
2014-ല്‍ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി വത്തിക്കാനില്‍ പ്രാദേശിക സഭാതലത്തില്‍ തുടങ്ങിവച്ച ‘കര്‍ത്താവിനായി 24 മണിക്കൂര്‍’ എന്ന നോമ്പുകാലാചരണം സഭയില്‍ മുഴുവന്‍ വേണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഇക്കൊല്ലം മാര്‍ച്ച് 13 ശനിയാഴ്ചയാണ് കര്‍ത്താവിനായുള്ള 24 മണിക്കൂറിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കുമ്പസാരത്തിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും ദൈവത്തോട് അനുരഞ്ജനപ്പെടാനും ദൈവത്തോടൊപ്പം സമയം ചിലവഴിക്കാനും അവസരമൊരുക്കുന്ന ഈ ദിവസത്തില്‍ ലോകത്തിലെ എല്ലാ രൂപതകളിലും ഒരു ദേവാലയമെങ്കിലും 24 മണിക്കൂര്‍ തുറന്നുവയ്ക്കണമെന്നും പാപ്പാ നിര്‍ദ്ദേശിക്കുന്നു.
പ്രാര്‍ത്ഥനയുടെയും പാപസങ്കീര്‍ത്തന കൂദാശയുടെയും പ്രാധാന്യം അടിവരയിട്ടു കാട്ടുന്ന ഒരു ആചരണമാണ് ‘കര്‍ത്താവിനായി 24 മണിക്കൂര്‍’. ‘കര്‍ത്താവ് എല്ലാ തെറ്റുകളും പൊറുക്കുന്നു’ എന്ന നൂറ്റിമൂന്നാം സങ്കീര്‍ത്തനത്തിലെ മൂന്നാം വാക്യമാണ് ഇത്തവണ ഈ ദിനാചരണത്തിന്റെ വിചിന്തന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.