
വി. മത്തായി, വി. മർക്കോസ്, വി. ലൂക്കാ സുവിശേഷകന്മാർ തങ്ങളുടെ സുവിശേഷങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട് – ഈശോയെ പടയാളികൾ കുരിശിൽ തറച്ചതിനുശേഷം അവിടുത്തെ കുരിശിന്റെ തലപ്പത്ത്, ഇങ്ങനെ എഴുതി ചേർത്തുവെന്ന് “യഹൂദരുടെ രാജാവായ നസ്രായൻ ഈശോ” (മത്തായി 27:37).
ഈ പ്രവർത്തിയെ യഹൂദർ എപ്രകാരമാണ് എതിർത്തതെന്നും പീലാത്തോസ് എന്തുകൊണ്ടാണ് ഈ ഒരു വാചകം എല്ലായിടങ്ങളിലുമുള്ള ആളുകൾക്ക് വായിക്കാൻ തക്കവിധം വിവിധ ഭാഷകളിൽ കുരിശിൽ എഴുതിച്ചേർക്കണമെന്ന് കർശനമായി നിർദ്ദേശിക്കുകയും ചെയ്യുന്നതെന്ന് വി. യോഹന്നാൻ വീണ്ടും വ്യക്തമാക്കുന്നുണ്ട്.
“പീലാത്തോസ് ഒരു ശീര്‍ഷകം എഴുതി കുരിശിനു മുകളില്‍ വച്ചു. അത് ഇങ്ങനെയായിരുന്നു: നസറായനായ യേശു; യഹൂദരുടെ രാജാവ്.
യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാല്‍ യഹൂദരില്‍ പലരും ആ ശീര്‍ഷകം വായിച്ചു. അത് ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ടിരുന്നു. യഹൂദരുടെ പുരോഹിത പ്രമുഖന്മാര് പീലാത്തോസിനോട് പറഞ്ഞു: യഹൂദരുടെ രാജാവ് എന്നല്ല, യഹൂദരുടെ രാജാവ് ഞാനാണ് എന്ന് അവന് പറഞ്ഞു എന്നാണ് എഴുതേണ്ടത്. പീലാത്തോസ് പറഞ്ഞു: ഞാനെഴുതിയത് എഴുതി” (യോഹ. 19:19-22).
INRI എന്ന് കുരിശിലെ ആ വാചകം ചുരുക്കുകയും ചെയ്തു.” യഹൂദരുടെ രാജാവ്, നസ്രായൻ ഈശോ” എന്നതിന്റെ ലത്തീനിലുള്ള ചുരുക്കപ്പേരാണിത് (Iesus Nazarenus Rex Iudaeorum). കത്തോലിക്കാ സഭ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നതിനാലും അവിടെ ലത്തീനായിരുന്നു ഔദ്യോഗിക ഭാഷ എന്നതിനാലുമാണ് ഹീബ്രു, ഗ്രീക്ക് ഭാഷകളെ പിന്നീട് ഉപേക്ഷിച്ച് ലത്തീൻ മാത്രം സ്വീകരിച്ചത്.
യേശുവിനെ പരിഹസിക്കുന്നതിന് പീലാത്തോസ് ചെയ്ത പ്രവർത്തിയാണെങ്കിലും നമ്മെ പാപത്തിൽ നിന്ന് രക്ഷിക്കാൻ വന്നവനെന്ന നിലയിൽ യേശു രാജാവ് തന്നെയാണ്. അവിടുത്തെ സിംഹാസനം കുരിശായിരുന്നു. കരുണയും സ്നേഹവുമായിരുന്നു അവിടുത്തെ നിയമസംവിധാനം. അവിടുന്ന് യഥാര്‍ത്ഥ രാജാവും നാമെല്ലാം അവിടുത്തെ അകമ്പടിവ്യൂഹവുമാണ്.