യുദ്ധം മൂലം കുടിയേറ്റം രൂക്ഷമാകുന്ന കോംഗോയിൽ നിന്നും ഉയരുന്ന നിലവിളികൾ

ഫെബ്രുവരി അവസാനത്തിലെ ഒരു വെള്ളിയാഴ്ച രാത്രി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെയും ബുറുണ്ടിയെയും വേർതിരിക്കുന്ന, വേഗത്തിൽ ഒഴുകുന്ന റുസിസി നദി. അന്ന് ആ നദിയ്ക്ക് കുറുകെ കുറച്ചുപേർ കടന്നുപോയി.

“എനിക്ക് ഭയമായിരുന്നു”- 23 കാരിയായ അതോഷ ഏകദേശം 130 മീറ്റർ നീളുന്ന നദിയിലൂടെയുള്ള യാത്രയെക്കുറിച്ചും അങ്ങനെയൊരു യാത്ര നടത്താനിടയായ സാഹചര്യത്തെക്കുറിച്ചും പറഞ്ഞു തുടങ്ങി. ബുറുണ്ടിയിലേയ്ക്ക് പോകണമെങ്കിൽ നദി കടക്കണം. അത് എളുപ്പമല്ല. അതിനായി അവിടെ കടത്തുകാരുണ്ട്. അവർ പണം നൽകിയാലേ അക്കരെയെത്തിക്കൂ.

അങ്ങനെ താൻ പണം നൽകിയ ഒരു ചെറുപ്പക്കാരനോടൊപ്പം ഒരു താൽക്കാലിക ചങ്ങാടത്തിൽ പറ്റിപ്പിടിച്ച് അവൾ അക്കരെയെത്തി. “ആ നദി മുറിച്ചുകടക്കുന്നത് ഞാൻ ആദ്യമായിട്ടായിരുന്നു, എനിക്ക് മറ്റ് മാർഗമില്ലായിരുന്നു.”

എന്നാൽ, നദീതീരത്ത് എത്തിയപ്പോഴുള്ള ആശ്വാസം പെട്ടെന്ന് വേദനയായി മാറി. തനിക്കു മുൻപേ അവൾ ആദ്യം അയച്ചത് തന്റെ 10 ഉം 14 ഉം വയസ്സുള്ള ഇളയ സഹോദരിമാരെയായിരുന്നു. അവരെയും പ്രതീക്ഷിച്ചായിരുന്നു അതോഷ അക്കരെയെത്തിയത്. എന്നാൽ അവർ അവിടെയുണ്ടായിരുന്നില്ല. നദിയിലെ ഒഴുക്കിൽപ്പെട്ട് അവർ രണ്ടുപേരും ഒഴുകിപ്പോയതായി അവൾ മനസ്സിലാക്കി.

“ഞാൻ അവിടെ നിന്നുകൊണ്ട് കരയാൻ തുടങ്ങി,” അതിർത്തിയിൽ നിന്ന് ഏതാനും മൈലുകൾ അകലെയുള്ള സിബിറ്റോക്ക് പ്രവിശ്യയിലെ ഒരു സ്റ്റേഡിയത്തിൽ അഭയം തേടുന്ന പതിനായിരക്കണക്കിന് കോംഗോ അഭയാർഥികളിൽ ഒരാളായ അതോഷ പറഞ്ഞു.

1994-ലെ റുവാണ്ടയിലെ വംശഹത്യയുടെ ഫലമായി കോംഗോയിലേക്ക് ഒഴുകിയെത്തിയതും വിശാലമായ ധാതുസമ്പത്തിന്റെ നിയന്ത്രണത്തിനായുള്ള പോരാട്ടവും മൂലമുണ്ടായ ദീർഘകാല സംഘർഷത്തിന്റെ തീവ്രതയിൽ, റുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമത സംഘം ജനുവരി മുതൽ കിഴക്കൻ ഡി ആർ സി യിൽ അക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഘർഷത്തിൽ നിന്ന് ബുറുണ്ടിയിലേക്ക് കടക്കാൻ ജീവൻ പണയപ്പെടുത്തിയ ആളുകൾ ഇപ്പോൾ പലയിടങ്ങളിലേക്കും പലായനം ചെയ്യുകയാണ്.

