

ഏറെ നാളത്തെ കാത്തിരിപ്പിനും ഒരുക്കങ്ങൾക്കും ശേഷം ആണ് ഒരു കുഞ്ഞു ഭൂമിയിലേയ്ക്ക് ജനിക്കുന്നത്. അമ്മയുടെ ഉദരത്തിൽ ശിശു രൂപപ്പെട്ടു തുടങ്ങുന്നത് മുതൽ അമ്മ കുഞ്ഞിനെ ലോകം കാണിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പലപ്പോഴും പ്രസവത്തിനായുള്ള ആശുപത്രിയിലേക്കുള്ള അമ്മമാരുടെ യാത്ര ഏറെ ടെൻഷൻ പിടിച്ച ഒന്നാണ്. ഒൻപതു മാസം തന്റെ ഉദരത്തിൽ വളർന്ന കുഞ്ഞിനെ ലോകത്തിലേയ്ക്ക് സമ്മാനിക്കുന്നതിനു മുന്നോടിയായുള്ള നിമിഷങ്ങളിൽ അത്തരം ടെൻഷനുകൾ സാധാരണമാണ്.
പ്രസവത്തിനു മുൻപ് ആശുപതിയിലേക്കുള്ള യാത്രയിൽ കത്തോലിക്കയായ ഒരു ഗർഭിണിയുടെ ബാഗിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ചില വിശുദ്ധ വസ്തുക്കൾ ഉണ്ട്. പ്രാർത്ഥനയോടെ, വിശുദ്ധിയോടെ ഈ ലോകത്തിലേക്ക് ദൈവം തന്ന സമ്മാനത്തെ സ്വീകരിക്കുന്ന അമ്മമാരെ സഹായിക്കുന്ന ആ ഏഴ് വിശുദ്ധ വസ്തുക്കൾ ചുവടെ ചേർക്കുന്നു:
1. ജപമാല
പ്രസവത്തിനായി കയറുമ്പോൾ ജപമാല ഒരു അമ്മയുടെ കൈവശം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ആവശ്യ ഘട്ടങ്ങളിൽ മാതാവിനോടുള്ള മധ്യസ്ഥവും സാമീപ്യവും അനുഭവിക്കുവാൻ ജപമാല കാരണമായി തീരും. മറ്റു വൈദ്യശാസ്ത്രപരമായ തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ പ്രസവ സമയത്ത് ജപമാല കരങ്ങളിൽ ചുറ്റിയിടുന്നത് വളരെ ആശ്വാസപ്രദമായിരിക്കും. അത് ആത്മീയമായ ഒരു ശക്തി പകരുന്നതിനു കാരണമാകും.
2. നന്ദിയുടെ പുസ്തകം
ഗർഭിണി ആയി എന്ന് അറിയുന്ന നിമിഷം മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അനുഗ്രഹങ്ങളെ ഒരു ബുക്കിൽ കുറിച്ച് വയ്ക്കാം. അവയോർത്ത് ദൈവത്തിനു നന്ദി പറയാം. നമുക്ക് സന്തോഷം തരുന്ന ഓരോ കാര്യവും എഴുതി വയ്ക്കുവാനും നന്ദി പറയുവാനും ശ്രമിക്കണം. പിന്നീട് ശാരീരികമായ അവശതകൾ കൂടുമ്പോൾ മാനസികമായ ബലം കുറയുമ്പോൾ ഈ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ വായിക്കുക. അപ്പോൾ ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങളെ കുറിച്ച് ബോധവാന്മാരാകും.
3. വിശുദ്ധ ജലം
ആശുപത്രിയിൽ എത്തിയ ശേഷം വെഞ്ചരിച്ച വെള്ളം കിടക്കയിലും മുറിയിലും തളിച്ച് കൊണ്ട് നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനും ദൈവത്തിന്റെ സംരക്ഷണം ലഭിക്കുന്നതിനായി പ്രാർത്ഥിക്കണം. ഗർഭിണിയുടെ ഉദരത്തിൽ ആയിരിക്കുന്ന ശിശുവിന്റെ മേലും തളിച്ച് പ്രാർത്ഥിക്കണം. ഇടയ്ക്ക് വിശുദ്ധ ജലം കുടിക്കുന്നതും നല്ലതാണ്.
