
ഫാ. പോൾ കുഞ്ഞാനായിൽ എം. സി. ബി. എസ്.
ക്രൈസ്തവ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്താനുഷ്ഠാനങ്ങളിലൊന്നാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥന. യേശുവിന്റെ സഹനമരണങ്ങളെക്കുറിച്ച് ധ്യാനിച്ച് അതിലേക്ക് അനുരൂപപ്പെടുത്താനുള്ള ഓരോ ക്രൈസ്തവന്റെയും വലിയ ആഗ്രഹത്തെയാണ് ഈ പ്രാര്‍ത്ഥന പ്രതിഫലിപ്പിക്കുന്നത്. ഇന്ന് നാം അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന കുരിശിന്റെ വഴി പതിനാല് സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനയാണ്. കുരിശിന്റെ വഴി പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരു സ്ഥലത്ത് നിന്ന് അടുത്ത സ്ഥലത്തേയ്ക്ക് നടന്നു കൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനയാണ് എന്നുള്ളതാണ്. ഇന്ന് നാം പ്രാര്‍ത്ഥിക്കുന്ന രീതിയില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന സഭയില്‍ ആരംഭിച്ചത് മധ്യനൂറ്റാണ്ടുകളിലാണ്. സഭയില്‍ ഏറ്റവും അറിയപ്പെടുന്ന വിശുദ്ധരായിരുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്, വിശുദ്ധ ബര്‍ണാഡ്, വിശുദ്ധ ബനവന്തൂര എന്നിവര്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും അക്ഷിണ പ്രയത്നം നടത്തിയിട്ടുണ്ട്. എന്നാല്‍ കുരിശിന്റെ വഴി പതിനാല് സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയതമായ പ്രാര്‍ത്ഥനാ രൂപം സ്വീകരിച്ചത് പിന്നെയും നൂറ്റാണ്ടുകള്ക്ക്ശേഷമാണ്. മധ്യനൂറ്റാണ്ടുകളില്‍ വിശുദ്ധ സ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിച്ച് അവിടെ പ്രാര്‍ത്ഥിക്കുന്ന ഒരു രീതി പ്രചുരപ്രചാരം നേടിയതോടെയാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥന പ്രചുരപ്രചാരം നേടിയത്.
കുരിശിന്റെ വഴി പ്രാര്‍ത്ഥനയുടെ ചരിത്രപശ്ചാത്തലം
കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുടെ ഉള്ളടക്കം ക്രിസ്തുവിന്റെ പീഡാസഹനവും മരണവും സംസ്കാരവുമാണ്. അവക്ക് സാക്ഷ്യം വഹിച്ച ജറുസലേമിലാണ് കുരിശിന്റെ വഴി പ്രാർത്ഥന ഉത്ഭവിക്കുന്നത്. കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുടെ ഏറ്റവും പ്രാചീന രൂപം വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടനം നടത്തിയ എജേരിയ എന്ന് പറയുന്ന തീര്‍ത്ഥാടകയുടെ യാത്രാവിവരണത്തില്‍ (Peregrinatio Egeriae) കാണാന്‍ സാധിക്കും. വിശുദ്ധ നാട്ടില്‍ വിശുദ്ധ വാരത്തില്‍ നടന്നിരുന്ന പ്രാര്‍ത്ഥനയെക്കുറിച്ചാണ് എജേരിയ ഇവിടെ വിവരിക്കുന്നത്. ക്രൈസ്തവര്‍ തീര്‍ത്ഥാടനമായി ഒലിവ് മലയില്‍ വന്ന് പ്രാര്ത്ഥിക്കുന്നതോടെയാണ് ഇത് ആരംഭിക്കുന്നത്. ആ പ്രാര്‍ത്ഥന നടന്നിരുന്ന സ്ഥലം ഇന്ന് വിശുദ്ധ എലയോനയുടെ ദേവാലയം – എലയോന എന്നാല്‍ “ഒലിവ്” എന്നര്‍ത്ഥം- എന്നറിയപ്പെടുന്നു (Pater Noster Church). പിന്നെ ഒലിവ് മലയിറങ്ങി ഗദ്സമേനില്‍ ഈശോ രക്തം വിയർത്തു പ്രാർത്ഥിച്ച സ്ഥലത്തേക്ക് വന്നു പ്രാര്‍ത്ഥിക്കുന്നു. അതിനുശേഷം കെദ്രോണ്‍ ആരുവി കടന്ന്, പീലാത്തോസിന്റെ കൊട്ടാരമുള്‍ക്കൊള്ളുന്ന സ്ഥലത്തുള്ള പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിച്ച് കാല്‍വരിയും കല്ലറയും ഉള്‍ക്കൊള്ളുന്ന വിശുദ്ധ തിരുക്കല്ലറയുടെ ദേവാലയത്തില്‍ അവസാനിക്കുന്ന ഒരു പ്രാര്ത്ഥനരീതി ആയിരുന്നു അത്. ഓരോ സ്ഥലത്തും പ്രത്യേകം സുവിശേഷങ്ങളില്‍ നിന്ന് യേശുവിന്റെ പീഡാസഹനത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗങ്ങള്‍ വായിച്ച് ധ്യാനിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. ഇതാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥനയുടെ ഏറ്റവും പ്രാചീനമായ രൂപം.
പിന്നീട് ഏറെ പ്രാധാന്യമുള്ള ഒരു വിവരണം കാണുന്നത് കുരിശുയുദ്ധങ്ങളുടെ കാലത്ത് വിശുദ്ധനാട് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച റീകോൾഡൊയുടെ (Ricoldo di Monte Croce) വിവരണത്തിലാണ്. അദ്ദേഹം വിശുദ്ധ നാട്ടില്‍ വന്നത് ഏകദേശം 1294 എ.ഡി. യോട് കൂടിയാണ്. ആ വിവരണമനുസരിച്ച് കുരിശിന്റെ വഴി ചില മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. പ്രാര്‍ത്ഥന തുടങ്ങുന്നത് ഒലിവ് മലയില്‍ നിന്നല്ല, മറിച്ച് യേശു തളര്‍വാത രോഗിയെ സുഖപ്പെടുത്തിയ ബത്സയ്ദ കുളം ഉള്‍ക്കൊള്ളുന്ന മാതാവിന്റെ ജനനഗൃഹത്തോട് ചേര്‍ന്നുളള സ്ഥലത്തുനിന്നാണ്. അവിടെ നിന്ന് പീലാത്തോസിന്റെ കൊട്ടാരമുള്‍ക്കൊള്ളുന്ന ദേവാലയത്തില്‍ വന്ന് പ്രാര്‍ത്ഥിച്ച് വിശുദ്ധ തിരുക്കല്ലറയില്‍ അവസാനിക്കുന്ന രീതിയിലാണ് ആ പ്രാര്‍ത്ഥന ഉണ്ടായിരുന്നത്.
പിന്നീട് കുരിശുയുദ്ധക്കാർക്കു ശേഷം പതിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ നാട്ടില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന പതിനാല് സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനയായി മാറുന്നതു കാണാം. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധനാട് സന്ദര്‍ശിച്ച വില്യം വേ എന്ന തീര്ത്ഥാടകന് നല്കുന്ന ഒരു വിവരണത്തിലുണ്ട്. അതനുസരിച്ച് കുരിശിന്റെ വഴി പതിനാല് സ്ഥലങ്ങളുളള ഒരു പ്രാര്‍ത്ഥന ആയി രൂപപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ആ പതിനാല് സ്ഥലങ്ങളുടെ ഉള്ളടക്കം ഇന്ന് നമ്മള് പ്രാര്‍ത്ഥിക്കുന്ന പതിനാല് സ്ഥലങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിരുന്നു. സിയോൺ മലയിൽ ആരംഭിച്ചു കാല്‍വരിയും കല്ലറയും ഉള്‍ക്കൊള്ളുന്ന വിശുദ്ധ തിരുക്കല്ലറയുടെ ദേവാലയത്തില്‍ അവസാനിക്കുന്ന ഒരു പ്രാര്‍ത്ഥന ആയിരുന്നു അത്.
