിൽക്കുന്നു. വ്യക്തിപരമായി തന്നെ സഹായിക്കുകയും കരുത്തു പകരുകയും ചെയ്ത കാര്യങ്ങളെയും ജിസ്മോൾ ഓർമ്മിക്കുന്നുണ്ട്.

“എനിക്ക് ഓർമവെക്കുന്ന കാലങ്ങൾക്ക് മുന്നേ എന്നേ അറിയുന്ന, പപ്പയുടെ മരണത്തിന് ശേഷം എന്റെ വളർച്ചയിലൊക്കെയും, ഇന്നോളം വരെയും പ്രാർഥനയോടെ കാവലായി കൂടെ ഉണ്ടായിരുന്ന സ്നേഹം.ആ ളോഹയുടെ പോക്കറ്റിൽ നിന്നു തന്ന പണത്തിന്റെ വിലയും, കരുതലും അറിഞ്ഞവളാണ് ഞാൻ. ശകാരിക്കേണ്ട അവസരങ്ങളിൽ പോലും “എന്റെ മോളെ ഞാൻ അല്ലാതെ ആര് മനസിലാക്കാനാണ്” എന്ന് പറഞ്ഞ് ചേർത്തു പിടിച്ചിരുന്ന സ്നേഹം. വയ്യാതിരുന്നകാലത്തും ഒരിക്കൽ എന്നെ എയർപോർട്ടിൽ യാത്രയാക്കാൻ വന്ന ഓർമ്മകൾ ഒക്കെയും എന്റെ ഹൃദയത്തെ ഏറെ വേദനിപ്പിക്കുന്നു.”

നിഷ്കളങ്ക പുഞ്ചിരിയുടെ മായാത്ത മുദ്ര ആ മുഖത്ത് ഉണ്ടായിരുന്നതും ജിസ്മോൾ മറന്നിട്ടില്ല.

ജിസ്മോൾ അജേഷ്

“ഒരിക്കൽ പോലും ആ മുഖത്തെ ചിരി മാഞ്ഞ് ഞാൻ കണ്ടിട്ടില്ല. സഹായം ചോദിച്ചു വരുന്നവരെ ഒരിക്കലും നിരാശരാക്കി മടക്കി വിടുന്നത് കണ്ടിട്ടില്ല, അക്ഷയപാത്രം പോലെ ആയിരുന്നു അച്ചന്റെ ളോഹയുടെ പോക്കറ്റ്. ഒരു വശത്ത് നിന്ന് കിട്ടുകയാണെങ്കിൽ മറുവശത്തു അത് അർഹതപ്പെട്ടവർക്ക് കൊടുക്കാൻ കാണിക്കുന്ന വലിയ മനസിനുടമ. വയ്യാതിരിക്കുമ്പോൾ പോലും കാണാൻ വരുന്ന ആളുകളെ കേൾക്കുക എന്നതാണ് എന്റെ ആശ്വാസം എന്ന് പറയുന്ന ഈശോയുടെ പ്രതിപുരുഷൻ.”

ഫാ. റോയി പുലിയുറുമ്പിൽ mcbs

ബാംഗ്ലൂർ ജീവാലയ ഫിലോസോഫി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീൻ ഓഫ് സ്റ്റഡീസ് ഫാ. റോയി പുലിയുറുമ്പിൽ എഴുതുന്നത്, “ദിവ്യകാരുണ്യ ധ്യാനത്തിലൂടെ, സ്പിരിറ്റുവൽ ഷെയറിങ്ങിലൂടെ, ഡെലിവറൻസ്‌ മിനിസ്ട്രിയിലൂടെ കേരള സഭയെ ഉണർത്തിയ പ്രിയപ്പെട്ട ജോർജ് കരിന്തോളിൽ അച്ചന് പ്രണാമം” എന്നാണ്. ധ്യാനങ്ങളിലൂടെ അച്ചൻ പകർന്ന ആത്മീയത അത്ര വലുതായിരുന്നു. അച്ചന്റെ ധ്യാനം കൂടിയവർക്ക് പുതുജീവിതം ലഭിച്ച അനുഭവമായിരുന്നു .