ഫെബ്രുവരി 14 ന്, ബുക്കാവു നഗരത്തിൽ നിന്ന് പിൻവാങ്ങിയ കോംഗോ പട്ടാളക്കാർ തെക്കുള്ള ബഫുലിരു ചീഫ്‌ഡോമിലെ തന്റെ ജന്മനഗരത്തിലേക്ക് പ്രവേശിച്ചെന്നും പലർക്കും പരിക്കേറ്റെന്നും അവരുടെ വരവ് പട്ടണത്തിൽ പരിഭ്രാന്തി പരത്തിയെന്നും അതോഷ പറഞ്ഞു.

പോരാട്ടത്തിൽ ഒരു കണ്ണ് നഷ്ടപ്പെട്ട ഒരു സൈനികൻ തന്നോട് ഇങ്ങനെ പറഞ്ഞതായി അതോഷ പറയുന്നു: “ബുറുണ്ടിയിലേക്ക് പോകാൻ നിങ്ങൾക്ക് ഒരു വഴിയുണ്ടെങ്കിൽ, ഇന്ന് തന്നെ അത് ചെയ്യൂ. കാരണം ഇന്ന് രാത്രി ഇവിടെയൊരു പോരാട്ടമുണ്ടാകും. അത് ഭീകരമായിരിക്കും. ആളുകൾ കൊല്ലപ്പെടുകയും സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യും.”

പട്ടണമാകെ വെടിയൊച്ചകൾ പ്രതിധ്വനിച്ചപ്പോൾ, എന്തുചെയ്യണമെന്നറിയാതെ അതോഷയുടെ കുടുംബം വിഷമിച്ചു. കുറച്ച് ദിവസങ്ങൾക്കുശേഷം, അവളുടെ അച്ഛൻ അവളോട് സഹോദരിമാരോടൊപ്പം കിഴക്കോട്ട് ഏതാനും മൈൽ അകലെയുള്ള അതിർത്തിയിലേക്ക് പോകാൻ പറഞ്ഞു. തങ്ങൾ അവശ്യ സാധനങ്ങളുമായി പിന്നാലെ വന്നുകൊള്ളാമെന്നും.

അതോഷ കുട്ടികളെ കൂട്ടി, അവർ സാധനങ്ങളൊന്നും ഇല്ലാതെ പോയി. വെടിയൊച്ചകൾ കേൾക്കുമ്പോൾ, പേന എടുക്കാൻ പോലും ശക്തി കിട്ടുന്നില്ല,” അവൾ പറഞ്ഞു.

അവർ കഴിയുന്നത്ര വേഗത്തിൽ പലായനം ചെയ്യുന്ന ജനക്കൂട്ടത്തോടൊപ്പം ചേർന്നു. അവർ റുസിസിയിലെത്തി. അവിടെവച്ച് അതോഷ അവിടെയുണ്ടായിരുന്ന യുവാക്കൾക്ക് 20,000 കോംഗോളിയൻ ഫ്രാങ്ക് (£5.40) നൽകിക്കൊണ്ട്, ഓരോ കുടുംബാംഗത്തെയും മറുകരയിലേക്ക് രക്ഷപെടുത്തി.

കഴിഞ്ഞ മാസങ്ങളിൽ ഡി ആർ സി യിൽ ഉണ്ടായ അക്രമങ്ങളിൽ 7,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വ്യാപിച്ചിരിക്കുന്നുവെന്ന് യു എൻ പറയുന്നു. അതുപോലെ തന്നെ സാധാരണക്കാരുടെ വീടുകളും ബിസിനസുകളും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞത് 65,000 പേർ ബുറുണ്ടിയിൽ എത്തിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്കുശേഷം രാജ്യത്തേക്കുള്ള ഏറ്റവും വലിയ കുടിയേറ്റമാണിത്.