കുരിശുയുദ്ധക്കാരെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ മുസ്ലീം രാജാക്കന്മാരുടെ ഭരണകാലത്തു വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തിന് വളരെ ബുദ്ധിമുട്ടുകള്‍ നേരിട്ടു. മാത്രമല്ല കുരിശിന്റെ വഴി പ്രാര്‍ത്ഥന കുരിശുയുദ്ധക്കാരുടെ സമയത്ത് നടത്തിയിരുന്നത് പോലെ നടത്താന്‍ അനുവാദമില്ലായിരുന്നു. അതുകൊണ്ട് വിശുദ്ധനാടിന്റെ ഉത്തരവാദിത്വം ഏല്പ്പിക്കപ്പെട്ടിരുന്ന ഫ്രാന്‍സിസ്ക്കന്‍ അച്ചന്മാര് വിശുദ്ധ നാട്ടില്‍ ചെയ്തിരുന്ന പ്രാര്‍ത്ഥന യൂറോപ്പില്‍ അവരുടെ ദേവാലയങ്ങളിലും ആശ്രമങ്ങളിലും ആരംഭിച്ചു. അങ്ങനെ 15, 16 നൂറ്റാണ്ടുകളില്‍ ഫ്രാന്‍സിസ്കന്‍ അച്ചന്മാര് അവരുടെ ആശ്രമങ്ങളോട് ചേര്‍ന്ന് വിശുദ്ധ നാട്ടിലെ യേശുവിന്റെ സഹനമരണങ്ങളെ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലെ ദേവാലയങ്ങളെ അനുസ്മരിച്ച് കൊണ്ട് ചെറിയ കപ്പേളകള്‍ സ്ഥാപിച്ച് ഇവിടെ കുരിശിന്റെ വഴി പ്രാര്‍ത്ഥന ആരംഭിച്ചു.
1686-ല്‍ ഇന്നസെന്റ് പതിനൊന്നാമന്‍ പാപ്പ ഫ്രാന്‍സിസ്കന്‍ അച്ചന്മാര്ക്ക് അവരുടെ ദേവാലയങ്ങളില്‍ കുരിശിന്റെ വഴി സ്ഥലങ്ങള്‍ ആരംഭിക്കുവാനും പ്രാര്‍ത്ഥിക്കുവാനുമുള്ള അനുവാദം ഔദ്യോഗികമായി നല്കി. പിന്നീട് 1731-ല്‍ ക്ലമന്റ് പന്ത്രണ്ടാമന് മാര്‍പാപ്പ എല്ലാ പള്ളികളിലേക്കും കുരിശിന്റെ വഴി പ്രാര്‍ത്ഥന നീട്ടാനുള്ള അനുവാദം കൊടുത്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കും എല്ലാ പള്ളികളിലും കുരിശിന്റെ വഴി പ്രാര്‍ത്ഥനകളും അതിന്റെ സ്ഥലങ്ങളും നിര്‍മ്മിക്കുന്ന രീതി നിലവില്‍ വന്നു.
