കടലിലും മറ്റുമായി ജീവഹാനി നേരിട്ട അനേകം അഭയാർത്ഥികളെ ഓർത്ത് വിലപിച്ച മാർപാപ്പ, അവരുടെ നിലവിളി നമ്മുടെ ഓരോരുത്തരുടെയും മനസ്സാക്ഷിയുടെ നേരെ നോക്കി കരയുന്നുണ്ടെന്നും ഓർമ്മപ്പെടുത്തി.
അവന്റെ രക്തം എന്നെ വിളിച്ച് കരയുന്നു, നിന്റെ സഹോദരനെവിടെ എന്ന കർത്താവിന്റെ ചോദ്യത്തിന് ഉത്തരം നൽകണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. ഇറ്റാലിയൻ ദ്വീപായ ലാമ്പഡൂസയിലേക്ക് 2013 ൽ താൻ നടത്തിയ സന്ദർശനത്തിന്റെ ഓർമ്മയും വാർഷികവും ആഘോഷിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.
അടച്ച വാതിലുകൾ
ഉപയോഗ്യശൂന്യമായ ഒരു സംസ്കാരത്തിന്റെ ഭാഗമായാണ് അതിസമ്പന്നതയിൽ ജീവിക്കുന്ന രാജ്യങ്ങളുടെ മുമ്പിൽ പോലും മുട്ടേണ്ട അവസ്ഥ ഇന്നും അനേകായിരങ്ങൾക്ക് ഉണ്ടാകുന്നതെന്ന് ആമോസ് പ്രവാചകന്റെ പുസ്തകത്തിലെ വാക്യങ്ങൾ ഉദ്ധരിച്ച് മാർപാപ്പ പറഞ്ഞു.
കർത്താവിനെ കണ്ണുകളും കരങ്ങളും ശബ്ദവും
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന് യേശു പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ തന്റെ വാഗ്ദാനം നിറവേറ്റാൻ അവിടുത്തേക്ക് നമ്മുടെ കരങ്ങളും കണ്ണുകളുമെല്ലാമാണ് വേണ്ടത്. അതുപോലെ തന്നെ അനീതികളെ ചൂണ്ടിക്കാണിക്കാൻ നമ്മുടെ സ്വരവും അവിടുത്തേക്ക് വേണം. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.
ബലിയല്ല, കരുണ
ചുങ്കക്കാരോടും പാപികളോടുമൊത്ത് ഭക്ഷണം കഴിച്ചപ്പോൾ കുറ്റപ്പെടുത്തിയ ഫരിസേയരോട് യേശു പറഞ്ഞു, ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന്. നല്ല സമരിയാക്കാരന്റെ ഉപമയിൽ അവശനായ വ്യക്തിയെ അവഗണിച്ച് പോകുന്നവരെപോലെ ആകരുതെന്നാണ് ഇതിലൂടെ കർത്താവ് പറയുന്നത്. ലളിതമായി പറഞ്ഞാൽ ആവശ്യക്കാരനുനേരെ കണ്ണടയ്ക്കരുത്. അഭയാർത്ഥികളുടെ കാര്യത്തിൽ ഇതാണ് പരിശുദ്ധ പിതാവ് നിരന്തരം ആവശ്യപ്പെടുന്നതും.