തന്റെ വ്യക്തിപരമായ അനുഭവത്തിലൂടെ കരിന്തോളിലച്ചന്റെ ആത്മീയതയെ അവതരിപ്പിക്കുകയാണ് ബിനു ഡൊമനിക്. കരിന്തോളിലച്ചൻ സ്നേഹവും നന്മയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

“തന്റെ ജീവിതം എല്ലാവർക്കും സന്തോഷത്തിനും സമാധാനത്തിനും കാരണമാകണമെന്ന് നിറഞ്ഞ മനസ്സോടെ ആഗ്രഹിച്ച, പ്രാർഥിച്ച പുരോഹിതൻ. അൾത്താരയിൽ അനേകരുടെ പ്രാർഥനകളെ ചേർത്ത് ദൈവ കൃപ അവരിലേക്ക് ഒഴുക്കിയ താപസശ്രേഷ്ഠൻ. വിശുദ്ധ കുർബാന എന്തെന്ന് പഠിപ്പിച്ച ഗുരു. ദൈവസ്നേഹം മറ്റുള്ളവരിലേക്ക് എങ്ങനെ പകരാമെന്ന് കാണിച്ചു തന്ന പുരോഹിത ജീവിതം. ദൈവസ്നേഹം മനുഷ്യ സ്നേഹത്തിലൂടെയാണ് പ്രഘോഷിക്കേണ്ടതെന്ന് ലോകത്തിനു കാണിച്ചുതന്ന താപസൻ. അനേകർ സ്നേഹിച്ച വ്യക്തിജീവിതം.

ബിനു ഡൊമനിക്

ധാർമ്മിക മൂല്യങ്ങളുടെ പ്രഘോഷകൻ. അറ്റുപോയ ജീവിതങ്ങൾക്ക് പ്രാർഥന കൊണ്ടും പിന്തുണ കൊണ്ടും പ്രത്യാശ പകർന്ന മനുഷ്യസ്നേഹി. തിരുവചനം മുഴുവൻ മനസ്സിൽ ഗാഢമായി പതിപ്പിച്ച പണ്ഡിതശ്രേഷ്ഠൻ. എല്ലാ മനുഷ്യരോടും വിശുദ്ധ ബലിയും തിരുവചന പഠനവും ജീവിത വഴിയാക്കണമെന്ന് പ്രഘോഷിച്ച ദൈവസ്നേഹി. ദിവ്യകാരുണ്യ മിഷനറി സഭയുടെ ജനറാൾ ആയിരുന്നപ്പോഴും ലാളിത്യം കൈമുതലാക്കിയ ശ്രേഷ്ഠാചാര്യൻ. കരിന്തോളിലച്ചൻ സ്നേഹമായിരുന്നു. നന്മയായിരുന്നു. ദൈവത്തെ അടുത്തറിഞ്ഞ മനുഷ്യനായിരുന്നു. വേദനിക്കുന്ന ജീവിതങ്ങളെ ദൈവത്തോട് ചേർത്തുവെച്ച ദൈവനിധിയുടെ കാവൽക്കാരനായിരുന്നു.”

തന്നെ സങ്കീർത്തനങ്ങൾ ചൊല്ലി പ്രാർഥിക്കാൻ പഠിപ്പിച്ചത് അച്ചനായിരുന്നുവെന്നും ബിനു ഡൊമനിക് ഓർമ്മിക്കുന്നു. “വ്യക്തിപരമായി എല്ലാ ദിവസവും 23, 34, 91 സങ്കീർത്തനങ്ങൾ വായിക്കണമെന്ന് എന്നെ പഠിപ്പിക്കുകയും അത് ജീവിതചര്യയാക്കി മാറ്റുവാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തത് അച്ചനായിരുന്നു. പ്രിയപ്പെട്ട കരിന്തോളിലച്ചൻ ജീവിതത്തിന്റെ എല്ലാ വിഷമസമയങ്ങളിലും എനിക്കും കുടുംബത്തിനും വലിയ കരുതലും കാവലും സ്നേഹമായിരുന്നു. മൺമറഞ്ഞാലും മറക്കാത്ത സ്നേഹം നൽകിയാണ് അങ്ങ് കടന്നു പോകുന്നത്.”

