കലകളിലൂടെ കത്തോലിക്കാ വിശ്വാസത്തിലേക്കെത്തിയ ജാപ്പനീസ് ചിത്രകാരൻ

കലകൾക്ക് മനുഷ്യന്റെ ചിന്തകളെ മാറ്റാൻ കഴിയുമോ? കഴിയുമെന്ന് മാത്രമല്ല പുതിയ വഴിയിലൂടെ നയിക്കുവാനും കഴിയും. അതിനു ഉദാഹരണമാണ് ജാപ്പനീസ് ചിത്രകാരനായ ഒസാമു ജിയോവന്നി മിസീക്കോയുടെ ജീവിതം. അക്രൈസ്തവനായ മെസീക്കോ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് ആകൃഷ്ടനാകുന്നതും ആ വിശ്വാസം സ്വീകരിക്കുന്നതിനായി അയാളെ ഒരുക്കിയതും ചിത്രങ്ങളായിരുന്നു.

ചിത്രരചനയിൽ ചെറുപ്പം മുതൽ താല്പര്യം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. ചിത്രങ്ങൾ വരയ്ക്കാൻ വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. അതിനാൽ തന്നെ ചിത്രരചനയെകുറിച്ച് കൂടുതൽ പഠിക്കണമെന്ന് മെസികോയ്ക് തോന്നിത്തുടങ്ങി. ആ ആഗ്രഹം അവനെ കൊണ്ടെത്തിച്ചത് ഇറ്റലിയിലാണ്. അവിടെ ചിത്രങ്ങളെ കുറിച്ച് പഠിക്കുവാൻ സാദ്ധ്യതകൾ ഏറെയായിരുന്നു.

ഇറ്റലിയിലേക്ക് വരുന്ന സമയത്ത് ക്രിസ്തു ആരെന്നോ, ബൈബിൾ എന്താണെന്നോ, എന്താണ് ക്രിസ്തു മതമെന്നോ അറിയില്ലായിരുന്നു മെസികോയ്ക്. അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് പറയുന്നതാവും സത്യം. എന്നാൽ മെസിക്കൊ ഇറ്റലിയിൽ വന്നതിനു ശേഷം വലിയ കലാകാരന്മാരുടെ ചിത്രങ്ങളെ ശ്രദ്ധിച്ചു തുടങ്ങി. 2008 ൽ ഡാവിഞ്ചി, മൈക്കിൾ ആഞ്ചലോ തുടങ്ങിയ വിശ്വ പ്രസിദ്ധ കലാകാരന്മാരുടെ കലകൾ തേടിയുള്ള യാത്രകൾ തുടങ്ങുന്നിടത്തു നിന്നാണ് യഥാർത്ഥത്തിൽ ഈ യുവാവിന്റെ ക്രിസ്തുവിലേക്കുള്ള യാത്ര തുടങ്ങുന്നത്.

ഇവരുടെ ചിത്രങ്ങളിലൂടെ ആ മുപ്പത്തേഴുകാരൻ കടന്നു പോയി. ഈശോയും ശിഷ്യന്മാരും അന്ത്യത്താഴവും ഒക്കെ ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ മെസീക്കോയ്ക്ക് മാത്രം സംഭവങ്ങൾ എന്താണെന്നു പിടികിട്ടിയില്ല. ഈ മീൻപിടുത്തക്കാരൻ ആരാണ്? ഒരു ചിത്രം ചൂണ്ടി മെസീക്കോ തന്റെ കത്തോലിക്കനായ സുഹൃത്തിനോട് ചോദിച്ചു. ആ സുഹൃത്താണ് വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും ഉള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളാണ് അവ എന്നും പറഞ്ഞു ബൈബിൾ പരിചയപ്പെടുത്തുന്നതും ക്രിസ്തുമതത്തെകുറിച്ച് പറയുന്നതും.

വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനു മുൻപ് തന്നെ ഞാൻ ആ ചിത്രങ്ങൾ കണ്ടു. എന്നാൽ അവ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിൽ ഒരു അറിവും ഉണ്ടായിരുന്നില്ല. നാട്ടിൽ പുറത്തെ ചൊല്ല് പോലെ ‘പൊട്ടൻ ആട്ടം കാണുന്നത് പോലെ’ അവയൊക്കെ നടന്നു കണ്ടു. പിന്നീട് പതിയെ ബൈബിൾ വായിച്ചു സംഭവങ്ങൾ മനസിലാക്കാൻ തുടങ്ങി. ഇത് കൂടാതെ ഐറിഷ് റിലീജ്യസ് ആർട്ടിസ്റ്റും കത്തോലിക്കാനും ആയ ഡാനി മക്മാനസുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹത്തെ കത്തോലിക്കാ സഭയുമായി അടുപ്പിച്ചു.

മക്മാനസ് സുവിശേഷകനായ യോഹന്നാന്റെ ശരീരത്തെകുറിച്ചുള്ള തിയോളജി മെസീക്കോയ്ക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു. അത് മെസീക്കോയെ വളരെയേറെ ആകർഷിച്ചു. അങ്ങനെ മെസീക്കോ കത്തോലിക്കാസഭയെകുറിച്ച് പഠിക്കുകയും 2010 ൽ മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു.

“കത്തോലിക്കാ സഭയിലേക്കുള്ള എന്റെ വാതിലായിരുന്നു കല. സൃഷ്ടാവിന്റെ സൃഷ്ഠിയുടെ മനോഹാരിത അതിന്റെ പൂർണ്ണതയിൽ മനസിലാക്കുവാൻ ചിത്രകല എന്നെ സഹായിച്ചു. എന്നോട് കരുണ കാണിച്ച ദൈവത്തിനു നന്ദി. കാരുണ്യവാനായ ദൈവത്തെയായിരുന്നു ആ ചിത്രങ്ങളിൽ ഞാൻ കണ്ടത്. ആ ചിത്രങ്ങളിലൂടെ കാരുണ്യവാനായ ദൈവം എന്നോടും സംസാരിക്കുകയായിരുന്നു.” മെസീക്കോ വെളിപ്പെടുത്തി.

ഇപ്പോൾ ബൈബിളും വിശുദ്ധരും കത്തോലിക്കാ സഭയുമായി ചേർന്ന് നിൽക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടു സ്വയം ചിത്രങ്ങൾ വരച്ചു തുടങ്ങി ഈ മുപ്പത്തേഴുകാരൻ. 2018 ൽ നാഗസാക്കി രൂപതയ്ക്കായി ഒരു ചിത്രം വരച്ചു നൽകി. സ്ഫോടനത്തിന്റെ ഫലമായി ഉയരുന്ന പുകയുടെ മധ്യത്തിൽ നിൽക്കുന്ന മാതാവിന്റെ ചിത്രം. ഈ ചിത്രം നാഗസാക്കി അമലോത്ഭവ മാതാവിന്റെ നാമത്തിൽ ഉള്ള കത്തീഡ്രലിന്റെ ചുവരിൽ രൂപതാധികൃതർ പ്രതിഷ്ഠിച്ചു. പ്രതീക്ഷയുടെ അടയാളമായി.

ചിത്രങ്ങളിലൂടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന മെസീക്കോ തനിക്കു ദൈവത്തിലേക്കുള്ള വഴിയൊരുക്കിയ ചിത്രങ്ങളിലൂടെ തന്നെ സുവിശേഷം അനേകരിലേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ.