നൈജീരിയായിൽ തീവ്രവാദികള്‍, വിശ്വാസികളെയും വൈദികരെയും തട്ടിക്കൊണ്ടു പോകുന്നതും അക്രമപ്രവർത്തനങ്ങൾ നടത്തുന്നതും തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഈ വിഷയത്തെ ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് അംബുജ ആർച്ചുബിഷപ്പ് ഇഗ്നേഷ്യോ കൈഗാമ. അദ്ദേഹം ഇതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഈ പ്രശ്നം ഗൗരവമായി കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
നൈജീരിയയിലെ സഭയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ബിഷപ്പിനെ തട്ടിക്കൊണ്ടു പോയ സംഭവം ഡിസംബർ 27-ന് ഉണ്ടായി. ഓവറിയിലെ സഹായമെത്രാൻ മോൺ. മോസസ് ചിക്വെയെയും ഡ്രൈവറായ നഡുബുസി റോബർട്ടിനെയും തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. ഡിസംബർ 15-ന് അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത് ഫാ. വാലന്റൈൻ എക്സാഗുവിനെ ആയിരുന്നു. 36 മണിക്കൂർ കഴിഞ്ഞ് അദ്ദേഹത്തെയും വിട്ടയച്ചു. അബുജ അതിരൂപതയിലെ ഫാ. മാത്യു ഡാജോയെ തട്ടിക്കൊണ്ടുപോയി പത്തുദിവസത്തിനു ശേഷം മോചിപ്പിച്ചു. മിന്ന രൂപതയിലെ ഫാ. ജോൺ ഗബാകാനെ ജനുവരി 15-ന് തട്ടിക്കൊണ്ടു പോവുകയും അടുത്ത ദിവസം കൊലപ്പെടുത്തുകയും ചെയ്തു.
നൈജീരിയയിൽ തട്ടിക്കൊണ്ടുപോകൽ വളരെക്കാലമായി നടക്കുന്നുണ്ടെന്നും എന്നാൽ അധികാരികൾ ഇതിനെ ഗൗരവമായി കാണാത്തതിനാൽ ഇതൊരു പകർച്ചവ്യാധി പോലെ മാറിയിട്ടുണ്ടെന്നും ബിഷപ്പ് കൈഗാമ ഖേദം പ്രകടിപ്പിച്ചു. കുറ്റകൃത്യം നടത്തുന്നത് ആരാണെന്ന് അറിയാത്തതിനാൽ, സർക്കാർ ഈ പ്രശ്നം ഗൗരവമായി എടുക്കുന്നില്ലെന്ന് ഇവർ പറയുന്നു.