
റോമിലെ വി. ഫ്രാൻസെസ്, 14-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വിശുദ്ധയാണ്. ഓട്ടോമൊബൈൽ കണ്ടുപിടിക്കുന്നതിന് മുമ്പ് ജീവിച്ചിരുന്ന ഈ വിശുദ്ധ എങ്ങനെ വാഹനം ഓടിക്കുന്നവരുടെ മധ്യസ്ഥയായി എന്ന് നിങ്ങൾ കരുതുന്നുണ്ടാകും. രാത്രികാലങ്ങളിൽ സഞ്ചരിച്ചപ്പോൾ ഒരു മാലാഖ വന്നു പ്രകാശം നൽകി വഴികാണിച്ചിരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് വിശുദ്ധയെ ഓട്ടോമൊബൈൽ ഡ്രൈവർമാരുടെ രക്ഷാധികാരിയായി വണങ്ങുന്നത്.
‘ദി ലൈഫ് ഓഫ് സെന്റ് ഫ്രാൻസെസ് ഓഫ് റോം’ എന്ന വിശുദ്ധയുടെ ജീവചരിത്രത്തിൽ ജോർജിയാന ഫുള്ളർട്ടൺ രാത്രികാലങ്ങളിൽ മാലാഖയാൽ താൻ എങ്ങനെ പലപ്പോഴും പ്രകാശിതയാകുമെന്ന് വിശദീകരിക്കുന്നു. “അവൾ പ്രസംഗം അവസാനിപ്പിച്ചപ്പോൾ, പ്രധാന ദൂതൻ അവളെ അനുഗമിച്ചു. ഒരു പ്രകാശവലയത്തിൽ പൊതിഞ്ഞ്, മറ്റുള്ളവർക്ക് അദൃശ്യമാണെങ്കിലും, അവൾക്ക് എല്ലായ്‌പ്പോഴും ദൃശ്യമായി ദൂതൻ അവരെ പിന്തുടർന്നു. അവരെ ചുറ്റിപ്പറ്റിയുള്ള തേജസ്സ് വളരെ പ്രകാശമുള്ളതായിരുന്നു. ഒരു പ്രത്യക നോട്ടംകൊണ്ട് ഈ വെളിച്ചത്തെ അവർക്ക് കാണാൻ കഴിഞ്ഞിരുന്നു. രാത്രിയിലും, ഏറ്റവും അഗാധമായ ഇരുട്ടിലും, വിശുദ്ധയ്ക്ക് ഈ വെളിച്ചത്തിൽ എഴുതാനും വായിക്കാനും കഴിഞ്ഞിരുന്നു.”
ഓട്ടോമൊബൈൽ കണ്ടുപിടിച്ചതിനുശേഷം, അനേകം കത്തോലിക്കർ വി. ഫ്രാൻസെസിന്റെ മാധ്യസ്ഥം അപേക്ഷിക്കാൻ ആരംഭിച്ചു. അവർ രാത്രിയിൽ യാത്രചെയ്യുമ്പോൾ, തങ്ങൾക്കും സമാനമായ മാലാഖമാരുടെ സംരക്ഷണം ലഭിക്കണമെന്ന് പ്രാർഥിച്ചു.