ഇന്ന് നമ്മള് പ്രാര്‍ത്ഥിക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലെ മൂന്ന്, നാല്, ആറ്, ഏഴ്, ഒന്‍പത് എന്നീ സ്ഥലങ്ങള്‍ (ഈശോയുടെ മുന്ന് പ്രാവശ്യം കുരിശുമായിവീഴുന്നത്, മാതാവിനെ കണ്ടുമുട്ടുന്നത്, വെറോണിക്ക തിരുമുഖം തുടക്കുന്നത്) സുവിശേഷത്തില്‍ അധിഷ്ഠിതമല്ല, മറിച്ച് അവ സഭയുടെ പാരമ്പര്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നവയാണ്. ബാക്കി സ്ഥലങ്ങള്‍ സുവിശേഷത്തിലെ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ 1991 – ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ സുവിശേഷത്തില്‍ നിന്നുള്ള സംഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പതിനാല് സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥന ആരംഭിച്ചു. പിന്നീട് 2007-ല്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ ആ കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് ഔദ്യോഗികമായി അംഗീകാരം കൊടുക്കുകയും റോമില്‍ ആ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. എങ്കിലും ഇന്നും നമ്മുടെ ദേവാലയങ്ങളില്‍ പ്രചാരത്തിലുള്ളത് പരമ്പരാഗതമായ പതിനാല് സ്ഥലങ്ങള്‍ ഉള്ള പ്രാര്‍ത്ഥനകളാണ്.
ജറുസലേമിലെ കുരിശിന്റെ വഴി പ്രാര്‍ത്ഥന
ജറുസലേമിലെ കുരിശിന്റെ വഴി പ്രാര്‍ത്ഥന ഏറെ പ്രത്യേകതകളുള്ളതാണ്. മുസ്ലിം ഭരണാധികാരികൾ വിലക്കിയ കുരിശിന്റെ വഴി പ്രാര്‍ത്ഥന ജറുസലേമിൽ ഇന്നത്തെ രീതിയിൽ പുനരാരംഭിക്കുന്നതു 19-ാം നൂറ്റാണ്ടിലാണ്. ഫ്രാൻസിന് തുർക്കി സുൽത്താനോടുണ്ടായിരുന്ന സൗഹൃദം അതിനു സഹായകമായി. യൂറോപ്പിലെ അതെ രീതിയിൽ കുരിശിന്റെ വഴി പ്രാര്‍ത്ഥന ഇവിടെയും ക്രമപ്പെടുത്തി.
ജറുസലേമിലെ കുരിശിന്റെ വഴി പ്രാര്‍ത്ഥന ആരംഭിക്കുന്നതു ഈശോയെ മരണത്തിിന് വിധിക്കുകയും ചമ്മട്ടി കൊണ്ട് അടിക്കുകയും അവിടുന്ന് തന്റെ കുരിശെടുത്ത് കാല്‍വരിയിലേക്കുള്ള പ്രയാണം ആരംഭിക്കുകയും ചെയ്ത പീലാത്തോസിന്റെ കൊട്ടാരമുണ്ടായിരുന്ന സ്ഥലത്തുവച്ചാണ്. അന്നത്തെ പീലാത്തോസിന്റെ കൊട്ടാരം ഇന്ന് ഫ്ളജെല്ലേഷൻ മൊണാസ്റ്ററി, എച്ചേ ഹോമോ ആശ്രമം അവയുടെ നേരെ എതിര്‍വശത്തുള്ള സ്കൂള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്ഥലം ആയിരുന്നു. കുരിശിന്റെ വഴിയുടെ പ്രാരംഭ പ്രാര്‍ത്ഥന ആരംഭിക്കുന്നത് സ്കൂളിന്റെ മുറ്റത്ത് വച്ചാണ്.
