

പുറമെ നിന്ന് ഒരാള്‍ക്ക് വിലയിരുത്താനും വിശകലനം ചെയ്യുവാനും കഴിയുന്നതിനും അപ്പുറമുള്ള ഒന്നാണ് പൗരോഹിത്യം. കര്‍ത്താവിന്റെ പൗരോഹിത്യത്തിലേയ്ക്കും വിശുദ്ധിയിലേയ്ക്കും ഉള്ള വിളിയാണ് പൗരോഹിത്യം. കര്‍ത്താവിനെ കരങ്ങളില്‍ വഹിക്കുവാന്‍ തക്കവണ്ണം വിശുദ്ധി ആവശ്യപ്പെടുന്ന പൗരോഹിത്യ ജീവിതത്തിലേയ്ക്ക് ഒരു വ്യക്തി പ്രവേശിക്കുന്നത് നീണ്ടനാളത്തെ പരിശീലനത്തിലൂടെയാണ്.
സെമിനാരി ജീവിതം വൈദികരുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആ പരിശീലന കാലഘട്ടത്തിലെ വിവിധ തലങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബഹു. മാത്യു ഇല്ലത്തുപറമ്പില്‍ അച്ചന്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി സേവനം ചെയ്യുന്ന അച്ചന് തന്റെ 25 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ലൈഫ് ഡേയോട് സംസാരിക്കുന്നു.
ദൈവവിളിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
പൗരോഹിത്യത്തിലേക്കുള്ള വിളി സ്വീകരിക്കുന്ന ഒരു വ്യക്തിയെ സ്വാധീനിക്കുന്ന ഒന്നാമത്തെ ഘടകം ദൈവത്തിന്റെ വിളി തന്നെയാണ്. അതായത്, ദൈവം വിളിക്കാതെ പൗരോഹിത്യ ജീവിതമില്ല. എന്നാല്‍ ഒരുവന് ആ വിളി തിരിച്ചറിയുന്നത് പല മാധ്യമങ്ങളിലൂടെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പശ്ചാത്തലം കുടുംബം തന്നെയാണ്. കുടുബത്തിലെ പ്രാര്‍ത്ഥനാജീവിതം, സഭയില്‍ പൊതുവായി ദൈവവിളിക്ക് അനുകൂലമായി നില്ക്കുന്ന അന്തരീക്ഷം, സഭയില്‍ നടക്കുന്ന സുവിശേഷവല്ക്കരണം, വൈദികര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തുടങ്ങിയവയെല്ലാം ഒരാളെ അയാളുടെ ദൈവവിളിയിലേക്ക് ആനയിക്കാം.
ഇതിനും പുറമേ ചിലര്‍ക്ക് വ്യക്തിപരമായി ലഭിക്കുന്ന ദൈവികാനുഭവങ്ങള്‍, വ്യക്തിപരമായ അവബോധം എന്നിവയും ചില നിമിത്തങ്ങളും ഒരാളുടെ ദൈവവിളിയെ ഭാവാത്മകമായി സ്വാധീനിക്കുന്നു. ഈ ഘടകങ്ങള്‍ക്കിടയിലും ഇതൊരു പദവിയാണ് അല്ലെങ്കില്‍ സ്ഥാനമാണ് എന്നു തെറ്റിദ്ധരിച്ച് ആ വിളിയെ കാംക്ഷിക്കുന്നവരും ഉണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ എന്ന് അച്ചന് ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ, തെറ്റായ കാരണത്തിന്റെ പേരില്‍ സെമിനാരിയില്‍ ചേര്‍ന്നവര്‍ പോലും ചിലപ്പോള്‍ സാവധാനം ശരിയായ ലക്ഷ്യബോധത്തിലേക്ക് വരാം. ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ്.