ഇപ്പോൾ വിയെന്നായിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഫാ. വിൽസൺ മേച്ചേരിൽ എഴുതുന്നത്, തന്റെ വിഷമഘട്ടങ്ങളിൽ ആശ്വാസതീരമായിരുന്നു കരിന്തോളിലച്ചൻ എന്നാണ്.

ഫാ. വിൽസൺ മേച്ചേരിൽ mcbs

“അച്ചൻ പോയി എന്ന വാർത്ത മനസ്സിൽ ഒരു വിങ്ങലായി നിറയുമ്പോഴും അച്ചനെന്ന പുണ്യത്തെ അടുത്തറിയാനും അച്ചന്റെ സ്നേഹവാത്സല്യങ്ങളും അനുഗ്രഹങ്ങളും സ്വീകരിക്കാനും സാധിച്ചതിനെയോർത്തു നന്ദിയോടെ കൈകൾ കൂപ്പുന്നു. 1995- ൽ വൈദിക പഠനം ആരംഭിക്കുമ്പോൾ എന്റെ ആത്മീയഗുരുവായി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിതീർന്ന കരിന്തോളിൽ അച്ചൻ, വിശുദ്ധ ജീവിതമെന്താണ് എന്ന് ഞങ്ങളെ ജീവിച്ചു കാണിക്കുകയായിരുന്നു. അതിശയോക്തി തെല്ലുമില്ലാതെ പറയട്ടെ, ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ അച്ചന്റെ അനുഗ്രഹവും ഉപദേശങ്ങളും സാന്ത്വനവും തേടി അച്ചനെവിടെയെല്ലാമുണ്ടോ അവിടെയെല്ലാം – അതിരംപുഴയിലും കടുവാക്കുളത്തും കാലടിയിലെ എം.സി.ബി.എസ് പരംപ്രസാദ പ്രൊവിൻഷ്യൽ ഹൌസിലും ഒഴുകിയെത്തിയിരുന്നു. വന്നവരെല്ലാം അനുഗ്രഹീതരായി മടങ്ങി. അനേകർക്ക്‌ ജീവിതത്തിന്റെ വിഷമഘട്ടങ്ങളിൽ ആശ്വാസതീരമായിരുന്നു അച്ചൻ. ആ അനേകരിൽ ഞാനുമുണ്ട്.”

ആത്മീയ വഞ്ചിയിലെ തുഴക്കാരനായി വന്ന് ഹൃദയം കവർന്ന ഗുരുവായാണ് എഴുത്തുകാരനും ഗാനരചയിതാവുമായ ഫാ. മിക്കാസ് കൂട്ടുങ്കൽ കരിന്തോളിലച്ചനെ ഓർമ്മിക്കുന്നത്.

ഫാ. മിക്കാസ് കൂട്ടുങ്കൽ mcbs

“ഞാൻ പോലുമറിയാതെ എന്നിലെ കുറെയേറെ നല്ല മനോഭാവങ്ങളുടെയും ജീവിത രീതികളുടെയും ഭാഗമായ് മാറിയ വൈദികശ്രേഷ്ഠൻ. എന്റെയും സഹപാഠികളുടെയും പതിനഞ്ചിന്റെയും പതിനാറിന്റെയുമൊക്കെ കൗമാരത്തിൽ ഞങ്ങളുടെ ആത്മീയ വഞ്ചിയിലെ തുഴക്കാരനായി വന്ന് ഞങ്ങളുടെ ഹൃദയം ഞങ്ങളറിയാതെ കവർന്നത് ഈ ഗുരുവായിരുന്നു. പൂർവാശ്രമത്തിന്റെ കുഞ്ഞു വ്യഥകളിലൂടെയും ആശ്രമ ജീവിതത്തിന്റെ ആത്മീയ ശ്രേണിയുടെ മേൽപ്പടികളിലൂടെയും ഒരേ പോലെ 1993 മുതൽ 1996 വരെയുള്ള നാളുകളിലെ ആത്മീയ കൂടിക്കാഴ്ചകൾ എന്നെ കൂട്ടിക്കൊണ്ടുപോയി. ആ കൗമാരകാലത്ത് ആ മനസ്സിൽ നിന്നു കട്ടെടുത്ത സ്വഭാവങ്ങളേറെയുണ്ട്  ഇവിടെ ഇന്നും ബാക്കിയായി.”

