ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും അവിഭാജ്യഘടകമായ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് അനേകം വിശുദ്ധർ പറയുന്നുണ്ട്. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള സഭാപിതാക്കന്മാരുടെ പഠനങ്ങളും ചിന്തകളും വായിച്ചറിയാം…
1. വി. ജസ്റ്റിൻ
“സാധാരണ ഭക്ഷണമോ, പാനീയമോ കഴിക്കുകയോ, കുടിക്കുകയോ ചെയ്യുന്നതുപോലെ ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിക്കുകയില്ല. മനുഷ്യാവതാരമായ യേശുക്രിസ്തുവിന്റെ ശരീരവും രക്തവുമാണിത്. നമ്മുടെ രക്ഷക്കായി അവിടുന്ന് രക്തവും മാംസവും സ്വീകരിച്ചു. അവിടുത്തെ പ്രാർത്ഥനയുടെ വചനത്തിൽ നിന്ന് വരുന്ന വിശുദ്ധമായ ആത്മീയഭക്ഷണമാണത്.”
2. അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ്
“വിശുദ്ധ കുർബാന നമ്മുടെ രക്ഷകന്റെ മാംസവും രക്തവുമാണ്. നമ്മുടെ പാപങ്ങൾക്കു വേണ്ടി പീഡകൾ സഹിച്ച് മരിച്ച് ഉയിർപ്പിക്കപ്പെട്ട യേശുക്രിസ്തുവിന്റെ തിരുശരീരവും രക്തവുമാണ് വിശുദ്ധ കുർബാന.”
3. ലിയോൺസിലെ വി. ഐറേനിയസ്
“(ക്രിസ്തു) സൃഷ്ടിയുടെ ഭാഗമായ പാനപാത്രം തന്റെ രക്തമായി പ്രഖ്യാപിച്ചിരിക്കുന്നു. അപ്പം എന്നത് സൃഷ്ടിയുടെ ഭാഗമായ അവിടുത്തെ ശരീരവും. അവ നമ്മുടെ ആത്മാവിനെയും ശരീരത്തെയും പരിപോഷിപ്പിക്കുന്നു.”
4. അലക്സാൻഡ്രിയയിലെ വി. ക്ലെമന്റ്
“വചനം ഒരു കുഞ്ഞിന് എല്ലാമെല്ലാമാണ്. പിതാവും മാതാവും, അധ്യാപകനും നഴ്സും ഒക്കെയാണ്. ‘എന്റെ ശരീരം ഭക്ഷിക്കുക, എന്റെ രക്തം പാനം ചെയ്യുക’ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവിടുന്ന് നമുക്ക് ആവശ്യമായ ആഹാരം നൽകുന്നു. അവിടുന്ന് തന്റെ ശരീരം വിട്ടുകൊടുത്തു കൊണ്ട്, അവിടുത്തെ രക്തം ചിന്തിക്കൊണ്ട് അവിടുത്തെ മക്കളുടെ വളർച്ചക്കാവശ്യമായ എല്ലാം നൽകുന്നു. അവിടുത്തെ മക്കൾക്ക് ഒരു കുറവും വരുത്തുന്നില്ല. ഇത് അവിശ്വസനീയമായ ഒരു രഹസ്യമാണ്.”
5. ജറുസലേമിലെ വി. സിറിൽ
“പവിത്രമായ ശരീരത്തിന്റെ ദർശനത്തിൽ നിന്ന് നിങ്ങളുടെ കണ്ണുകൾ ശ്രദ്ധാപൂർവ്വം വിശുദ്ധീകരിക്കുക. തുടർന്ന് അതിന്റെ ഒരു ഭാഗവും നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുക. അത്തരമൊരു നഷ്ടം നിങ്ങളുടെ സ്വന്തം ശരീരത്തെ വികൃതമാക്കുന്നതുപോലെയായിരിക്കും.”
6. വി. അഗസ്റ്റിൻ
“ദൈവവചനത്താൽ വിശുദ്ധീകരിക്കപ്പെട്ട അൾത്താരയിൽ നിങ്ങൾ കാണുന്ന ആ അപ്പം ക്രിസ്തുവിന്റെ ശരീരമാണ്. വിശുദ്ധീകരിക്കപ്പെട്ട കാസയിൽ ഉള്ളത് ക്രിസ്തുവിന്റെ രക്തമാണ്.”
സുനീഷ വി.എഫ്.