ഫ്രാന്‍സിസ് പാപ്പായുടെ അതുല്യമായ പദസമ്പത്ത് വിഷയമാക്കിയുള്ള പുസ്തകം പുറത്തിറങ്ങി

ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളേയും ചിന്താധാരകളെയും കുറിച്ചുള്ള ഗ്രന്ഥം, ‘ദ വൊക്കാബുലറി ഓഫ് പോപ്പ്’ പുറത്തിറങ്ങി. റോമില്‍ പ്രവര്‍ത്തിക്കുന്നവരും അമേരിക്കന്‍ സ്വദേശികളും അറിയപ്പെട്ട എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമായ ജോഷ്വാ മാക്എല്‍വീയും സിന്റീ വൂഡനുമാണ് ഗ്രന്ഥകര്‍ത്താക്കള്‍. വത്തിക്കാന്റെ മുദ്രണാലയമാണ്, ഗ്രന്ഥം പുറത്തുകൊണ്ടുവരുന്നത്.

കിഴക്കിന്റെ പാത്രയര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥമന്റെ അവതാരികയും, ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ഷോണ്‍ ഓമാലിയുടെ മുഖപ്രസംഗവും ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. കാരണം രണ്ടു വ്യക്തികളും ഫ്രാന്‍സിസ് പാപ്പായെ അടുത്ത് അറിയുകയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്.

ഈ ഗ്രന്ഥം പാപ്പായുടെ പ്രബോധനങ്ങളിലെ ശ്രദ്ധേയമായ വാക്കുകളെയും ചിന്തകളെയും കുറിച്ചുള്ള വിലയിരുത്തലാണ്. പാപ്പായുടെ വാക്കുകള്‍ എങ്ങനെ സഭാശുശ്രൂഷയില്‍ സജീവമാകുന്നുവെന്നു ഗ്രന്ഥകര്‍ത്താക്കള്‍ സൂക്ഷ്മമായി വിശദീകരിക്കുന്നു. വാക്കുകള്‍ക്ക് പാലം പണിത് കൂട്ടിയിണക്കുവാനും, മതിലുകെട്ടി വ്യക്തികളെയും സമൂഹങ്ങളെയും വേര്‍പെടുത്തുവാനും അകറ്റിനിര്‍ത്തുവാനും കരുത്തുണ്ട്.

എന്നാല്‍ അവ സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും പാലം പണിയുന്ന ഘടകമായി പ്രവര്‍ത്തിക്കുമെന്നും അടുത്ത സുഹൃത്തും ആത്മീയതയില്‍ സഹോദരനെപ്പോലെ ജീവിക്കുകയും ചെയ്യുന്ന പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ അവതാരികയില്‍ രേഖപ്പെടുത്തുന്നു. വാക്കുകള്‍ക്കും അപ്പുറം കാരുണ്യവും ആര്‍ദ്രതയും ജീവിതനിയമമാക്കിയ ഒരു മനുഷ്യനിലെ ക്രിസ്തുരൂപമാണ് പാപ്പായെന്നും അദ്ദേഹം അവതാരികയില്‍ കുറിച്ചു.

അസ്സീസിയിലെ ഫ്രാന്‍സിസിനെ പിന്‍ചെന്ന് വിശുദ്ധനാകുവാന്‍ ആഗ്രഹിച്ച വിശുദ്ധ ഇംഗ്‌നേഷ്യസ് ലൊയോളയുടെ സഭാംഗമായ പാപ്പാ നൂറു ശതമാനവും ഒരു ഈശോസഭ സന്ന്യാസിയാണെന്ന് ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗവും, പാപ്പായുടെ സഭാനവീകരണ പദ്ധതിയിലെ പ്രധാന അംഗവുമായ കര്‍ദ്ദിനാള്‍ ഓമാലി ഗ്രന്ഥത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.

ഈശോസഭയുടെ പ്രേഷിതപ്രവര്‍ത്തന സമര്‍പ്പണവും, സമൂഹജീവിതത്തിന്റെ ചിട്ടയും, സമയബോധവും ഉള്‍ക്കൊള്ളുന്ന ജീവിതശൈലിയാണ് തന്നെ ഈശോസഭയിലേയ്ക്ക് ആകര്‍ഷിച്ചതെന്ന പാപ്പായുടെ വാക്കുകള്‍ അദ്ദേഹം മുഖപ്രസംഗത്തില്‍ ആവര്‍ത്തിക്കുന്നു. ഇറ്റാലിയനിലും ഇംഗ്ലീഷിലും ജൂണ്‍ 20ന് പുറത്തിറങ്ങിയ ഗ്രന്ഥം താമസിയാതെ മറ്റു ഭാഷകളിലും ലഭ്യമാകുമെന്ന് മുദ്രണാലയത്തിന്റെ പ്രസ്താവന അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.