
‘അവന് പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി’. ലൂക്കാ സുവിശേഷകന് ഈശോയുടെ ഉപവാസ സ്ഥലം വിവരിക്കുന്നത് ഇങ്ങനെയാണ്. മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷത്തിലും സമാനമായ വിവരണമാണ് കാണുവാന്‍ സാധിക്കുന്നത്. ഈശോ മരുഭൂമിയിലാണ് ഉപവാസം അനുഷ്ഠിച്ചതെന്നും അല്ല വിജനപ്രദേശത്താണ് എന്നും പറയപ്പെടുന്നുണ്ട്.
ഈശോ എവിടെയാണ് ഉപവാസം അനുഷ്ഠിച്ചത് എന്നതിന് വിശുദ്ധഗ്രന്ഥം വ്യക്തമായ ഒരു ഉത്തരം നല്‍കുന്നില്ല. ജോര്‍ദ്ദാന്‍ നദിയുടെ സമീപപ്രദേശം ആണെന്നതൊഴികെ. ഗ്രീക്കില്‍ ഈശോ ഉപവാസം അനുഷ്ഠിച്ച സ്ഥലത്തെ വിശേഷിപ്പിക്കുന്നത് റെമോസ് എന്നാണ്. അതിനര്‍ത്ഥം ഒറ്റപ്പെട്ട വാസയോഗ്യമല്ലാത്ത സ്ഥലം എന്നാണ്. എന്നാല്‍, പ്രാദേശിക പാരമ്പര്യങ്ങളില്‍ ഈശോ പ്രാര്‍ത്ഥനയില്‍ ചിലവിട്ടത് മലമുകളിലാണെന്നും പറയപ്പെടുന്നു. അതിനാല്‍ ഇന്ന് ജോര്‍ദ്ദാന്‍ നദിക്ക് സമീപമുള്ള ആ മല അറിയപ്പെടുന്നത് പ്രലോഭനത്തിന്റെ മല എന്നാണ്. ഈ പ്രദേശത്തെക്കുറിച്ചുള്ള അറിവ് നോമ്പിന്റെ ചൈതന്യത്തില്‍ കൂടുതല്‍ ആഴപ്പെടുവാന്‍ നമ്മെ സഹായിക്കും.
കിഴ്ക്കാംതൂക്കായ പാറകളോടു കൂടിയ കയറുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു മലയാണ് പ്രലോഭനത്തിന്റെ മല. ആരും സഞ്ചരിക്കാത്ത താമസിക്കാത്ത ആ മലയിലാണ് ഈശോ ഉപവാസം അനുഷ്ഠിച്ചത്. ലോകത്തില്‍ തനിക്കു ചുറ്റുമുള്ള എല്ലാ ബഹളങ്ങളില്‍ നിന്നും അകന്നിരിക്കുവാന്‍ ഈശോ കണ്ടെത്തിയ സ്ഥലമായിരുന്നു അത്. ധാരാളം ഗുഹകളോടു കൂടിയ ഈ മലയില്‍ ഈശോയുടെ മരണശേഷം ധാരാളം സന്യാസികളും തപസന്മാരും താമസിക്കുവാന്‍ തുടങ്ങി. തങ്ങളെത്തന്നെ പൂര്‍ണ്ണമായും പ്രാര്‍ത്ഥനയ്ക്ക് വിട്ടുകൊടുത്തു കൊണ്ട് ദൈവവുമായി ഒന്നായിരിക്കുവാന്‍ ആഗ്രഹിച്ചവരാണ് ഈ സ്ഥലം തിരഞ്ഞെടുത്തത്.
വൈകാതെ ആ കീഴ്ക്കാംതൂക്കായ മലനിരകളില്‍ ഒരു ആശ്രമം പണിയുകയും അവിടെ ധാരാളം സന്യാസികള്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ആയിരിക്കുകയും ചെയ്തു. ഈ മലയില്ത്തന്നെയാണ് ഈശോ ഉപവാസം അനുഷ്ഠിച്ചത് എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. തന്റെ ഉപവാസത്തിന്റെ-പരീക്ഷണത്തിന്റെ നാളുകള്‍ ലോകത്തിന്റേതായ എല്ലാ സുഖങ്ങളില്‍ നിന്നും മാറിനില്ക്കുവാന് ഈശോ തിരഞ്ഞെടുത്ത ഈ സ്ഥലമാണ് ഈശോയുടെ മരുഭൂമിയിലെ പരീക്ഷണം നടന്ന സ്ഥലമായി കരുതപ്പെടുന്നത്.
ഈ വിജനത നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ലോകത്തിന്റേതായ എല്ലാ സൗകര്യങ്ങളും സുഖങ്ങളും മാറ്റിവച്ച് ദൈവവുമായി കൂടുതല്‍ അടുക്കുവാനുള്ള അവസരമാണ് നോമ്പ് എന്നാണ്. ആധുനികലോകത്തിന്റെ തിരക്കുകളില്‍ നിന്ന്, മാധ്യമങ്ങളുടെ അമിതോപയോഗത്തില്‍ നിന്ന്, സ്വന്തം സന്തോഷങ്ങളും സുഖവും തേടിയുള്ള യാത്രയില്‍ നിന്ന് അകന്ന് നിശബ്ദതയില്‍ ദൈവാന്വേഷണത്തിന്റെ മരുഭൂമി അനുഭവത്തില്‍ തുടരുവാന്‍ ഈ നോമ്പുകാലത്ത് നമുക്ക് കഴിയട്ടെ.