ക്രൈസ്തവ വിശ്വാസ പ്രതീക അവഹേളനങ്ങള്‍ അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

ക്രൈസ്തവ വിശ്വാസത്തിലെ രക്ഷയുടെ അടയാളമായ കുരിശിനെ താമരശ്ശേരി രൂപതയിലെ കാക്കാടംപൊയ്യിലും പാലാ രൂപതയിലെ പുല്ലേപ്പാറയിലും അവഹേളിച്ച സംഭവങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യൂട്ടീവ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

വര്‍ദ്ധിച്ചുവരുന്ന ഇത്തരം അവഹേളനങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ മുഖം ഓരോ ദിവസവും വികൃതമാക്കിക്കൊണ്ടിരിക്കുന്നു. ഇതര മതവിശ്വാസികള്‍ ആദരവോടെ കാണുന്ന വിശ്വാസപ്രതീകങ്ങളെ നിന്ദിക്കാതിരിക്കാനുള്ള സാഹോദര്യബോധം വളര്‍ന്നുവരുന്ന കുട്ടികളില്‍ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനും കടമയുണ്ട്. അത്തരം പ്രതീകങ്ങള്‍ക്ക് കൊടുക്കേണ്ട ആദരവിന്റെ വിവിധ തലങ്ങള്‍ അവരെ ബോധ്യപ്പെടുത്തണം. എന്നാല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ശ്രേഷ്ഠമായ പ്രതീകങ്ങളെ നിന്ദിക്കുന്ന സംഭവങ്ങള്‍ നിരന്തരം ഉണ്ടാകുന്നത്, യുവത്വത്തിന്റെ ചോരത്തിളപ്പില്‍ ചിലര്‍ കാണിക്കുന്ന അവിവേകം മാത്രമായി കരുതാന്‍ കഴിയുകയില്ല.

ഭാരതത്തിന്റെ മതേതരത്വ മൂല്യങ്ങള്‍ തകര്‍ക്കാനും സമൂഹത്തില്‍ വിഭാഗീയചിന്തകള്‍ ഉളവാക്കാനും കാരണമാകുന്ന ഇത്തരം കുത്സിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേരളീയ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയുവാന്‍ അനിവാര്യമായ കര്‍ശന നിയമനടപടികള്‍ കേരളാ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെയും കൂദാശകളെയും അവഹേളിച്ചുകൊണ്ട് ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കരുതെന്നും അത്തരത്തില്‍ ചിത്രീകരിക്കുന്ന വിവിധ ടെലിഷന്‍ പരിപാടികളുടെ സംപ്രേക്ഷണം തടയുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗം ഉദ്ഘാടനം ചെയ്തു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ട്രഷറര്‍ മാത്യു കല്ലടിക്കോട്, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, രൂപത വൈസ് പ്രസിഡന്റുമാരയ ജോസ് മുക്കട, ഷേര്‍ളി റാവു, സെക്രട്ടറി ജോസ് വടക്കേക്കര, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് അബ്രഹാം തെങ്ങുംപള്ളില്‍, ജെയിംസ് പാറയില്‍, സാനി ആന്റെണി എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.