കൊച്ചി: ക്രിസ്മസിനെ വര്‍ണാഭമാക്കുന്നത് മിന്നിത്തെളിയുന്ന നക്ഷത്രങ്ങളും ഇരുള്‍വെളിച്ചത്തില്‍ ശോഭിക്കുന്ന പുല്ക്കൂടുകളുമാണെങ്കിലും ക്രിസ്മസ് രാവുകള്‍ക്ക് സാന്ദ്രത പകരുന്നത് കാരള്‍ ഗാനങ്ങളുടെ മാറ്റൊലിയാണ്. കാരള്ഗീതങ്ങളെന്നു കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സിലാദ്യമുയരുന്നത് ‘കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും. പാടും രാപ്പാടിയും കാറ്റിന് മര്‍മ്മരവും വിണ്നാഥന് താരാട്ടുപാടി’ എന്ന ഇമ്പമാര്‍ന്ന ഗാനമാണ്. ഈ ഗാനം പിറന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടുവെങ്കിലും ഇന്നും ഗായകര്‍ക്കിടയിലും ശ്രോതാക്കള്ക്കിടയിലും സൂപ്പര്‍ഹിറ്റ് കാരള്‍ ഗീതമാണിത്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ കാലം കഴിയുന്തോറും ഇതിന്റെ മാറ്റ് കൂടി വരുകയാണ്. ഈ ക്രിസ്മസ് ഗാനത്തിന് ഈ വര്‍ഷം ഇരട്ടദശപൂര്ണ്ണിമയുടെ ഒളിവിതറുകയാണ്.
ഒരു ശാന്തരാവിന്റെ മനോഹാരിതയും ഹൃദയങ്ങളില്‍ ഭക്തിയുടെ നറുനിലാവെട്ടവും തെളിക്കുന്ന ഈ ഗാനം രചിച്ചത് 1987-ലെ ക്രിസ്മസ് കാലത്താണ്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനും പാലാരിവട്ടം സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് ഇടവകാംഗവുമായ ഷൈജു കേളന്തറ രചിച്ച് വടുതല സെന്റ് ആന്റണീസ് ഇടവകാംഗം ജോണ്സണ് മങ്ങഴ ഈണമിട്ട് ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ഇടവകാംഗം കെസ്റ്റര്‍ പണ്ഡ്യത്തുംപറമ്പില് ആലപിച്ച ഈ ഗാനം രണ്ടുപതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും നിത്യനൂതനവും ആസ്വാദ്യകരവുമായി ഒളിവിതറി നില്ക്കുന്നു.
ക്രൈസ്തവഗാനരംഗത്തും ചലച്ചിത്ര സംഗീതരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്സണ് മങ്ങഴയെ ശ്രദ്ധേയനാക്കിയ ഗാനവും കണ്ണുചിമ്മും താരകളാണ്. ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെ നിരവധി ഗാനങ്ങള്‍ക്ക് ഈ അനുഗൃഹീത കലാകാരന് ഈണം പകര്‍ന്നിട്ടുണ്ട്. ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പിലിന്റെ തൂലികയില്‍ നിന്നും പിറന്ന ‘ശാന്തമായ രാത്രി’ എന്ന ഗാനത്തിന്റെ ഈണവും ജോണ്‍സന്റെ ഹിറ്റുകളിലൊന്നാണ്. വരാപ്പുഴ അതിരൂപതയുടെ കലാമാധ്യമ വിഭാഗമായ സിഎസിയില്‍ നിന്നും വെസ്റ്റേണ്‍ മ്യൂസിക് പരിശീലിക്കുകയും ലണ്ടന്‍ ട്രിനിറ്റി കോളജില്‍ നിന്നും സംഗീത ഗ്രേഡുകള്‍ കരസ്ഥമാക്കുകയും ചെയ്തതോടെ സംഗീതത്തിന്റെ സമസ്ത മേഖലകളെയും ജോണ്സണ് സ്പര്‍ശിച്ചറിഞ്ഞു. എഴുന്നൂറിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുള്ള ജോണ്സണ് മങ്ങഴ അന്‍പതിലധികം സിഡികളും റിലീസ് ചെയ്തിട്ടുണ്ട്. ജോണ്സണ് സംഗീതം തൊഴിലല്ല; അതൊരു സിദ്ധിയാണ്.
