‘കുരിശിന്റെ വഴി’ പ്രാര്‍ത്ഥന

മിശിഹായുടെ പീഡാനുഭവത്തിന്റെവഴിത്താരകളില്‍ അവനെ ആത്മീയമായി പിഞ്ചെല്ലാനുള്ള ശ്രമമാണ് ‘കുരിശിന്റെ വഴി’ ഭക്തകൃത്യത്തിലൂടെ തിരുസ്സഭ നടത്തുന്നത്. നോമ്പുമായി ബന്ധപ്പെട്ട ദണ്ഡവിമോചനപ്രാപ്തിക്ക് കുരിശിന്റെ വഴി എത്തിക്കുകയോ മിശിഹായുടെ പീഡാനുഭവത്തെപ്പറ്റി അരമണിക്കൂറെങ്കിലും വായിച്ച് ധ്യാനിക്കുകയോ ചെയ്യേണ്ടത് ആവശ്യമാണ്.

1. യേശുവിനെ അവിടുത്തെ കുരിശിന്റെ പാതയില്‍, പതിനാലു സ്ഥലങ്ങള്‍ പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും അനുഗമിക്കുകയെന്നത് സഭയിലുള്ള പ്രാചീനമായ ഭക്തിപ്രകടനമാണ്. സവിശേഷമായി വലിയ നോമ്പുകാലത്തും വിശുദ്ധവാരത്തിലുമാണ് അത് നടത്തപ്പെടുന്നത്.

2. ഭക്തിയോടു കൂടി കുരിശിന്‍റെ വഴി എത്തിക്കുന്നതിലൂടെ മിശിഹായുടെ സഹനങ്ങളില്‍ പങ്കുപറ്റുന്നതിനുള്ള മനസ്സ് നാം പ്രകടമാക്കുന്നു. നമ്മുടെ പാപങ്ങളെക്കുറിച്ചുള്ള അനുതാപവും ആത്മീയശക്തി കൈവരിക്കുന്നതിനുള്ള ആഗ്രഹവും ഇതിലൂടെ പ്രകടമാകുന്നു.

3. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രതിസന്ധികളില്‍ കുരിശിന്‍റെ വഴി നടത്തിയിരുന്നതായും അത് ഫലദായകമായി അനുഭവപ്പെട്ടതായും പറഞ്ഞിട്ടുണ്ട്. മരണശയ്യയില്‍ ആയിരുന്നപ്പോഴും മറ്റുള്ളവരുടെ സഹായത്തോടെ അദ്ദേഹം കുരിശിന്‍റെ വഴി നടത്തിയിരുന്നു.

4. ദേവാലയത്തില്‍ കുരിശിന്‍റെ വഴി നടത്തുമ്പോള്‍ ഓരോ സ്ഥലത്തും മുട്ടുകുത്തി നിലംചുംബിച്ചു പ്രാര്‍ത്ഥിച്ചാണ് കുരിശിന്‍റെ വഴി മുമ്പോട്ടു പോകുന്നത്.

5. ഭക്തിപൂര്‍വ്വം കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹത്തെക്കുറിച്ച് സ്പെയിന്‍കാരനായ ബ്രദര്‍ സ്റ്റാനിസ്ലാവൂസിന് ഈശോ നല്കിയ വാഗ്ദാനങ്ങള്‍ സ്മരണാര്‍ഹങ്ങളാണ്.

  1. കുരിശിന്‍റെ വഴി നടത്തിക്കൊണ്ട് വിശ്വാസപൂര്‍വ്വം യാചിക്കുന്ന ഏതൊരനുഗ്രഹവും ഞാന്‍ നിങ്ങള്‍ക്ക് നല്കും.
  2. കൂടെക്കൂടെ കുരിശിന്‍റെ വഴി നടത്തുന്നവര്‍ക്ക് നിത്യരക്ഷ നല്കും.
  3. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കുകയും മരണസമയത്ത് പ്രത്യേകമായി സഹായിക്കുകയും ചെയ്യും.
  4. ഒരു വ്യക്തിയുടെ പാപം എത്രയധികമായിരുന്നാലും കുരിശിന്‍റെ വഴി പ്രാര്‍ത്ഥിക്കുന്നതിലൂടെ അത് മായിക്കപ്പെടുന്നു. (മാരകപാപങ്ങള്‍ ഉണ്ടെങ്കില്‍ കുമ്പസാരം നടത്തേണ്ടതാണ്.)
  5. കുരിശിന്‍റെ വഴി നിരന്തരം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേകമഹത്വമുണ്ടായിരിക്കും.
  6. ഈ ഭക്തി അനുഷ്ഠിക്കുന്നവരെ ശുദ്ധീകരണസ്ഥലത്തു നിന്ന് വേഗത്തില്‍ മോചിപ്പിക്കും.
  7. കുരിശിന്‍റെ വഴിയുടെ ഓരോ സ്ഥലത്തും ഞാന്‍ അവരെ അനുഗ്രഹിക്കുകയും എന്‍റെ അനുഗ്രഹം നിത്യത വരെ അവരെ പിന്തുടരുകയും ചെയ്യും.
  8. മരണസമയത്ത് പിശാചിന്‍റെ പ്രലോഭനങ്ങളില്‍ നിന്ന് ഞാന്‍ അവരെ രക്ഷിക്കുകയും സാത്താന്‍റെ ശക്തിയെ നിര്‍വീര്യമാക്കുകയും ചെയ്യും.
  9. സ്നേഹപൂര്‍വ്വം ഈ പ്രാര്‍ത്ഥന ചൊല്ലുന്നവരെ ഞാന്‍ എന്‍റെ കൃപയാല്‍ നിറച്ച് ജീവിക്കുന്ന സക്രാരിയാക്കും.
  10. ഈ പ്രാര്‍ത്ഥന നിരന്തരം നടത്തുന്നവരുടെ മേല്‍ എന്‍റെ ദൃഷ്ടി ഞാന്‍ ഉറപ്പിക്കും. എന്‍റെ കരങ്ങള്‍ അവരെ സംരക്ഷിക്കാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടായിരിക്കും.
  11. ഞാന്‍ ആണികളാല്‍ കുരിശിനോട് ചേര്‍ന്നിരിക്കുന്നതുപോലെ കുരിശിന്‍റെ വഴി നിരന്തരം നടത്തി എന്നെ ആദരിക്കുന്നവരോട് ഞാനും ചേര്‍ന്നിരിക്കും.
  12. എന്നില്‍ നിന്ന് അകന്നുപോകാന്‍ ഇടയാകാതിരിക്കാനും യാതൊരു മാരകപാപവും ചെയ്യാതിരിക്കുവാനുമുള്ള കൃപ ഞാന്‍ അവര്‍ക്കു കൊടുക്കും.
  13. മരണനേരത്ത് എന്‍റെ സാന്നിദ്ധ്യത്താല്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കുകയും അവരെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും. മരണം അവര്‍ക്ക് മാധുര്യമേറിയ ഒരു അനുഭവമായിരിക്കും.
  14. അവരുടെ ആവശ്യസമയത്ത് എന്‍റെ ആത്മാവ് സംരക്ഷണം നല്കുന്ന ഒരു കവചവും സഹായവുമായിരിക്കും.

കുരിശിനാലേ ലോകമൊന്നായി വീണ്ടെടുത്തവനേ
താണു ഞങ്ങള്‍ വണങ്ങുന്നു, ദിവ്യപാദങ്ങള്‍!

നോബിൾ തോമസ് പാറക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.