

“എന്നാല്‍ അവന് തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയല്ക്കാരന്?” (ലൂക്കാ 10:29)
കുറച്ചു കാലം മുൻപ് പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ മെസ്സേജ് വന്നു. “എനിക്ക് വേണ്ടി ഒരു കാര്യം പ്രാർത്ഥിക്കാമോ?” “എന്താണ് പ്രാർഥിക്കേണ്ടത്?”
“അച്ചാ, എന്തെങ്കിലും ഒരു അസുഖം വന്നു ഞാൻ ഒന്ന് മരിച്ചു പോകാൻ അച്ചൻ പ്രാർത്ഥിക്കാമോ?” ഞാൻ ഉവ്വെന്നോ ഇല്ലെന്നോ പറയും മുൻപ് അടുത്ത മെസ്സേജും വന്നു. “അത്രയ്ക്ക് മടുത്തുപോയി ജീവിതം. ആരും മനസ്സിലാക്കാൻ ഇല്ലാതെ ഇത്രയും കാലം ഞാൻ പൊരുതി നിന്നതാ അച്ചാ. പക്ഷെ, ഇപ്പൊ പറ്റുന്നില്ല!”
എന്റെ സുഹൃത്തേ, ആരൊക്കെയോ തകർത്തെറിഞ്ഞ, കവർച്ച ചെയ്ത, ‘അർദ്ധപ്രാണനാക്കിയിട്ട് കടന്നുകളഞ്ഞ’ ആരൊക്കെയോ നിലവിളിക്കുന്നുണ്ട്. നമ്മളും പലപ്പോഴും ആ പുരോഹിതനെയും ലേവായനെയും പോലെ തന്നെയാണ്. “എന്തിനാണ് വെറുതെ റിസ്ക് എടുക്കുന്നത്?” – കേട്ടും പറഞ്ഞും തഴമ്പിച്ചുപോയ ആ ചോദ്യമാണ് നമ്മുടെ ആയുധം.
എന്നിലെ സമ്പന്നൻ ഒന്നുമില്ലാത്തവനെ കണ്ടുമുട്ടുന്നതിന്റെ പ്രശ്നമാണിത്.
എന്നിലെ കുലീനൻ ഒരു നിലവാരമില്ലാത്തവനെ കണ്ടുമുട്ടുന്നതിന്റെ കുഴപ്പമാണിത്. എന്നിലെ മനുഷ്യൻ സങ്കടത്തിലായ മറ്റൊരു മനുഷ്യനെ കണ്ടുമുട്ടിയാൽ നമ്മളും നല്ല ശമറായന്മാർ ആകും. അപ്പോൾ കൂട്ടിരിക്കാൻ സമയമുണ്ടാകും, പങ്കുവയ്ക്കാൻ ഹൃദയവും ഉണ്ടാകും.
ഫാ. അജോ രാമച്ചനാട്ട്