ക്രിസ്തീയ ഭൂതോച്ചാടന കര്‍മ്മങ്ങളില്‍ സാധാരണഗതിയില്‍ പ്രാര്‍ത്ഥനയും വിശുദ്ധ ജലവുമാണ് ഉപയോഗിക്കാറെങ്കിലും സംഗീതം, വിശുദ്ധ ചിത്രങ്ങളും രൂപങ്ങളും, പ്രാര്‍ത്ഥനാസംഘം, ആശീര്‍വദിച്ച മണികള്‍ എന്നിവ തിന്മയുടെ ശക്തിക്കെതിരായ പോരാട്ടത്തിലെ ആയുധങ്ങളാകാറുണ്ട്. അതേക്കുറിച്ച് അമേരിക്കയില്‍ നിന്നുള്ള പ്രസിദ്ധ ഭൂതോച്ഛാടകനായ ഫാ. തിയോഫിലൂസ് ഒരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തന്റെ ഭൂതോച്ചാടക ശുശ്രൂഷകളില്‍ വെഞ്ചരിച്ച മണികള്‍ ഉപയോഗിക്കാറുണ്ടെന്നും ബാധയൊഴിപ്പിക്കല്‍ കര്‍മ്മത്തിനിടയില്‍ ഇതിന് വലിയ സ്വാധീനമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഭൂതോച്ചാടന കര്‍മ്മത്തിനിടയില്‍ മണിനാദം കേട്ട മാത്രയില്‍ തന്നെ സാത്താന്, ‘അത് തകര്‍ത്ത് കളയൂ’ എന്നു അലറിവിളിച്ചു കൊണ്ട് തന്റെ കയ്യിലെ മണി കൈക്കലാക്കുവാന്‍ ശ്രമിച്ച കാര്യവും അദ്ദേഹം വിവരിച്ചിട്ടുണ്ട്.
സാത്താന് നമ്മളെ ആക്രമിക്കുന്നത് എപ്പോഴും നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ ആയിരിക്കുമെന്നും അതിനാല്‍ കാഴ്ച, സ്പര്‍ശനം, ഗന്ധം, കേള്‍വി തുടങ്ങിയ ഇന്ദ്രിയങ്ങള്‍ക്കു മേലുള്ള ഒരു വിശുദ്ധ ആക്രമണമായിരിക്കണം ആരാധനയെന്നും, ഈ ഇന്ദ്രിയങ്ങളെല്ലാം ഉള്‍കൊള്ളുന്ന ഒരു സഭയ്ക്കു വേണ്ടിയായിരിക്കണം നമ്മുടെ പ്രാര്‍ത്ഥനയെന്നും ഈ വൈദികന് പറയുന്നു.
പിശാചിന് ദൈവത്തെ ആരാധിക്കുന്നത് ഇഷ്ടമല്ല. മനോഹരവും, പവിത്രമായതുമെല്ലാം സാത്താന് വെറുക്കുന്നു. മണികള്‍ നമ്മുടെ ശ്രദ്ധയെ ദൈവാരാധനയിലേയ്ക്ക് തിരിച്ചുവിടാന്‍ ഉപയോഗിക്കുന്നു എന്ന കാരണത്തിലാണ് പിശാച് മണിനാദങ്ങളെ ഭയക്കുന്നതത്രേ.