സിബിറ്റോക്കിൽ, ഒരുകാലത്ത് തിരക്കേറിയ ഒരു കായിക വേദിയായിരുന്ന സ്ഥലം ഇപ്പോൾ അഭയാർഥികളുടെ ഒരു പ്രധാന ഗതാഗത കേന്ദ്രമാണ്.

മുൻ സംഘർഷങ്ങളിൽ നിന്നുള്ള കോംഗോ അഭയാർഥികളെയും, മുൻകാല ബുറുണ്ടി പ്രതിസന്ധികളിൽ നിന്ന് മടങ്ങിയെത്തിയവരെയും, കാലാവസ്ഥാ ദുരന്തങ്ങൾ കാരണം ആഭ്യന്തരമായി കുടിയിറക്കപ്പെട്ട സ്വന്തം ജനങ്ങളെയും കൈകാര്യം ചെയ്യാൻ ഇതിനകം തന്നെ പാടുപെടുന്ന, 13 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമായ ബുറുണ്ടി ഇപ്പോൾ പുതിയ അഭയാർഥി തരംഗത്തോടെ  കൂടുതൽ വഷളാകുകയാണ്.

“ഇത് റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു അടിയന്തരാവസ്ഥയാണ്,” സ്റ്റേഡിയത്തിലും മറ്റിടങ്ങളിലും മാനുഷിക പ്രതികരണം നൽകുന്ന സേവ് ദി ചിൽഡ്രനിലെ ബുറുണ്ടിയുടെ ദൗത്യത്തിന്റെ തലവൻ ജെഫ്രി കിരേംഗ പറഞ്ഞു. “ഇപ്പോൾ ഈ ഒഴുക്ക് ഞങ്ങളുടെ നിലവിലുള്ള ശേഷിക്കു വെല്ലുവിളിയാണ്. സാമ്പത്തിക ഫണ്ടിന്റെ കുറവും വലുതാണ്. ഇവിടെ ആളുകൾ കഷ്ടപ്പെടുകയാണ്. ഒരു അഭയാർഥിയാകുന്നതോ അഭയാർഥി എന്ന് വിളിക്കപ്പെടുകയോ ചെയ്യുന്നത് ഞങ്ങൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നല്ല.” അതോഷ പറഞ്ഞു.

“ഞങ്ങളുടെ നേതാക്കളോടും പ്രസിഡന്റിനോടും ഇരുന്ന് ഈ സംഘർഷം പരിഹരിക്കാൻ ഒരു വഴി കണ്ടെത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ആളുകൾ മരിക്കുന്നതും മറ്റുള്ളവർ അപ്രത്യക്ഷരാകുന്നതും കുടുംബങ്ങൾ വേർപിരിയുന്നതും വളരെ സങ്കടകരമാണ്” അവൾ കൂട്ടിച്ചേർത്തു.

സ്റ്റേഡിയത്തിലുണ്ടായിരുന്നവരിൽ പലർക്കും റുസിസിയുടെ മാരകമായ ഒഴുക്കിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിരുന്നു. അല്ലെങ്കിൽ ബുറുണ്ടിയിലേക്കുള്ള യാത്രയിൽ എപ്പോഴെങ്കിലും വേർപിരിഞ്ഞിരുന്നു.