ദൈവവിളി കുറഞ്ഞു വരുന്നതിന് കാരണം
ദൈവവിളി കുറയുന്നു എന്ന് പൊതുവേ പറയാറുണ്ടെങ്കിലും പൗരോഹിത്യ ദൈവവിളിക്ക് കാര്യമായ കുറവൊന്നും കേരളത്തില്‍ സംഭവിക്കുന്നില്ല എന്ന് അച്ചന് പറയുന്നു. ദൈവവിളിയുടെ കുറവ് സന്യാസ സമര്‍പ്പിത ജീവിതത്തിലേയ്ക്കുള്ള വിളികളിലാണ് കൂടുതലും പ്രകടമാകുന്നത്. ഇനി ദൈവവിളികള്‍ കുറയുന്നുണ്ടെങ്കില്‍ അതിനുള്ള ഒരു കാരണം സമൂഹത്തില്‍ പ്രബലമായി വരുന്ന ഭൗതികവാദം ആണ്. കാണാവുന്നതും സുഖകരവും ലാഭകരവുമായതിനെ മാത്രം പൂജിക്കുന്ന സമൂഹത്തില്‍ ആത്മീയശുശ്രൂഷക്ക് സ്വയം സമര്‍പ്പിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറയും. മറ്റൊരു കാര്യം, ദൈവവിളി ഏതെങ്കിലും സഭയില്‍ കുറയുന്നുണ്ടെങ്കില്‍ ദൈവവിളി സ്വീകരിക്കുവാനുള്ള യോഗ്യത ആ സഭയ്ക്ക് ഇല്ലാതായി എന്നും അര്‍ത്ഥമുണ്ട്. അതായത് ദൈവവിളി ഒരു ദാനമാണ്. ആ ദാനം സ്വീകരിക്കാനുള്ള യോഗ്യത നഷ്ടമാകുമ്പോൾ സഭയില്‍ ദൈവവിളികള്‍ കുറയും. ഹെബ്രാ. 11:38-ല്‍ പറയുന്നു ‘അവരെ സ്വന്തമാക്കുവാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു’. ഏതാണ്ട് സമാനമായ കാര്യം ദൈവവിളിയുടെ കാര്യത്തിലും സഭയില്‍ സംഭവിക്കാം. വിശിഷ്ടമായ ദൈവവിളികള്‍ ദൈവം സഭയില്‍ നല്കുവാന് ആഗ്രഹിച്ചാലും അത് സ്വീകരിക്കാനുള്ള യോഗ്യതയുടെ കുറവ് അതിനു തടസ്സമായി നില്ക്കാം. ദൈവവിളിക്കു വേണ്ടി സഭ പ്രാര്‍ത്ഥിക്കുകയെന്നാല്‍ നല്ല വേലക്കാരെ സ്വീകരിക്കാനുള്ള കൃപ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുക എന്നുമാണര്‍ഥം.
ദൈവവിളിയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു കാര്യം ആണ് ചെറിയ കുടുംബങ്ങള്‍. അണുകുടുംബങ്ങളില്‍ നിന്നും വൈദികര്‍ ഇക്കാലത്ത് ഉണ്ടാകുന്നുണ്ട് എന്ന കാര്യം ഒട്ടും മറക്കുന്നില്ല. നേരിട്ടുള്ള സുവിശേഷവല്ക്കരണത്തിന്റെ കുറവും ദൈവവിളിയെ ബാധിക്കാം. നല്ല സാക്ഷ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരിലൂടെ അത് കൂടുതല്‍ ദൈവവിളിക്ക് കാരണമായിത്തീരും.
സെമിനാരി പരിശീലനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍
സെമിനാരി ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്ന വ്യക്തി ക്രിസ്തുവിന്റെ യഥാര്‍ഥ ശിഷ്യനാകുവാനും അപ്പസ്തോലനായി മാറുവാനുമുള്ള വലിയ ദൗത്യമാണ് ഏറ്റെടുക്കുന്നത്. പരിശീലകര്‍, പരിശീലന പദ്ധതി, സഭയുടെ പ്രബോധനങ്ങള്‍, വിശുദ്ധരുടെ മാതൃകകള്‍, കുടുംബങ്ങള്‍ ഇവയെല്ലാം കൂടെചേര്‍ന്നാണ് ഒരു വ്യക്തിയുടെ ശിഷ്യനിലേയ്ക്കും ശിഷ്യനില്‍ നിന്ന് അപ്പസ്തോലനിലേയ്ക്കും ഉള്ള യാത്രയെ പരിപുഷ്ടമാക്കുന്നത്.