കോട്ടപ്പുറം രൂപത സാമൂഹ്യസേവന വിഭാഗം കിഡ്സിന്റെ ‘സ്നേഹസങ്കീര്ത്തന’ത്തിനും കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ആന്തത്തിനും ഈണമൊരുക്കിയത് ജോണ്‍സനാണ്. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിന്റെ ആകസ്മിക വിയോഗത്തില്‍ നഗരികാണിക്കലില്‍ ‘ഇടയന് യാത്രാമൊഴി’യായി റവ. ഡോ. വിന്‍സന്റ് വാര്യത്ത് രചിച്ച ‘സ്വര്ഗഗേഹത്തില് ചെന്നു ചേരാന്‍ ഇടയന് പോകുന്നു, ഏകനായ്’ എന്ന ഗാനത്തിന് ഇന്‍സ്റ്റന്റായി സംഗീതം പകര്‍ന്നത് ജോണ്‍സനായിരുന്നു. വിശ്വാസി സമൂഹത്തിന്റെ കണ്ണുകളെ ഈറനണിയിച്ച് ഹൃദയത്തെ സ്പര്‍ശിച്ച ഭക്തിസാന്ദ്രമായ യാത്രാമൊഴിയായിരുന്നത്.
150-ല്‍പ്പരം ഗാനങ്ങളുടെ രചയിതാവാണ് കാസര്‍ഗോഡ് ബദിയടുക്ക ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷനിലെ സീനിയര്‍ അസിസ്റ്റന്റായ ഷൈജു കേളന്തറ. എന്നാല്‍ തന്റെ തൂലികയില്‍ നിന്ന് പിറവികൊണ്ട ആദ്യഗാനമായ കണ്ണുചിമ്മും താരകള്‍ തന്നെയാണ് തനിക്കിന്നും ഏറ്റം പ്രിയങ്കരവും ഹൃദ്യമായതെന്നും ഷൈജു വെളിപ്പെടുത്തുന്നുണ്ടെങ്കിലും കരുണകൊന്തയിലെ ‘കരുണയുള്ള ദൈവമേ കനിവു തോന്നണേ…’ എന്നാരംഭിക്കുന്ന ഗാനം വിശ്വപ്രസിദ്ധമാണ്. ശിലാഹൃദയരില്പോലും അനുതാപത്തിന്റെ കുളിര്‍മഴ പെയ്യിക്കുന്ന ഗാനമാണിത്. ഗാനരചനയില്‍ മാത്രമല്ല ഷൈജുവിന്റെ മികവ്. കോളവളം, വാന്‍ഗോഗും ചെവികളും എന്നീ രണ്ട് കഥാസമാഹാരങ്ങളും ഷൈജുവിന്റേതായിട്ട് പുറത്തിറങ്ങിയിട്ടുണ്ട്.
ക്രൈസ്തവഗായകരില് ആലാപന സൗകുമാര്യം കൊണ്ട് ശ്രദ്ധേയനായ ഗായകനാണ് കെസ്റ്റര്‍. എണ്ണമറ്റ ഗാനങ്ങളാണ് ആ ശബ്ദത്തിലൂടെ ക്രൈസ്തവ ജനതയുടെ മനം കുളിര്പ്പിച്ചിട്ടുള്ളത്. വരാപ്പുഴ അതിരൂപതയിലെ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മ സംഗീതരംഗത്തും സജീവ സാന്നിധ്യമാണ് കെസ്റ്റര്‍. രചനാ സൗഷ്ഠവം കൊണ്ടും ഈണത്തിന്റെ മാസ്മരികത കൊണ്ടും ആലാപനത്തിന്റെ മാധുര്യം കൊണ്ടും കണ്ണുചിമ്മും താരകള്‍ കാലങ്ങള്‍ക്കപ്പുറത്തേക്കും ചന്ദ്രിക നിലാവുപരത്തി നില്ക്കുമ്പോള് ഈ അനുഗൃഹീത ത്രിമൂര്‍ത്തികള്‍ വിനയാന്വിതരാകുന്നു.
ഒരുവര്‍ഷത്തില്‍ പങ്കെടുത്ത കാരള്ഗീത മത്സരങ്ങളിലുടനീളം ഒരേഗാനം ആലപിച്ച് ഒന്നാം സമ്മാനം പൂര്‍ണ്ണമായും സ്വന്തമാക്കിയ ഖ്യാതി കണ്ണുചിമ്മും താരകള്ക്കുമാത്രം അവകാശപ്പെട്ടതാണ്. അങ്കമാലി മെലഡീസ് ഗായകസംഘം ഈ അവകാശത്തിനുടമകളായവരാണ്. നേവി ബാന്ഡുപോലും ബ്യൂഗിളില്‍ ഈ ഗാനം ആലപിച്ച് മുക്തകണ്ഠ പ്രശംസ നേടിയിട്ടുള്ളതാണ്. കൊച്ചിയിലെ നൃത്തസംഘങ്ങള്‍ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിലൂടെ പ്രേക്ഷകസദസ്സുകള്ക്ക് വിസ്മയകാഴ്ചയൊരുക്കിയിട്ടുണ്ട്. സിഎസി നടത്തിയ സിങ്ങിങ് ക്രിസ്മസ് ട്രീയിലെ സൂപ്പര്‍ ഹിറ്റ് ഗാനവും ഇതുതന്നെയായിരുന്നു.
ജോസ് ക്ലെമന്റ്