
“കർത്താവിനെ കണ്ടുമുട്ടുന്നതും പ്രാർത്ഥനയുടെ ശക്തി അനുഭവിക്കുന്നതും വളരെ മനോഹരമാണ്” – നിക്കരാഗ്വയിലെ മനാഗുവ ആർച്ചുബിഷപ്പ്, കർദ്ദിനാൾ ലിയോപോൾഡോ ബ്രെൻസ് സോളാർസാനോ കോവിഡിൽ നിന്ന് മുക്തി നേടിയ ശേഷം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. സെപ്റ്റംബർ 11 -ന് ഡിസ്ചാർജ് ചെയ്യപ്പെട്ട അദ്ദേഹം ദൈവജനങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി പറയുകയും ചെയ്തു.
“അതിരൂപതയിൽ മാത്രമല്ല, രാജ്യത്തുടനീളമുള്ള എന്റെ നല്ല വൈദികരോടും വിശ്വാസ സമൂഹത്തോടും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്റെ എല്ലാ ബിഷപ്പുമാർക്കും ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും നന്ദി. ഒപ്പം ജാഗ്രത കുറയ്ക്കരുത്” – അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ബാധിതനായി 15 ദിവസത്തോളം അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
ഏകദേശം ഒരു മാസത്തിലേറെയായി ആശുപത്രിയിലും ഭവനത്തിലുമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. കോവിഡ് രോഗം മൂലം ബന്ധുക്കളെ നഷ്ടപ്പെട്ടവർക്കും ആശുപത്രികളിലുള്ള എല്ലാവർക്കും അദ്ദേഹം പ്രാർത്ഥന വാഗ്ദാനം ചെയ്തു. നിക്കരാഗ്വയിൽ പകർച്ചവ്യാധി മൂലം 16 പുരോഹിതന്മാർ മരിച്ചു.