വൈദിക പരിശീലനത്തില്‍ വിശുദ്ധരായ വൈദികരുടെ മാതൃക വളരെ പ്രധാനപ്പെട്ട ഒന്നാണ്. അര്‍ത്ഥികളെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന അനേകം വിശുദ്ധാത്മാക്കള്‍ സഭയിലുണ്ട്. നൂറ്റാണ്ടുകളുടെ വൈദിക പരിശീലന പാരമ്പര്യമുള്ള ആലുവാ സെമിനാരിയെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ സന്തോഷകരമായ ഒരു കാര്യമുണ്ട്. ഇവിടെ പരിശീലനം നേടുകയോ കൊടുക്കുകയോ ചെയ്തവരില്‍ പതിനൊന്ന് വൈദികരുടെ നാമകരണ നടപടികള്‍ നടക്കുന്നുണ്ട്. ആഗോളസഭയില്‍ മറ്റേതെങ്കിലും സെമിനാരിയില്‍ നിന്ന് ഇത്രയധികം വിശുദ്ധാത്മാക്കള്‍ ഉണ്ടായിട്ടുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ. ഇവിടുത്തെ വൈദികാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ആ വിശുദ്ധാത്മാക്കളുടെ മാതൃക വളരെ വലിയ പ്രചോദനമായി തീരാറുണ്ട്.
ദൈവിക ഇടപെടലിനായി ഒരുക്കുന്ന പരിശീലന കാലഘട്ടം
വിവിധ സാഹചര്യങ്ങളില്‍ നിന്ന്, കുടുംബങ്ങളില്‍ നിന്ന് എത്തിയ വ്യക്തികളെ കൃത്യമായും വ്യക്തമായും ഉള്ള നിര്‍ദ്ദേശങ്ങളിലൂടെയും പരിശീലനത്തിലൂടെയും കര്‍ത്താവിന്റെ പൗരോഹിത്യം സ്വീകരിക്കുന്നതിനുള്ള യോഗ്യതയിലേയ്ക്ക് വളര്‍ത്തുന്ന സമയമാണ് സെമിനാരിക്കാലം.
ഈ ഒരു കാലഘട്ടത്തില്‍ ആത്മീയമായും ബൗദ്ധികമായും അജപാലനപരമായും സാമൂഹികമായും ഉള്ള പരിശീലനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. അതുപോലെ ഒരു മിഷനറിയുടെ ദൗത്യനിര്‍വ്വഹണത്തിനുള്ള പരിശീലനവും നല്കുന്നു. പ്രധാനമായും അറിവ് ആര്‍ജ്ജിക്കുകയും, അറിവ് അവബോധമായി മാറുകയും ചെയ്യുന്ന സമയമാണ് സെമിനാരി ജീവിതം. നല്ല അനുഭവങ്ങള്‍ നല്‍കുകയും അതിലൂടെ നല്ല ജീവിതശൈലി രൂപപ്പെടുത്തുകയും ആണ് പരിശീലന കാലഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ചുരുക്കത്തില്‍, ദൈവത്തിന് ഒരാളില്‍ പ്രവര്‍ത്തിക്കുവാന്‍ തക്കവിധം അയാളെ ഒരുക്കുകയാണ് വൈദിക പരിശീലനത്തിലൂടെ.
പ്രതിസന്ധികളും വൈദിക പരിശീലനവും
വൈദികജീവിതം വളരെ പ്രതിസന്ധികള്‍ നിറഞ്ഞതാണ് എന്ന് പൊതുവേ പലരും പറഞ്ഞു കേട്ടിട്ടുള്ളതാണ്. അതിലെ വാസ്തവം എന്താണെന്ന ചോദ്യത്തിന് അച്ചന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു. വൈദികജീവിതം നിറയെ പ്രതിസന്ധികളാണ് എന്ന് പറഞ്ഞുപരത്തുന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. അച്ചന്റെ അഭിപ്രായത്തില്‍, പൗരോഹിത്യത്തിന് അതില്‍ത്തന്നെ പ്രതിസന്ധിയൊന്നുമില്ല. എന്നാല്‍ ചില പുരോഹിതര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. കൃത്യമായി പറഞ്ഞാല്‍, നേരെചൊവ്വേ ജീവിക്കാന്‍ തീരുമാനിച്ച വൈദികന് വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ ഇല്ല. പക്ഷേ, അദ്ദേഹത്തിന് സഹനങ്ങളും കുരിശുകളും ഉണ്ടാകും. സഹനവും രക്തസാക്ഷിത്വം വരെയും വൈദികജീവിതത്തിന്റെ ഭാഗമായി മനസിലാക്കുന്നവര്‍ക്ക് പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ച് സമയം കളയേണ്ടിവരില്ല. അച്ചന് ചൂണ്ടിക്കാട്ടി.
