ദൈവകാരുണ്യത്തിന്റെ മനുഷ്യ സ്പർശം

    ഫാ. ജസ്റ്റിന്‍

ദൈവ സ്നേഹത്തിന്റെ പരിമളം പരത്തിയ ആത്മീയ ഉണർവിന്റെയും സ്നേഹ വിസ്ഫോടനത്തിന്റെയും വിസ്മയനീയ ദിനങ്ങൾ… ഹെൽപ്പേഴ്‌സ് ഓഫ് ജീസസ് സന്യാസിനീ സമൂഹത്തിൽ നിന്നും സ്വർഗീയ സ്വാന്തനത്തിന്റെ കരങ്ങളുമായി മുട്ടാർ പ്രദേശത്ത്‌ പ്രളയ ദുരന്തത്തിന്റെ മരവിപ്പ് മാറാത്ത മനുഷ്യ മനസുകളെ ആശ്വസിപ്പിക്കാനായി മാലാഖാമാരായി അവരെത്തി.

ദൈവ കാരുണ്യത്തിന്റെ പ്രത്യേക ദൗത്യം ഏറ്റെടുത്തു സിസ്റ്റർ മർത്ത മണ്ഡലും സഹസന്യാസിനികളും മുംബൈയിലെ സ്നേഹ സാഗർ സൊസൈറ്റിയിൽ നിന്നും സന്ദർശനത്തിനും കാരുണ്യ പ്രവർത്തികൾക്കുമായി എത്തിയത് അവിസ്മരണീയമായ അനുഭവമായിരുന്നു. കേരളത്തെ കണ്ണീരിലാഴ്ത്തിയ തീവ്ര പ്രളയത്തിന്റെ വാർത്ത ശ്രവിച്ച ക്ഷണത്തിൽ തന്നെ തങ്ങളുടെ മെത്രാപ്പോലീത്തയുടെ അനുഗ്രഹാശീർവാദങ്ങളോടെ മുംബൈയിൽ നിന്നും കേരളത്തിലേക്ക് യാത്രയായി എന്നത് അവരുടെ ആത്മ സമർപ്പണത്തിന്റെയും ദൈവരാജ്യ സേവനത്തിന്റെയും ഉത്തമ നിദർശനമാണ്.

2018 സെപ്റ്റംബറിൽ മുട്ടാറിൽ എത്തിയ ദൈവ കാരുണ്യത്തിന്റെ ഈ സംവാഹകർ, ഹൃദയഭേദകമായ പ്രളയ ദുരന്ത കാഴ്ചകൾ ഭവന സന്ദർശനത്തിലൂടെ നേരിട്ട് അനുഭവിച്ചു അറിഞ്ഞപ്പോൾ എല്ലാം നഷ്ട്ടപ്പെട്ട മനുഷ്യ മനസുകൾക്ക് അത് വലിയ ആശ്വാസമായി. ഈ പ്രേദേശവാസികളുടെ കഷ്ടതകൾ കണ്ടറിഞ്ഞപ്പോൾ 3 ട്രക്ക് നിറയെ മെത്തകളും, ഭക്ഷണ സാധനങ്ങളും, വിവിധയിനംതുണിത്തരങ്ങളും, സ്കൂൾ മെറ്റീരിയൽസും, പാത്രങ്ങളും ഉൾപ്പടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ അയച്ചു തന്നത് ഈ നാട് ഒരിക്കലും മറക്കില്ല.

ജാതി മത ഭേദമെന്യേ ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ നൊമ്പരങ്ങൾ ഹൃദയത്തിലേറ്റു വാങ്ങി യാത്രയായത് കൊണ്ടാവാം കരുണ നിറഞ്ഞ മനസുമായി ഒക്ടോബർ മാസത്തിൽ ഈ സിസ്റ്റേഴ്സ് വീണ്ടും ഇവിടെ എത്തിയത്. അവരുടെ ത്യാഗ നിർഭരമായ സന്ദർശനത്തിനും സഹായത്തിനും ദൈവം പ്രതിഫലം നല്കട്ടെ എന്ന് ഞങ്ങൾ ഒന്ന് ചേർന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

സമ്പൂർണമായി തകർന്ന പതിനൊന്നോളം വീടുകളും ഭാഗികമായി തകർന്ന അറുപത്തിഅഞ്ചോളം വീടുകളും അനേകരുടെ ആത്മാർത്ഥമായ അകമഴിഞ്ഞ സഹായത്തിനായി കാത്തിരിക്കുന്ന അവസ്ഥ അവർ നേരിട്ട് കണ്ടപ്പോൾ ഭവനങ്ങളുടെ പുനർ നിർമാണത്തിനായി തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം ചെയ്യാമെന്നുള്ള ഉറപ്പും രണ്ടാം വരവിൽ അവർ നൽകി.

ആർദ്ര സ്നേഹത്തിന്റെ ആൾരൂപങ്ങളായി ഇവിടെ എത്തിയ പ്രിയ സിസ്റ്റേഴ്സിന് അകമഴിഞ്ഞ നന്ദി വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാവുന്നതല്ല. സ്വർഗ്ഗപിതാവിന്റെ കാരുണ്യത്തിന്റെ മുഖമായി ദൈവ സ്നേഹത്തിന്റെ വാനമ്പാടികളായി മാറിയ പ്രിയ സിസ്റ്റേഴ്സിന്റെ സ്നേഹ സേവനങ്ങളെ ദൈവ തിരുമുമ്പില്‍ നന്ദിയോടെ ഓർക്കുന്നു . അവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും ദൈവകൃപ യാചിക്കുന്നു. മുട്ടാർ നിവാസികൾക്കുവേണ്ടി

ഫാ. ജസ്റ്റിൻ കായംകുളത്തുശേരി
(വികാരി, സെന്റ്. തോമസ് ചർച്,മുട്ടാർ )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.