4. പ്രാർത്ഥനാ കാർഡ്
ഒരു പ്രാർത്ഥനാ കാർഡ് ഇപ്പോഴും കയ്യിൽ കരുതുന്നത് നല്ലതാണ്. ഇഷ്ട വിശുദ്ധരോടുള്ള പ്രാർത്ഥനകളോ അവരുടെ ചിത്രങ്ങളോ ഒക്കെയാവും അത്. ഇത് കൈയിൽ സൂക്ഷിക്കുന്നത് പ്രാർത്ഥനാപരമായ അന്തരീക്ഷം മനസ്സിൽ സൂക്ഷിക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം നിരന്തരം തേടുന്നതിനും സഹായകമാകും.
5. വിശുദ്ധമായ വസ്തുക്കൾ
വെഞ്ചരിച്ച വസ്തുക്കൾ, കാശുരൂപം, വിശുദ്ധരുടെ ജീവചരിത്രം തുടങ്ങിയവ കൈയ്യിൽ സൂക്ഷിക്കുന്നതും ഇടക്കിടെ അത് വായിക്കുന്നതും ഗർഭിണികളെ വിശുദ്ധവും സുരക്ഷിതവുമായ ചിന്തകളിലേക്ക് നയിക്കും. പ്രസവത്തോടു അനുബന്ധിച്ചുണ്ടാകുന്ന ആകുലതകൾ നീങ്ങുവാനും പ്രത്യാശയിലും ദൈവത്തിലുള്ള ആശ്രയത്വത്തിലും വളരുവാനും ഇവ സഹായിക്കു൦.
6. ബൈബിൾ
വിശുദ്ധ ഗ്രന്ഥം അത് ദൈവത്തിന്റെ വചനമാണ്. കഷ്ടതകളിൽ ആശ്വാസം പകരുന്ന ദൈവത്തിന്റെ വചനം. ഈ വചനങ്ങളിലൂടെ ഗർഭകാലത്ത് കടന്നു പോകുന്നത് ഗർഭിണികളിൽ ആത്മീയമായ ശക്തി പ്രദാനം ചെയ്യുകയും ദൈവവുമായുള്ള ആഴമായ ബന്ധത്തിലേക്ക് വളരുവാൻ സഹായിക്കുകയും ചെയ്യും. ഉദരത്തിൽ കൈവച്ചു കൊണ്ട് വചന ഭാഗങ്ങൾ ആവർത്തിച്ചു ചൊല്ലുമ്പോൾ ആ വചനത്തിന്റെ ശക്തി കുഞ്ഞിലേക്ക് കടന്ന് ചെല്ലുകയും ശിശുവിനെ ശക്തിപ്പെടുത്തുകയും അഭിഷേകത്താൽ നിറയ്ക്കുകയും ചെയ്യും. ഇത് താൻ കടന്നുവരാൻ പോകുന്ന ലോകത്തിൽ വിശുദ്ധിയോടെ ജീവിക്കുവാൻ കുഞ്ഞിനെ ഒരുക്കും.
7. കുരിശുരൂപം
ആത്മീയമായ വലിയ ഒരു സംരക്ഷണം നൽകുന്ന ആയുധമാണ് കുരിശുരൂപം. ഗർഭിണിയായ ഒരാളുടെ കൈവശം കുരിശു രൂപം ഉണ്ടായിരിക്കുന്നത് ആത്മീയവും ഭൗതികവുമായ സംരക്ഷണത്തിന് കാരണമായി മാറും. ഒപ്പം തന്നെ വേദനയുടെ മൂർത്ത രൂപങ്ങളിൽ കുട്ടിക്ക് കുരിശ് രൂപം ശക്തി പകരും. അത് ദൈവത്തിന്റെ സ്നേഹത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും പ്രത്യാശയിൽ നിലനിൽക്കുവാനും ഗർഭിണിയായ സ്ത്രീയെ സഹായിക്കും.
മരിയ ജോസ്