അംഗന്‍വാടി ടീച്ചേഴ്‌സിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അംഗന്‍വാടി ടീച്ചേഴ്‌സിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ അന്ധ-ബധിരവൈകല്യമുള്ളവരുടെ ഉന്നമനത്തിനായി കെ. എസ്. എസ്. എസ്. നടപ്പിലിക്കിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. കെ. എസ്. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി. സി. പി. ബി. എന്നിവര്‍ പ്രസംഗിച്ചു.

അന്ധ-ബധിര വ്യക്തികള്‍ നേരിടുന്ന പ്രയാസങ്ങള്‍, അവകാശസംരക്ഷണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിക്ക് സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സായ പ്രിതി പ്രതാപന്‍, പെറ്റ്‌സി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയില്‍നിന്നും ഉദയാനാപുരം ഗ്രാമപഞ്ചായത്തില്‍ നിന്നുമുള്ള അംഗന്‍വാടി ടീച്ചേഴ്‌സിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അംഗന്‍വാടി ടീച്ചേഴ്‌സിലൂടെ അന്ധ-ബധിരവൈകല്യമുള്ളവരുടെ നേരത്തെയുള്ള കണ്ടെത്തലിനും സുസ്ഥിര ക്ഷേമപ്രവര്‍ത്തനങ്ങളുടെ ലഭ്യമാക്കലിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.