എങ്കിലും ചില വെല്ലുവിളികള്‍ കാലം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനെ ഒരു പ്രതിസന്ധി എന്ന് കണക്കാക്കാന്‍ കഴിയില്ലെങ്കിലും അവയും പൗരോഹിത്യത്തെ ബാധിക്കാറുണ്ട്. അതില്‍ ഒന്നാമത്തേത് പുരോഹിതനാണ് എന്നതിന്റെ പേരില്‍ മാത്രം ലഭിച്ചിരുന്ന മുന്‍കൂര്‍ സ്വീകര്യതയിലും അംഗീകാരത്തിലും കുറവ് വന്നു എന്നുള്ളത്. ഇപ്പോള്‍ ഒരച്ചനെ കണ്ടാല്‍ അദ്ദേഹം നല്ലയാളാണോ ദൈവിക മനുഷ്യനാണോ എന്നൊക്കെ മനുഷ്യര്‍ പരീക്ഷിച്ചും വേണ്ടി വന്നാല്‍ ഉരച്ചും നോക്കും. അകത്ത് സ്വര്ണ്ണമാണെങ്കില് വിലയുറ്റതായി കണക്കാക്കും; ചെമ്പാണെങ്കില്‍ കളയാതെ നോക്കും; കളിമണ്ണാണെങ്കില്‍ ആ വിലയേ കല്പിക്കൂ. പുരോഹിതഗണത്തിന്റെ പൊതു ആനുകൂല്യത്തില്‍ പങ്കുപറ്റാതെ സ്വന്തം മാറ്റ് സ്വയം തെളിയിക്കേണ്ട ബാധ്യത ഇക്കാലത്തെ വൈദികര്‍ക്ക് വലിയ തോതിലുണ്ട്.
രണ്ടാമത്തെ വെല്ലുവിളി മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അച്ചന് പറഞ്ഞു, അതിനാല്‍ സമ്മതിക്കുന്നു എന്നതില്‍ നിന്നു മാറി അച്ചന് പറയുന്നതിന്റെ ന്യായാന്യായങ്ങള്‍ ഇഴകീറി പരിശോധിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുന്ന കാലമാണിത്. ഇതൊരു ദോഷമാണെന്ന് പറയുകയല്ല; മാറുന്ന സാഹചര്യവും അത് ജനിപ്പിക്കുന്ന ഉത്തരവാദിത്വവും വലുതാണെന്ന് സൂചിപ്പിക്കുന്നു എന്നുമാത്രം. മൂന്നാമത്തെ വെല്ലുവിളി, വൈദികരുടെ ചെറിയ തെറ്റുകള്‍ പോലും പര്‍വ്വതീകരിച്ചു കാണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണത. സഭയോട് അമര്‍ഷമുള്ളവരും സ്ഥാപിത താത്പര്യക്കാരും വൈദികമേധാവിത്വം എന്ന തിന്മക്കെതിരെ ചടുലമായി നിങ്ങുന്നവരും എല്ലാം ഇതിന്റെ പിന്നിലുണ്ടാവാം.
ഇവയെക്കാള്‍ എല്ലാം വലുതാണ് ഓരോ വൈദികനും വിശുദ്ധനായിരിക്കണം എന്ന വെല്ലുവിളി. ഇത് നാട്ടുകാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയല്ല; ദൈവം നിരന്തരം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളിയാണ്. പലപ്പോഴും വൈദികജീവിതം എന്നത് സഹനവും രക്തസാക്ഷിത്വവും ഉള്‍പ്പെടുന്നതാണ്. പൗരോഹിത്യ സങ്കല്പങ്ങളില് നിന്ന് നാം അവയെ അകറ്റിനിര്‍ത്തിക്കൂടാ എന്ന് അച്ചന് പറയുന്നു.
