
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗവാർത്ത അറിഞ്ഞ അർജന്റീനയിലെ ബ്യുണോസ് അയേഴ്‌സ് അതിരൂപതയിലെ വിശ്വാസികൾ കൂട്ടമായി കത്തീഡ്രലിൽ ഒത്തുകൂടിയത് വളരെ പെട്ടെന്നായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗതാഗതക്കുരുക്കിൽ നിന്നുമെല്ലാം രക്ഷപെട്ട് നിരവധിപേരാണ് ദൈവാലയത്തിൽ എത്തിച്ചേർന്നത്. കർദിനാൾ ജോർജ് ബെർഗോളിയോ ആർച്ച്ബിഷപ്പായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മുൻ ആസ്ഥാനമായിരുന്നു ഇത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഛായാചിത്രത്തിനു മുൻപിൽ പ്രാർഥനാപൂർവം നിന്നിരുന്നവരുടെയൊക്കെ മനസ്സിൽ ഉണ്ടായിരുന്നത്, അദ്ദേഹം ഇനി ഒരിക്കലും തന്റെ ജന്മനാട്ടിൽ തിരിച്ചെത്തില്ലല്ലോ എന്ന തേങ്ങലായിരിക്കാം. പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ പോയതിനുശേഷം തന്റെ ജന്മനാട്ടിൽ ഒരിക്കൽപോലും സന്ദർശനം നടത്താൻ ഫ്രാൻസിസ് പാപ്പായ്ക്ക് സാധിച്ചിരുന്നില്ല.
“പാവങ്ങളുടെ പോപ്പ് നമ്മെ വിട്ടുപോയി” – പാർക്ക് ചക്കാബുക്കോയിൽ നിന്നും ദൈവാലയത്തിൽ എത്തിച്ചേർന്ന 78 വയസ്സുള്ള കാർലോസ് വികാരഭരിതനായി പറയുന്നു. പ്രായമേറിയിട്ടും വിയോഗവാർത്തയറിഞ്ഞ് കത്തീഡ്രലിൽ എത്തിച്ചേരുക എന്നത് തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന ഒന്നായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. “ഞാൻ ആകെ തകർന്നുപോയി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, പ്രത്യേകിച്ചും ഇന്നലെ ഇറ്റാലിയൻ ടെലിവിഷനിൽ ഈസ്റ്റർ കുർബാനയിൽ ഞാൻ അദ്ദേഹത്തെ കണ്ടതിനാൽ” – അദ്ദേഹം കൂട്ടിച്ചേർത്തു.
“അദ്ദേഹം ദരിദ്രരുടെയും എളിയവരുടെയും പോപ്പാണെന്ന് എനിക്കറിയാം. എല്ലാവരുടെയും ഇടയിൽ, പ്രത്യേകിച്ച് അർജന്റീനക്കാരുടെ ഇടയിൽ അദ്ദേഹം ഐക്യം ആഗ്രഹിച്ചു. അങ്ങനെ നമുക്ക് മെച്ചപ്പെട്ട ഒരു രാജ്യത്തിനായി പോരാടാനും സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങൾ മാറ്റിമറിക്കാനും ഇത്രയും സമ്പന്നമായ ഒരു രാജ്യത്ത് നമുക്കെല്ലാവർക്കും ഐക്യപ്പെടാനും കഴിയും. അങ്ങനെ നമുക്ക് ഇത്രയധികം ദരിദ്രർ ഉണ്ടാകില്ല” – അദ്ദേഹം പറയുന്നു.
“ഞാൻ സ്വീകരിക്കാൻ ആഗ്രഹിക്കാത്ത ഒരു സന്ദേശമായിരുന്നു അത്” – പാപ്പയുടെ മരണ വാർത്തയെക്കുറിച്ച് 26 വയസ്സുള്ള കാമില പറഞ്ഞത് ഇപ്രകാരമായിരുന്നു. നാലുവർഷം മുൻപ് തന്റെ അമ്മ മരിച്ചതിനുശേഷം സഭയുമായി കൂടുതൽ അടുപ്പമുണ്ടാകുകയും പാപ്പയുടെ വാക്കുകൾ ജീവിതത്തിനുള്ള സഹായത്തിന്റെ ഉറവിടമായി അനുഭവിക്കുകയും ചെയ്തതായി കാമില പറയുന്നു.
“എന്റെ അമ്മ എന്നെ വിട്ടുപോയതുപോലെ തന്നെയായിരുന്നു പാപ്പ നമ്മെ വിട്ടുപിരിഞ്ഞ വാർത്ത കേട്ടപ്പോൾ. ഒരു അർജന്റീനിയൻ പോപ്പ് എന്നതിനപ്പുറം, അദ്ദേഹം എനിക്ക് ഒരു ലളിതമായ വ്യക്തിയായിരുന്നു. ഞാൻ അദ്ദേഹത്തെ മറ്റൊരു അർജന്റീനക്കാരനായി കണ്ടു. പോപ്പ് ആയതുകൊണ്ടും റോമിൽ ആയിരുന്നതുകൊണ്ടും അദ്ദേഹം മാറിയില്ല” – അവർ കൂട്ടിച്ചേർത്തു.
“ദരിദ്രരിൽ ഏറ്റവും എളിയവനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്ന് ഞങ്ങൾക്കു തോന്നുന്നു. ഇവിടെ നഗരത്തിലും അതിനു മുൻപും ബിഷപ്പായിരുന്നതിനു ശേഷം അദ്ദേഹം ഒരിക്കലും തന്റെ സ്വഭാവം മാറ്റിയില്ല. അതിനാൽ നമ്മൾ അദ്ദേഹത്തിന്റെ പാരമ്പര്യത്തോടു പ്രതിബദ്ധത പുലർത്തുകയും അദ്ദേഹത്തിന്റെ ഓർമ്മകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യണമെന്ന് എനിക്കു തോന്നുന്നു” – കത്തീഡ്രലിൽ ഉണ്ടായിരുന്ന യുവദമ്പതികൾ അനുസ്‌മരിച്ചു.
“ഇന്ന് ഒരു പോപ്പ് അന്തരിച്ച ദിവസമല്ല. ഇന്ന് ബ്യൂണസ് അയേഴ്സിൽ നിന്നുള്ള പുരോഹിതൻ ബെർഗോളിയോ അന്തരിച്ച ദിവസമാണ്. ഒരു മഹാനായ അർജന്റീനക്കാരൻ അന്തരിച്ചു” എന്നാണ് പാപ്പയുടെ ജന്മദേശത്തിന്റെ ഹൃദയത്തിൽ നിന്നും അടർന്നുവീഴുന്ന വാക്കുകൾ.