നിരന്തരം കൂടെയാകുന്ന തിരുഹൃദയം

ഓളങ്ങൾ കരയെ തഴുകി സ്നേഹചുംബനം നല്‍കുന്നതുപോലെയുള്ള നിരന്തരമായ സാമീപ്യമാണ് ക്രിസ്തുവും മനുഷ്യജീവിതത്തിൽ നൽകുന്നത്. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പെരുമഴയിൽ ഇറങ്ങുന്നവന്റെ കണ്ണീർ പ്രകൃതിയിൽ പടർന്നിറങ്ങുന്നതുപോലെ എന്റെ വേദനയുടെ കൂമ്പാരങ്ങൾ ക്രിസ്തുവിൽ നികത്തപ്പെടുകയാണ്. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും എന്ന സ്‌നാപകന്റെ വാക്കുകൾ ഓരോ മനുഷ്യപ്രകൃതിയിലും അന്വർത്ഥമാക്കിയാണ് ക്രിസ്തു കടന്നുവരുന്നത്.

ജീവിക്കുന്നതിനേക്കാൾ മരിക്കാൻ ധൈര്യം കാണിക്കുന്ന മനുഷ്യനു മുമ്പിൽ സ്വാന്തനത്തിന്റെ, സാധ്യതകളുടെ വേരുകളായി അവൻ പടർന്നിറങ്ങി അവരെ പിന്നീട് പടുവൃക്ഷങ്ങളാക്കി മാറ്റുന്നത് കാണാറില്ലേ? കൈക്കുഞ്ഞുങ്ങളെ മടിയിൽ എല്പിച്ചു ഭർത്താക്കന്മാർ സ്വർഗ്ഗം ചേരുമ്പോൾ ആ കുഞ്ഞുങ്ങൾക്കുവേണ്ടി പടപൊരുതി അവരെ തങ്കം കണക്കെ വളർത്തുന്ന അമ്മമാരിലേയ്ക്ക് ഇത്തിരി ആഴത്തിൽ കുഴിച്ചുനോക്കിയാൽ അറിയാം ക്രിസ്തുവെന്ന തായ്‌വേരാണ് അവരെ താങ്ങിയതെന്ന്. പിന്നീട് നമുക്കു ചുറ്റും വൃക്ഷം കണക്കെ അവർ ഇടതൂർന്നു വളർന്നുനിൽക്കും.

വയലിൽ ഒളിപ്പിച്ച രത്നങ്ങൾക്ക് സമാനമാണ് നമ്മുടെ കൊച്ചുജീവിതം. ഈ രത്നങ്ങളെ കണ്ടെത്താനാകാത്തതുകൊണ്ടാണ് നമ്മളൊക്കെ ഒതുങ്ങിപ്പോകുന്നത്. എന്നാൽ, ഏതെങ്കിലുമൊരു യാമത്തിൽ അവയെ കണ്ടെത്തിക്കൊടുക്കാൻ ചിലരെയൊക്കെ അവൻ നിയോഗിച്ചിട്ടുണ്ടായിരിക്കും. ക്രിസ്തുവിന്റെ ഹൃദയദളത്തിലെ ഒരു ദളമാകാൻ അവൻ നമുക്ക് അരികിലായോ ഇത്തിരി അകലെയായോ ഓരോരുത്തരെയും നിയോഗിച്ചിട്ടുണ്ടാകുമെന്നത് ഉറപ്പാണ്.

നമ്മുടെ ബലഹീനതയിൽ കൃപയായി ഒഴുകിയിറങ്ങി വസന്തം തീർക്കുവാനാണ് അവന്റെ ഹൃദയം കുരിശിൽ പിളർക്കപ്പെട്ടത്. അങ്ങയുടെ (പിതാവിന്റെ) തിരുമനസ്സ് സ്വർഗ്ഗത്തിലെപോലെ ഭൂമിയിലും ആയ നിമിഷം… ഞാനും പിതാവിന്റെ ഏകജാതനും പറിച്ചുമാറ്റപ്പെടാനാവാത്തവിധം ഒന്നായ നിമിഷം… നമ്മളെയൊക്കെ സ്വർഗ്ഗം പോലും കൊതിയോടെ നോക്കുന്നുണ്ട്. ആരെയും ഒഴിവാക്കാതെ സ്നേഹിച്ചു വളരാം നമുക്ക്. എല്ലാവരിലും അവൻ കനലുകൾ ഒരുക്കിയിട്ടുണ്ട്, ഊതിയുണർത്താം ഈ കനലുകളെ…

ഈ ദിവസങ്ങളിൽ അതുല്യമീ തിരുഹൃദയം എന്ന ചെറുചിന്തകളിലൂടെ എന്റെയൊപ്പം യാത്ര ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി… മിഴികൾ ക്രിസ്തുവിൽ ഉറപ്പിക്കാം…

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.