നിലവിലെ വെല്ലുവിളികള്‍ സെമിനാരി ജീവിതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളായി കാണാവുന്നതാണ്. ഇങ്ങനെ വെല്ലുവിളികള്‍ ഉണ്ട്. തളരേണ്ട ആവശ്യമില്ല എന്ന ബോധ്യത്തിലേയ്ക്കും അതിലൂടെ കൂടുതല്‍ സ്വയം സജ്ജരാകുവാനുള്ള തീരുമാനത്തിലേയ്ക്കും എത്തുവാന്‍ വൈദികാര്‍ത്ഥികളെ സഹായിക്കുന്നവയാണം ഇവയൊക്കെ. ഇത്തരം വെല്ലുവിളികള്‍ മുന്നോട്ട് വയ്ക്കുന്നത് സ്വയം നന്നാകുന്നതിനുള്ള ഒരു നിര്‍ബന്ധിത അവസരമാണ്. വിശുദ്ധനാകുംവിധം നല്ലവനല്ലെങ്കില്‍ നിങ്ങള്‍ ദൈവസന്നിധിയിലും മനുഷ്യസമക്ഷത്തിലും വില കുറഞ്ഞവരും ചിലപ്പോള്‍ തിരസ്കൃതരമാകും എന്ന അവബോധം അവരില്‍ ഉണ്ടാകുവാന്‍ ഈ വെല്ലുവിളികള്‍ സഹായിക്കുന്നു.
പൗരോഹിത്യ പരിശീലനം സെമിനാരിയുടെ മാത്രം കടമയാണ് എന്ന് ചിന്തിക്കരുത്. ഒരു വൈദികന്റെ ശരിയായ പരിശീലനത്തില്‍ വിശ്വാസസമൂഹത്തിനും അവരുടെ കുടുംബങ്ങള്‍ക്കും സെമിനരികള്ക്കും തുല്യമായ പങ്കാണ് വഹിക്കാനുള്ളത്.
കാഴ്ചപ്പാടുകളെ മാറ്റുന്ന വൈദിക പരിശീലനം
സെമിനാരി പരിശീലനം പൂര്‍ത്തിയാക്കുന്നവരുടെ കാഴ്ചപ്പാടുകളില്‍ നെഗറ്റീവും പോസിറ്റീവും ആയ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. വൈദികരുടെ കാഴ്ച്ചപ്പാടുകളിലെ മാറ്റം അവര്‍ സ്വീകരിക്കുന്ന ഫോര്‍മേഷനെയും അവര്‍ക്ക് ലഭിക്കുന്ന മാതൃകകളെയും നല്ല സാക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കും. ചിലര്‍ ദൈവത്തിനായി കൂടുതല്‍ പ്രവര്‍ത്തിക്കുന്നതിനുള്ള തീക്ഷ്ണത പ്രകടിപ്പിക്കുന്നതായും കാണുവാന്‍ കഴിയും. എന്നാല്‍ മറ്റു ചിലരില്‍ അതുവരെ കാണാത്ത ഒരു ധാര്‍ഷ്ട്യം പ്രകടമായേക്കാം. അത് ശരിയായ പരിശീലനത്തിന്റെ അപാകതയാണ്.
ഒരു വൈദികന്റെ ഏറ്റവും വലിയ ദൗത്യം ആത്മീയമായി മനുഷ്യനെ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുക എന്നതാണ്. കര്‍ത്താവിന്റെ പരിശുദ്ധി ദൈവജനത്തിന് വെളിപ്പെടുത്തുക എന്നതാണ് ഒരു വൈദികന്റെ പരമപ്രധാനമായ ദൗത്യം. ഈ ഒരു ദൗത്യനിര്‍വ്വഹണത്തിനായി അവരെ തയ്യാറാക്കുന്ന സമയമാണ് സെമിനാരി കാലഘട്ടം. ഇത് അനുദിനം നടക്കേണ്ട ഒരു വളര്‍ച്ചയാണ്. സെമിനാരിജീവിതം കൊണ്ട് അവസാനിക്കുന്ന ഒന്നല്ല ദൗത്യനിര്‍വ്വഹണം. പൗരോഹിത്യ സ്വീകരണത്തിന് ശേഷവും തുടരേണ്ട ഒന്നാണ് ഇത്.