എഴുത്തുകാരനും ഗാനരചയിതാവുമായ ഫാ. ജോയി ചെഞ്ചേരിൽ എം.സി.ബി.എസ് കരിന്തോളിലച്ചനെകുറിച്ചെഴുതിയ  ‘വചനാർച്ചിതം’ എന്ന കവിത സുന്ദരമാണ്.

ഫാ. ജോയി ചെഞ്ചേരിൽ mcbs
ഫാ. ജോയി ചെഞ്ചേരിൽ mcbs

വചനാർപ്പണം ചെയ്ത ജീവിതം ലളിതം!
പ്രശാന്തം! പ്രസാദപൂർണം!
കരുണ കൊണ്ടെഴുതി കരിന്തോളിലച്ചൻ
കാലം മറക്കാത്ത സ്നേഹഗാഥ!

ദിവ്യകാരുണ്യത്തിൻ സന്ന്യാസചൈതന്യം
സ്വാർഥം മറന്നുപാലിച്ചുപോന്നു!

കുർബാന ദൂതുമായി ഓടിനടന്നച്ചൻ
അൾത്താര നൽകും ബലം പകർന്നു!

ആർക്കുമെപ്പോഴുമാ പക്കലെത്താം
ആരോടുമില്ല പരിഭവം തെല്ലും
വലുപ്പചെറുപ്പങ്ങളൊന്നുമേ നോക്കാതെ
വാരിക്കൊടുത്തു തൻ സ്നേഹമൊക്കെ!

പുഞ്ചിരിച്ചെപ്പോഴും പ്രോത്സാഹനം തന്നു
പ്രാർഥിച്ചു വചനസന്ദേശമേകി!

എന്തു സഹായവും ഏവർക്കും നൽകി
ആശ്വാസദൂതുമായി ആതങ്കമാറ്റി
മായില്ല മറയില്ല നിന്റെ മുഖം ഗുരോ
മാതൃക ഓരോന്നും ഓർത്തിടാം നന്ദിയാൽ

പരമപ്രസാദം പൊഴിക്ക നാഥാ
നിന്റെ പ്രേഷ്ഠശിഷ്യൻ ഞങ്ങടെ സോദരന്..!

ഇതുപോലെ അനേകരാണ് ബഹുമാനപ്പെട്ട ജോർജ് കരിന്തോളിലച്ചനെകുറിച്ച് എഴുതിയിരിക്കുന്നത്. അതിലും എത്രയോ അധികം ആളുകളുടെ ഈ ദിനങ്ങളിലെ സംഭാഷങ്ങളിൽ അച്ചൻ നിറഞ്ഞു നിൽക്കുന്നു. അവനവനു വേണ്ടിയല്ലാതെ,  അപരർക്കു വേണ്ടി ജീവിക്കുമ്പോൾ സംഭവിക്കുന്ന ഭൂമിയിലെ അത്ഭുതമാണ് കരിന്തോളിലച്ചന്റെ ജീവിതത്തിൽ കാണാൻ സാധിക്കുന്നത്. കരുണയാൽ ഹൃദയം നിറച്ച്, കാണുന്നവരിലേയ്‌ക്കെല്ലാം അത് ആവോളം പകർന്നു നൽകിയ, ഒരു വിശുദ്ധനായ വൈദികൻ.

ജി. കടൂപ്പാറയിൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.