

“യേശു അവിടെ നിന്ന് അവരെ വിളിച്ചു ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” (മത്താ 20:32)
അന്ധൻ ആര്? എപ്പോഴാണ് ക്രിസ്തുതമ്പുരാൻ തിരിഞ്ഞ് നിന്ന് ഈ ചോദ്യം ചോദിച്ചത് എന്ന് അറിയാമോ? ഞങ്ങൾ അന്ധരാണെന്ന് ആ രണ്ടുപേർ വിളിച്ചു പറഞ്ഞപ്പോഴാണ്. പൊതുവഴിയിൽ വച്ച് നാലാള് കേൾക്കെ ഞങ്ങൾ അന്ധരാണെന്ന്!
പൊതുവഴിയിൽ എന്നല്ല, രഹസ്യമായി പോലും നമ്മുടെ ഒരു കുറവ്/വീഴ്ച്ച അല്ലെങ്കിൽ ഒരു പരാജയം സമ്മതിച്ച് കൊടുക്കാൻ നമ്മളിൽ എത്ര പേർക്ക് സാധിക്കും? എന്റെ അന്ധത – മനസ്സിനോ ശരീരത്തിനോ ആകട്ടെ – അംഗീകരിക്കുന്ന എത്ര പേരുണ്ടാകും നമുക്കിടയിൽ?
കുമ്പസാരക്കൂട്ടിന് മുന്നിൽ പോലും ഇടർച്ചകൾ ഏറ്റുപറയാൻ മനസ്സനുവദിക്കാത്തവർ നമ്മൾ. ഒരു മനമായി ജീവിക്കുന്ന ജീവിതപങ്കാളിക്കു മുന്നിൽ പോലും കുറവുകളെ അംഗീകരിക്കാൻ ധൈര്യമില്ലാതെ, കൃത്രിമ ഗൗരവവും, മസിൽ പിടുത്തവുമായി നമ്മൾ. എനിക്ക് മാത്രം ഒരു കുറവുമില്ലെന്ന്.
എന്നിട്ടോ? സ്വയം അംഗീകരിക്കാൻ മടിക്കുന്നതുകൊണ്ട് അനുഗ്രഹിക്കാൻ കരം നീട്ടുന്ന ക്രിസ്തുവിനെ എനിക്ക് അനുഭവിക്കാൻ പറ്റാതെ പോവുകയാണ്. ജീവിതം = കൃപയില്ലാത്ത ദിവസങ്ങളുടെ ആവർത്തനം, എന്ന് പറയേണ്ടി വരികയാണ്. സ്വർഗമേ, ഞാനിതാ കണ്ണുകളുയർത്തുന്നു. ക്രിസ്തുവേ, പ്രഭോ, കനിയണമേ.
ഫാ. അജോ രാമച്ചനാട്ട്