കഴിഞ്ഞയാഴ്ച ഒരു സമർപ്പിതയുമായി സംസാരിച്ചപ്പോൾ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ചില ബോധ്യങ്ങൾ അവർ പങ്കുവയ്ക്കുകയുണ്ടായി. അനുദിന ബലിയർപ്പണത്തിൽ ആ ആഴ്ചയിൽ സിസ്റ്റർ ശ്രദ്ധയോടെ പ്രാർഥിച്ച രണ്ട് അവസരങ്ങളെക്കുറിച്ചായിരുന്നു സംസാരം. വിശുദ്ധ കുർബാനയെ ജീവനുതുല്യം സ്നേഹിക്കുന്ന ആ സമർപ്പിതയുടെ ബോധ്യങ്ങൾ എന്നെ സ്വാധീനിച്ചു. അതൊരുപക്ഷേ, പരിശുദ്ധ കുർബാന ശ്രദ്ധയോടെ അർപ്പിക്കാൻ നിങ്ങളെയും സഹായിച്ചേക്കാം.
ഒന്നാമത്തെ ബോധ്യം റൂഹാക്ഷണ പ്രാർഥനയുമായി ബന്ധപ്പെടുത്തിയായിരുന്നു. ‘കർത്താവേ, നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളിവരട്ടെ’ എന്ന് സീറോമലബാർ കുർബാനക്രമത്തിൽ വൈദികൻ പ്രാർഥിക്കുമ്പോൾ ആ സിസ്റ്റർ പ്രാർഥിക്കുന്നത് ഇപ്രകാരമായിരുന്നു: “ഈശോയേ, നിന്റെ പരിശുദ്ധാത്മാവ് നിന്റെ ജീവനുള്ള കുർബാനയിൽ ആവസിച്ച് എന്നെ ആശീർവദിക്കുകയും വിശുദ്ധീകരിക്കുകയും പൂർത്തീകരിക്കുകയും ചെയ്യട്ടെ. എന്റെ ജീവിതം മറ്റുള്ളവർക്ക് കുർബാനയായി നൽകാനുള്ള കൃപ നൽകണമേ.”
രണ്ടാമതായി, വിശുദ്ധ കുർബാന സ്വീകരണത്തിനുമുമ്പ് ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർഥനയ്ക്ക് ആമുഖമായി പുരോഹിതന്റെ പ്രാർഥനയോടുചേർന്ന് “കർത്താവേ, നിന്റെ സന്നിധിയിൽ എപ്പോഴും നിർമലഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരും ആയിരിക്കാനുള്ള കൃപ എനിക്ക് നനൽകണമേ” എന്നും പ്രാർഥിക്കുന്ന കാര്യം സിസ്റ്റർ ഓർമിപ്പിച്ചു.
പരിശുദ്ധാത്മാവിനെ സ്വീകരിച്ച്, പരിശുദ്ധ കുർബാന സ്വീകരിച്ച് ജീവിതം കുർബാനയാക്കാനുള്ള പരിശ്രമത്തിൽ കർതൃസന്നിധിയിൽ നിർമലഹൃദയരും പ്രസന്നവദനരും നിഷ്കളങ്കരും ആയിരിക്കണമെന്ന് വിശുദ്ധ കുർബാനയിലെ ഈ രണ്ടു സന്ദർഭങ്ങളും നമ്മെ ഓർമിപ്പിക്കുന്നു.
“വിശുദ്ധ കുര്‍ബാനവഴി ലഭിക്കുന്ന അനുഗ്രഹങ്ങളെ എണ്ണാൻ മനുഷ്യനാവുകള്‍ക്കു സാധ്യമല്ല. പാപി ദൈവവുമായി അനുരഞ്ജനത്തിലാകുന്നു. നീതിമാന്‍ കൂടുതല്‍ നീതിനിഷ്ഠനാകുന്നു. പാപങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുന്നു. നന്മകളും യോഗ്യതകളും വര്‍ധിക്കുന്നു; ഒപ്പം പിശാചിന്റെ പദ്ധതികള്‍ തകര്‍ക്കപ്പെടുന്നു” എന്ന വി. ലോറന്‍സ് ജെസ്റ്റീനിയന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. നമുക്കാവശ്യം പരിശുദ്ധ കുർബാനയോടുള്ള വെറും ഭക്തിയല്ല, ആഴമുള്ള വ്യക്തിബന്ധമാണ്. അപ്പോൾ ജീവിതത്തിൽ രൂപാന്തരീകരണവും അപ്പമാകലും പങ്കിടലും എളുപ്പമാകും. പരിശുദ്ധ കുർബാനയെ സ്നേഹിക്കാം, ജീവിതത്തെ മാറ്റിമറിക്കാം.
ഫാ. ജയ്സൺ കുന്നേൽ MCBS