ഒന്നാം സ്ഥലം (ഈശോ മരണത്തിനു വിധിക്കപ്പെടുന്നു) ഫ്ളജെല്ലേഷൻ മൊണാസ്റ്ററി ദേവാലയമാണ്. രണ്ടാം സ്ഥലം (ഈശോ കുരിശു ചുമക്കാനാരംഭിക്കുന്നു) എച്ചേ ഹോമോ ആശ്രമത്തിന്റെ ദേവാലയമാണ്. മൂന്നാം സ്ഥലം (ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു) അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ ദേവാലയത്തോട് ചേര്‍ന്നുള്ള ഒരു കൊച്ചുകപ്പേളയാണ്. നാലാം സ്ഥലം (യേശു വഴിയിൽ വച്ച് തന്റെ മാതാവിനെ കാണുന്നൂ) അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ ദേവാലയമാണ്. അഞ്ചാം സ്ഥലത്തും ആറാം സ്ഥലത്തും ഏഴാംസ്ഥലത്തും മനോഹരമായ ചെറിയ ദേവാലയങ്ങളുണ്ട്. എട്ടാം സ്ഥലം സൂചിപ്പിക്കുന്ന പിച്ചളയിലുള്ള ഫലകം ഗ്രീക്ക്ഓർത്തഡോൿസ് ആശ്രമത്തിന്റെ ഭിത്തിയിൽ കാണാം. ഒന്‍പതാം സ്ഥലം കോപ്റ്റിക് ഓർത്തഡോൿസ് പാത്രിയർക്കേറ്റ് ചാപ്പലായ വി. ഹെലേനയുടെ നാമത്തിലുള്ള ദേവാലയമാണ്. പത്ത് മുതല്‍ പതിനാലുവരെയുള്ള സ്ഥലങ്ങള്‍ കാല്‍വരി മലയും കല്ലറയും ഉള്‍ക്കൊള്ളുന്ന വിശുദ്ധ തിരുക്കല്ലറയുടെ ദേവാലയത്തിലാണ്. അതില്‍ പത്ത് മുതല്‍ പതിമൂന്ന് വരെയുള്ള സ്ഥലങ്ങള്‍ കാല്‍വരിമലയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന അതിമനോഹരമായ ദേവാലയത്തിലെ മൂന്ന് അള്‍ത്താരകളാണ്. പതിനാലാം സ്ഥലം യേശുവിന്റെ കല്ലറ ഉള്‍ക്കൊള്ളുന്ന എടിക്കുളമാണ്.
കുരിശിന്റെ വഴി പ്രാര്‍ത്ഥന ജറുസലേമില്‍ നടത്തുന്ന എല്ലാ വിശ്വാസികള്‍ക്കും പരിശുദ്ധ പിതാവ് പരിപൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ട്. അവർ കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടൊപ്പം മാർപ്പാപ്പയുടെ നിയോഗത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ഒരാഴ്ചക്കുള്ളിൽ വി. കുമ്പസാരവും വി. കുർബാനയും സ്വികരിക്കുകയും ചെയ്യേണ്ടതാണ്.
നമുക്ക് പ്രാര്‍ത്ഥിക്കാം: ഞങ്ങള്‍ക്ക് വേണ്ടി അതികഠിനമായ വേദനകള്‍ക്ക് വിധേയനാകുകയും കുരിശിലെ അപമാനപൂര്ണ്ണമായ മരണം ഏറ്റെടുക്കുകയും കല്ലറയിലെ ഇരുട്ടില്‍ സംസ്കരിക്കപ്പെടുകയും ചെയ്ത കാരുണ്യവാനായ യേശുവെ, നിന്റെ കുരിശിന് ചുവട്ടിലേക്ക് ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ സമര്‍പ്പിച്ച് കൊള്ളുന്നു. നിന്റെ കൂടെ കുരിശ് വഹിച്ചുകൊണ്ടുളള ജീവിതമാക്കി ഞങ്ങളുടെ ജീവിതങ്ങളെ മാറ്റേണമെ. ക്ലേശങ്ങളും ബുദ്ധിമുട്ടുകളും സഹനങ്ങളും വേദനകളും ജീവിതത്തിലുണ്ടാകുമ്പോള്‍ കുരിശ് വഹിച്ചു കൊണ്ടുള്ള നിന്റെ കൂടെ നടക്കാന്‍ ഞങ്ങളെ സഹായിക്കണെമെ.