“യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. എന്തെന്നാല്‍ പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു. എന്തെന്നാല്‍ പിതാവ് പുത്രനെ സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു” (യോഹ. 5:19-20a).
അനുസരണമുള്ള, വിധേയത്വമുള്ള ഒരു ജീവിതത്തെ വ്യാഖ്യാനിക്കാനായി തെരഞ്ഞെടുക്കപ്പെട്ട ഈ വചനം എത്ര സുന്ദരം! അധികം വിശദീകരണം ആവശ്യമില്ലാത്ത വചനങ്ങള്‍. ഈശോ കൃത്യമായും വ്യക്തമായും പറയുന്നു, പിതാവ് ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല. എന്തെന്നാല്‍ പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു. ചുരുക്കത്തില്‍ പിതാവായ ദൈവം ചെയ്യുന്നതെല്ലാം പുത്രനായ ദൈവം കാണുന്നു. താന്‍ കാണുന്നതെല്ലാം അപ്രകാരം തന്നെ പുത്രനായ ദൈവം ചെയ്യുന്നു. ഇവിടെ മനസ്സിലാക്കുന്നത്, പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തിലെ ഐക്യമാണ്, സുതാര്യതയാണ്. ഞാനും പിതാവും ഒന്നാണ് (യോഹ. 5:9b). ‘എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്’ (യോഹ. 5:30b).
അനുസരണവും വിധേയത്വവുമുള്ള ഒരു ഹൃദയം രൂപപ്പെടുത്താന്‍ പിതാവും പുത്രനും തമ്മിലുള്ള പരസ്പരലയം പോലെയുള്ള ഒരു ഗാഢമായ ബന്ധത്തിലാകുക എന്നതാണ്. ഇതൊരു ഒന്നാകലാണ്. ഈ ഒരുമയില്‍, കൂട്ടായ്മയില്‍, ഐക്യത്തില്‍ നിന്നുണ്ടാകുന്ന നന്മയാണ്, ഗുണമാണ് സുതാര്യത. പരസ്പരം മറച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ. പിതാവ് ചെയ്തുകാണുന്നതല്ലാതെ ഈശോ ചെയ്തുകാണിച്ചു തന്നതല്ലാതെ മറ്റൊന്നും സ്വന്തം ഇഷ്ടമനുസരിച്ച് ചെയ്യാന്‍ പറ്റാത്ത അവസ്ഥ. അതേ സമയം ഈശോ ചെയ്തതെല്ലാം മാറ്റമില്ലാതെ ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന അവസ്ഥ.
ഈശോ ദൈവത്തിന്റെ രക്ഷാകരപ്രവര്‍ത്തിയുടെ ഭാഗമായി കുരിശുമരണത്തിന് വിധേയപ്പെടുന്ന അവസ്ഥയില്‍, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് എടുത്തുമാറ്റണമേ എന്നു പ്രാര്‍ത്ഥിച്ച അതേ അധരങ്ങളാല്‍, എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നത്. ഫ്രാന്‍സിസ് പാപ്പ പറയുന്നു: “പ്രാര്‍ത്ഥിച്ചു വളര്‍ത്തിയെടുക്കേണ്ട പുണ്യമാണ് അനുസരണം. പ്രാര്‍ത്ഥനയില്‍ ദൈവത്തിന്റെ മനസ്സ് എന്താണെന്ന് തിരിച്ചറിയുകയും ആ മനസ്സിനൊത്ത് ജീവിക്കാന്‍ നമ്മുടെ മനസ്സിനെയും ജീവിതത്തെയും പരുവപ്പെടുത്തുകയും ചെയ്യുന്നു.”
അനുദിന ജീവിതത്തില്‍ പരസ്പരം സ്‌നേഹിക്കുന്നവര്‍ മാനുഷികമായ നിലയില്‍പോലും ഒരാള്‍ മറ്റൊരാളുടെ ഇഷ്ടം നിറവേറ്റാനും അയാളുടെ സന്തോഷത്തിനു വിപരീതമായി യാതൊന്നും പ്രവര്‍ത്തിക്കാന്‍ തയ്യാറാവാത്തതുപോലെയും ദൈവഹിതാന്വേഷികള്‍ പ്രാര്‍ത്ഥനയില്‍ ഈശോയോട് ഐക്യത്തിലാവുകയും അവിടുത്തെ മനസ്സും സന്തോഷവും മാത്രം നിറവേറ്റുകയും അഭിലഷിക്കുകയും ചെയ്യും. ഫിലി. 2:1-11, ഹെബ്രാ. 10:7, യോഹ. 4:34 ഇവയൊക്കെ ധ്യാനവിഷയമാക്കുമ്പോള്‍, തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു ദാസന്റെ രൂപം സ്വീകരിച്ച് മരണം വരെ അനുസരണമുള്ളവനായിരുന്നതായും “ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു” എന്നുപറഞ്ഞ് ലോകത്തിലേക്ക് പ്രവേശിച്ചതായും “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” എന്നുള്ള വചനങ്ങളിലൂടെ ദൈവഹിതാനുവര്‍ത്തനത്തില്‍ അവിടുത്തെ തീക്ഷ്ണതയും അവിടുത്തെ ദൗത്യബോധവും മനസ്സിലാക്കാന്‍ കഴിയും.
പഴയനിയമത്തിലെ പൂര്‍വ്വപിതാക്കന്മാരും പ്രവാചകന്മാരും വി. യൗസേപ്പിതാവും പരിശുദ്ധ അമ്മയും ആത്മാവിന്റെ ഇരുണ്ട ദിനരാത്രങ്ങളില്‍ പോലും പ്രാര്‍ത്ഥനയില്‍ ദൈവഹിതാന്വേഷണം നടത്തിയ വിശുദ്ധരും ഈ ദൈവൈക്യത്തിന്റെ മാതൃകകളാണ്. ഇപ്രകാരം ജീവിക്കണമെങ്കില്‍ പ്രാര്‍ത്ഥനയില്‍ വളര്‍ന്നുവരുന്ന ദൈവൈക്യത്തില്‍ വളരുന്ന ഹൃദയം വേണം, ആദ്ധ്യാത്മികത വേണം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്റെ നാമത്തില്‍ ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ കഷ്ടതകളും – കൊറോണ കാലയളവാണെങ്കില്‍ പോലും – ദൈവഹിതമാണെന്ന് കരുതുവാനും അല്ലെങ്കില്‍ ഓരോ ജീവിതാനുഭവങ്ങളില്‍ ദൈവഹിതനും കണ്ടെത്തുവാനും കഴിയേണ്ടതുണ്ട്. അതിനായി ദൈവഹിതാനുവര്‍ത്തികളുടെ ഹൃദയം വളരണം, മനസ്സ് വളരണം, മനോഭാവം വളരണം, ആദ്ധ്യാത്മികത വളരണം. മരണത്തോളം കീഴ്‌വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ എന്നെ അനുഗ്രഹിക്കണമേ.
സി. ജെസ്സി പഴയവീട്ടില്‍ DSHJ