12 ഉം 14 ഉം വയസ്സുള്ള രണ്ട് കുട്ടികളെ നദിക്ക് കുറുകെ കൊണ്ടുപോകാൻ 46 കാരിയായ തെരേസ്. ആഴ്ചകൾക്ക് മുമ്പ് ഒരു വ്യക്തിക്ക് പണം നൽകി. “ആദ്യം കുട്ടികളെ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് അയാൾ എന്നോട് ആവശ്യപ്പെട്ടു. എന്നിട്ട് എന്നെ തേടി വരും.” അയാൾ പറഞ്ഞതുപോലെ അവർ ചെയ്തു. എന്നാൽ, “ഞാൻ അവനെ പിന്നെ കണ്ടില്ല.”

മറ്റൊരാളുടെ സഹായത്തോടെ സ്വയം ബുറുണ്ടിയിലെത്തിയ തെരേസ പറഞ്ഞു: “ഞാൻ കരഞ്ഞു. എന്റെ കുട്ടികളെ ബുറുണ്ടിയൻ ഭാഗത്ത് കണ്ടെത്തുമെന്ന് മറ്റ് ട്രാൻസ്പോർട്ടർമാർ എന്നോട് പറഞ്ഞു. പക്ഷേ ഒരിക്കൽപോലും അങ്ങനെ സംഭവിച്ചില്ല.”

ബുറുണ്ടിയിലേക്ക് എത്തിയ നൂറുകണക്കിന് അനാഥരായ കുട്ടികളിൽ ഒരാളാണ് 15 വയസ്സുള്ള ഇമ്മാനുവൽ. ബുക്കാവുവിന്റെ തെക്ക് ഭാഗത്തുള്ള ന്ഗ്‌വേഷെ ചീഫ്‌ഡോമിലെ സ്വന്തം പട്ടണത്തിൽ അക്രമം വ്യാപകമായപ്പോൾ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതാണ് ഇമ്മാനുവലിന്.

വീട്ടുകാർ കിഴക്കൻ ഡി ആർ സി യിലെ കുന്നുകളിലേക്ക് ഓടി. എന്നാൽ, ഇമ്മാനുവേലാകട്ടെ ബുറുണ്ടിയുടെ ദിശയിലേക്ക് പോയി. “അവർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്ക് അറിയില്ല. പോരാളികൾ കുന്നുകളിൽ ബോംബിട്ടതായി ഞങ്ങൾ കേട്ടു,” ഇമ്മാനുവൽ പറഞ്ഞു.

അവനും കൂട്ടുകാരും രണ്ടു ദിവസം നടന്നു. വഴിയിൽ, അവർ രാത്രിയിൽ ഒരു കാട്ടിൽ ഉറങ്ങി. അവർ കൊള്ളയടിക്കപ്പെട്ടു. നിരവധി മൃതദേഹങ്ങൾ കണ്ടു. വഴിയരികിൽ പ്രസവിക്കുന്ന സ്ത്രീകളെ കണ്ടു. കാഴ്ചകൾ അവസാനിക്കുന്നേയില്ല. സ്റ്റേഡിയത്തിലെ ചില അഭയാർത്ഥികൾ പാചകം ചെയ്യുന്നതിനും വിറക് മുറിക്കുന്നതിനും ഉൾപ്പെടെയുള്ള പരസ്പരം സഹായിക്കുന്നതിനായി സന്നദ്ധസേവനം നടത്തുന്നു.

“നാമെല്ലാവരും ഇവിടെ സഹോദരീസഹോദരന്മാരാണ്. ഇവിടെ ചിലർ പ്രതീക്ഷ കൈവിട്ടു. നിരവധി ആളുകൾ തങ്ങളുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിനാൽ എല്ലാ ദിവസവും കരയുന്നു. നിങ്ങൾക്ക് സ്വന്തമായി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ആരെയെങ്കിലും പ്രോത്സാഹിപ്പിക്കാനുള്ള ശക്തിയുണ്ടെങ്കിൽ, നിങ്ങൾ അത് ചെയ്യണം,” അതോഷ ഇത്രയും പറഞ്ഞു നിർത്തുമ്പോഴും അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു തിരിനാളം പോലും ഉണ്ടായിരുന്നില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.