കഴിവുകളെ നിറവുകളാക്കി മാറ്റുന്ന സെമിനാരി ജീവിതം
സെമിനാരി ജീവിതം ലക്ഷ്യം വയ്ക്കുന്നത് വൈദികാര്‍ത്ഥികളുടെ ആത്മീയവും ഭൗതികവുമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനാണ്. അവര്‍ എന്താണോ, എന്താകണമോ അത് വളര്‍ത്തിയെടുക്കുന്ന സമയമാണ് സെമിനാരി പരിശീലന കാലഘട്ടം. ഒരാള്‍ വൈദികനായി സേവനം ചെയ്യുവാന്‍ എന്തൊക്കെ കഴിവുകള്‍ ആവശ്യമാണോ അവ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് സെമിനാരികള്‍ ചെയ്യുന്നത്. പരിശീലനസമയത്ത് ഓരോ വ്യക്തിയും വന്നതു പോലെയാണോ അതോ ക്രമാനുഗതമായ വളര്‍ച്ചയുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു കൊണ്ടാണ് അവരെ പരിശീലിപ്പിക്കുന്നത്.
സെമിനാരി വിദ്യാര്‍ത്ഥികളുടെ ഐക്യം
സെമിനാരി വിദ്യാര്‍ത്ഥികളുടെ ഐക്യം വളരെ പ്രധാനപ്പെട്ടതാണ്. സമൂഹത്തില്‍ ഒരുമയോടെ ജീവിക്കുന്നതിനുള്ള കഴിവ് തെളിയിക്കുന്നതാണ് സെമിനാരി കാലത്തെ ഐക്യം. ഒരു ബാച്ചിലെ ആളുകളോട് പൊരുത്തപ്പെടുവാന്‍ കഴിയാത്ത ഒരാള്‍ക്ക് ഒരു ഇടവകയിലെ ആളുകളുമായി പൊരുത്തപ്പെട്ടു പോകുവാന്‍ കഴിയില്ല. ഐക്യം എന്നത് കൃത്രിമമായി ഉണ്ടാകുന്ന ഒന്നല്ല. കൊടുക്കലും വാങ്ങലും വഴി വളര്‍ന്നുവരുന്ന ഒന്നാണ് അത്.
പരീക്ഷിക്കപ്പെടാനും വെട്ടിയൊരുക്കപ്പെടാനും വേണ്ടിയാണ് നീ ഒരു സമൂഹത്തില്‍ ജീവിക്കുന്നത് എന്ന്, കുരിശിന്റെ വിശുദ്ധ യോഹന്നാന് പറയുന്നുണ്ട്. ഇത് തന്നെയാണ് സെമിനാരി ജീവിതത്തിലും നടക്കുന്നത്. കൂടാതെ വൈദികര്‍ തമ്മിലുള്ള സാഹോദര്യവും കൂട്ടായ്മയും ഉറപ്പാക്കുന്നതും സെമിനാരികാലത്തെ ഐക്യത്തില്‍ നിന്നാണ്. വൈദികര്‍ക്ക് ലഭിക്കേണ്ട ഏറ്റവും വലിയ സൗഹൃദം മറ്റു വൈദികരില്‍ നിന്ന് തന്നെയാണ്. ഇതു ഊട്ടിയുറപ്പിക്കുകയാണ് സെമിനാരി ജീവിതകാലത്തെ ഐക്യത്തിലൂടെ.
പ്രതിസന്ധികള്‍ക്കിടയിലും തളരാത്ത പൗരോഹിത്യം
പൗരോഹിത്യ ജീവിതം വളരെ പ്രതിസന്ധികള്‍ നിറഞ്ഞതാണെന്ന് മിഥ്യാധാരണകള്‍ക്കിടയിലും ധാരാളം ദൈവവിളികള്‍ സഭയില്‍ ഉണ്ടാകുന്നു എന്നത് നല്കുന്ന പ്രതീക്ഷ വളരെ വലുതാണ്. ആ പ്രതീക്ഷയുടെ അടിസ്ഥാനം ഇത് കര്‍ത്താവിന്റെ സഭയാണ്, സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്, സഭയില്‍ ഇപ്പോഴും വിശുദ്ധരായ അനേകം വിശ്വാസികള്‍ ഉണ്ട് എന്നീ മൂന്നു ഘടകങ്ങളാണ്.
