പെറുവിലെ ആയിരക്കണക്കിന് നിർധനരായ ആളുകൾക്കു വേണ്ടി വിപുലമായ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന വൈദികൻ, ഫാ. ഒമർ സാഞ്ചസ് പോർട്ടിലോയ്ക്ക് വെടിയുണ്ടകളടങ്ങിയ ഭീഷണിക്കത്ത് ലഭിച്ചു. വധഭീഷണികൾക്കും സൈബർ ആക്രമണങ്ങൾക്കും ക്രെഡിറ്റ് കാർഡ് മോഷണം പോയ സംഭവങ്ങൾക്കും നിരവധി തവണ ഇരയായിട്ടുള്ള അദ്ദേഹത്തിന് മെയ് 24 -നു ശേഷം ഇത് മൂന്നാം തവണയാണ് ബുള്ളറ്റ് അടങ്ങിയ ഭീഷണിക്കത്ത് ലഭിക്കുന്നത്.
ആരാണ് ഈ കത്തുകൾക്കു പിന്നിലെന്ന് മനസ്സിലായിട്ടില്ലെന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ഫാ. ഒമർ പറഞ്ഞു. കമ്മ്യൂണിസം സഭയുടെ ശത്രുവാണെന്ന് വിശുദ്ധ കുർബാനയ്ക്കിടയിൽ പ്രസംഗിച്ചതിന് അദ്ദേഹത്തിന് മുൻപ് വധഭീഷണി വന്നിരുന്നു. “ആരാണ് ഇതിനു പിന്നിലെന്നും എന്തുകൊണ്ടാണ് ഇങ്ങനെയെന്നും വ്യക്തമല്ല. എങ്കിലും ഞാൻ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. അവരുടെ ഹൃദയത്തിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഞാൻ ദൈവാത്മാവിനോട് പ്രാർത്ഥിക്കുന്നു. എനിക്ക് ശത്രുക്കളില്ലെന്നാണ് ഞാൻ കരുതിയത്. ഇല്ലെന്നു തന്നെ ഇപ്പോഴും കരുതുന്നു” – അദ്ദേഹം പറഞ്ഞു.
റോമക്കാർക്കുള്ള ലേഖനത്തിലെ ഭാഗവും അദ്ദേഹം തന്റെ സന്ദേശത്തിൽ പങ്കുവച്ചു. “ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആർ നമ്മെ വേർപെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” “വി. മദർ തെരേസ, വി. ജോസ് മരിയ, വി. റാഫേൽ അർനൈസ് എന്നീ വിശുദ്ധരെല്ലാം എന്നെ പരിപാലിക്കുന്നതു തുടരും. ഞാൻ പ്രാർത്ഥനയിൽ ആശ്രയിക്കുന്നതു തുടരും” – അദ്ദേഹം പറഞ്ഞു.