മുസ്ലീം സഹോദരങ്ങള്‍ക്ക് തിരുനാള്‍ ആശംസകളുമായി മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി

ഇസ്ലാം സഹോദരങ്ങളുടെ പുണ്യമാസമായ റംസാന്‍ മാസത്തോടും അതിന്റെ സമാപനം കുറിക്കുന്ന ഈദുല്‍ ഫിത്തര്‍ തിരുനാളിനോടും അനുബന്ധിച്ച് ഈ വര്‍ഷവും സന്ദേശം നല്‍കിയിരിക്കുകയാണ് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി.

ആത്മീയസൗഖ്യപ്രാപ്തിയുടെയും വളര്‍ച്ചയുടെയും, പാവപ്പെട്ടവരുമായുള്ള പങ്കുവയ്ക്കലിന്റെയും, ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തലിന്റെയും സമയമാണ് റംസാന്‍ മാസവും ഈദുല്‍ ഫിത്തര്‍ തിരുനാളും എന്ന് പൊന്തിഫിക്കല്‍ സമിതി സന്ദേശത്തില്‍ പറഞ്ഞു. സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മിഗേല്‍ ആംഹെല്‍ അയുസൊ ഗിസോതും കാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ ഇന്ദുനില്‍ കൊദിത്തുവാക്കു ജനകരത്‌നെ കങ്കണമലാഗെയുമാണ് പ്രസ്തുത സന്ദേശത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ സാഹോദര്യം വളര്‍ത്താനുള്ള സവിശേഷാവസരങ്ങളാണ് റംദാനും ഈദുല്‍ ഫിത്തറുമെന്ന് സന്ദേശത്തില്‍ പറയുന്നു. ക്രൈസ്തവരും മുസ്ലീങ്ങളും അതുപോലെ തന്നെ ഇതര മതങ്ങളും ആരാധനായിടങ്ങള്‍ക്കു നല്കുന്ന അതീവ പ്രാധാന്യം അടിവരയിട്ടു കാട്ടുന്ന ഈ സന്ദേശത്തില്‍ ആദ്ധ്യാത്മികാതിഥ്യത്തിന്റെ വേദികളാണ് ആരാധനായിടങ്ങളെന്നും പ്രസ്താവിക്കുന്നു.

ആരാധനായിടങ്ങള്‍ പലപ്പോഴും ആക്രമിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്ന മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി ഈ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നു വ്യക്തമാക്കുകയും ആരാധനയിടങ്ങള്‍ക്കു സംരക്ഷണമേകാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ യത്‌നങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്യുന്നു.