നവ വൈദികരോട്
സക്കറിയ 8: 23 വൈദികരില്‍ നിറവേറട്ടെ എന്നതാണ് അച്ചന് നവവൈദികര്ക്ക് നല്‍കുന്നതിനുള്ള ആശംസ. ‘വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളില്‍ നിന്ന് പത്തു പേര് ഒരു യഹൂദന്റെ അങ്കിയില്‍ പിടിച്ചു പറയും, ഞങ്ങള്‍ നിന്റെ കൂടെ വരട്ടെ. ദൈവം നിന്നോട് കൂടെയുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു’. ഈ വചനം ഓരോ വൈദികനിലും നിറവേറണം. അതായത് അച്ചന്മാരിലേയ്ക്ക് ദൈവജനം ആകര്‍ഷിക്കപ്പെടണം. അതിനുള്ള കാരണം ദൈവം ആ വൈദികനൊപ്പം ഉണ്ടെന്ന് ഞങ്ങള്‍ കണ്ടിരിക്കുന്നു അല്ലെങ്കില്‍ കേട്ടിരിക്കുന്നു എന്നതായിരിക്കണം. ദൈവം ഒരു വൈദികനൊപ്പം ഉണ്ടെന്ന കാരണം ആയിരിക്കണം ആളുകളെ ഒരു വൈദികനിലേയ്ക്ക് ആകര്‍ഷിക്കേണ്ടത്.
ദീര്‍ഘനേരത്തെ സംഭാഷണം അവസാനിക്കാറായപ്പോള്‍ അച്ചനോട് ഒരു ചോദ്യം കൂടി ചോദിച്ചു. ഇത് അച്ചന്റെ ജൂബിലി വര്‍ഷമല്ലേ? അതെ, എന്ന് ഉത്തരം ലഭിച്ചു. നീണ്ടനാളത്തെ പൗരോഹിത്യജീവിതം അച്ചന് സമ്മാനിച്ച ആത്മീയ നിര്‍വൃതിയെ കുറിച്ച് ഒന്ന് പങ്കുവയ്ക്കാമോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു തുടങ്ങി: ”ആത്മീയ നിര്‍വൃതിയെക്കുറിച്ച് പറയുക എന്ന അഭ്യര്‍ഥന തന്നെ ഒരു സാഹസമാണ്. അതിനാല്‍ അത് ഞാനൊഴിവാക്കുന്നു. എന്നാല്‍ ഒരു ബോധ്യം മാത്രം പങ്കിടാം. ഏതാനും വര്‍ഷങ്ങള്‍ ഒരു വൈദികന് പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വൈദികനായി ജീവിച്ചാല്‍ അയാള്‍ ഒരു വിശുദ്ധനായി മാറും. എനിക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ ലക്ഷ്യം എന്നെ ഒരേ സമയം ദുഖിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്നു.”
ശരിയാണ്. ഓരോ വൈദികനും വിശുദ്ധിയുടെ കറയറ്റ മാതൃകയായിത്തീരുവാന്‍ വിളിക്കപ്പെട്ടവരാണ്. കര്‍ത്താവ് കൂടെയുണ്ടെന്ന കാരണത്താല്‍ അനേകരെ ആകര്ഷിക്കേണ്ടവന്. ഈ ഒരു ചിന്ത അനേകം വൈദികരെ കൂടുതല്‍ വിശുദ്ധരാകുവാന്‍ പ്രേരിപ്പിക്കട്ടെ. കൂടുതല്‍ കൂടുതല്‍ വിശുദ്ധരായ വൈദികര്‍ സഭയില്‍ ഉണ്ടാകട്ടെ. അതിനായി നമുക്കും പ്രാര്‍ത്ഥനയുടെ പിന്തുണയേകാം.
മരിയ ജോസ്