
ബര്നാര്ദോ ലൂയിനിയുടെ (1480-1532) ‘ഉപാധ്യായന്മാര്ക്കിടയില് യേശു’ (Christ Among Doctors) എന്ന വിശ്വപ്രസിദ്ധ ചിത്രം. ബെര്‍നാര്‍ദോ ലൂയിനി ഇറ്റലിയിലെ ലെംബാര്ദോ പ്രവിശ്യയിലെ ലാഗോ മജ്ജോറിനടുത്തുള്ള ലൂയിനോയില് ആണ് ജനിച്ചത്. ആദ്യകാലങ്ങളില്‍ ചിത്രകാരന്, അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നത് ‘ബെര്നോര്ദിന് ലൊവിനൊ’ എന്നായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അറിയപ്പെട്ടത് ‘ലൂയിനി’ എന്നാണെന്ന് ചരിത്രം പറയുന്നുണ്ട്.
വിശ്വവിഖ്യാതനായ ചിത്രകാരന് ലെയെനാര്‍ദോ ഡാവിഞ്ചിയുടെ മരണശേഷമോ അല്ലെങ്കില്‍ അതിന് ഏതാനും നാളുകള്‍ മുമ്പോ ആകാം അദ്ദേഹം മിലാന് എന്ന പട്ടണത്തില്‍ എത്തിയതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ രണ്ട് കലാകാരന്മാരും തമ്മില്‍ വ്യക്തിപരമായ ബന്ധമുള്ളതായി ചരിത്രവായനയില്‍ ഒരു തീര്‍ച്ചയുമില്ല. എന്നാല്‍, ലൂയീനിയുടെ ചിത്രങ്ങളില്‍ ഡാവിഞ്ചിയുടെ സ്വാധീനം ഏറെക്കുറെ കാണാന്‍ കഴിയുന്നുണ്ട്. ഒപ്പം പിന്നീടുള്ള അദ്ദേഹത്തിന്റെ വരകളില്‍ റാഫായേല്‍ എന്ന ചിത്രകാരന്റെ സ്വാധീനവും പ്രകടമാകുന്നുണ്ട്.
മിലാനിലെ സറോന്നോ (Saronno) എന്ന സ്ഥലത്തെ ദേവാലയത്തില്‍ അദ്ദേഹം വരച്ച ചിത്രങ്ങളില്‍ ഒന്നിനെക്കുറിച്ച് പറയപ്പെടുന്ന വളരെ രസകരമായ ഒരു കാര്യമുണ്ട്. അതില്‍ ഒരു വിശുദ്ധന്റെ ചിത്രത്തിന്റെ പ്രതിഫലമായി ലൂയിനി പറഞ്ഞത്, 22 ഫ്രാങ്കും ഭക്ഷണവും വീഞ്ഞും ഒപ്പം താമസ സൗകാര്യങ്ങളും എന്നായിരുന്നു! അതില്‍ അദ്ദേഹം ഏറെ സംതൃപ്തനായിരുന്നുവെന്നും അതിന്റെ സന്തോഷത്തില്‍ ‘ഈശോയുടെ ജനനം’ എന്ന ഒരു ചിത്രം തികച്ചും സൗജന്യമായി ചെയ്തു കൊടുത്തുവെന്നുമാണ് ചരിത്രം.
ലൂയിനിയുടെ ചിത്രങ്ങളുടെ പ്രത്യേകതകള്‍
മഹനീയമായ ഒരു കുലീനത്വമാണ് ലുയീനി ചിത്രങ്ങളുടെ ശ്രേഷ്ഠമായ സവിശേഷത. കാരണം, ചിത്രം അതില്‍ത്തന്നെ സുന്ദരമാണ്. അതിലെ കഥാപാത്രങ്ങളുടെ ഭാവപ്രകടനങ്ങളും ആകര്‍ഷകമായ രൂപങ്ങളും ഏറെ ശ്രദ്ധേയമാണ്. ചിത്രം കാല്പനികമോ വ്രതപരമോ ഏതുമാകട്ടെ ആ ചിത്രങ്ങളില്‍ വരച്ചു ചേര്‍ക്കപ്പെടുന്ന കഥാപാത്രങ്ങളുടെ ചേഷ്ടകളും ഭാവങ്ങളും ശ്രദ്ധിക്കപ്പടേണ്ടതു തന്നെയാണ്. ഒപ്പം ഈ ചിത്രങ്ങളില്‍ ഒരു കൃപയുടെ നിറവും കാണാന്‍ കഴിയും. അതുകൊണ്ടു തന്നെ കാഴ്ചക്കാരന്റെ മനസ്സില്‍ അറിയാതെ ഒരു ഭക്തി തോന്നുക സ്വാഭാവികം.
ഈ ചിത്രകാരന്റെ പ്രശസ്തമായ നിരവധി ചിത്രങ്ങളുണ്ട്. എന്നാല്‍, ഇറ്റലിയിലെ സറോന്നൊയിലെ ദേവാലയത്തില്‍ 1525 കാലഘട്ടത്തില്‍ വരച്ച ചിത്രങ്ങള്‍ എടുത്തു പറയേണ്ടവയാണ്. കാനായിലെ വിവാഹം, യേശുവിനെ ദേവാലയത്തില്‍ കാഴ്ച വയ്ക്കല്‍, പൂജരാജാക്കന്മാരുടെ സന്ദര്‍ശനം തുടങ്ങി മാതാവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് ഈ ചിത്രങ്ങളില്‍ പ്രകടമാകുന്നത്. ഉപാധ്യായന്മാര്ക്കിടയില് യേശു, സ്നാപകയോഹന്നാന്റെ തലയുമായി സലോമി എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.
ചിത്രത്തിന്റെ അടിസ്ഥാനം
ലൂക്കായുടെ സുവിശേഷം 2:41 മുതലുള്ള വചനങ്ങളില്‍ ഉപാധ്യായന്മാരുടെ ഇടയില്‍ വാദപ്രതിവാദങ്ങള്‍ നടത്തുന്ന യേശുവിനെ ചിത്രീകരിച്ചിട്ടുണ്ട്. ആ വചനഭാഗമാണ് ഈ ചിത്രത്തിന് ആധാരം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ ബാലനായ യേശുവിനു പകരം യുവത്വം തുളുമ്പുന്ന ഒരു യേശുവിനെയാണ് ചിത്രകാരന് ചിത്രീകരിച്ചിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍, യേശു ഫരിസേയരോടും നിയമജ്ഞരോടും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നതാകാം ഇതിന്റെ അടിസ്ഥാനമെന്ന് കരുതുന്നവരുമുണ്ട്. ഈ ചിത്രം ആദ്യമൊക്കെ വിശ്വപ്രസിദ്ധനായ ചിത്രകാരന് ലെയനാര്‍ദോ ഡാവിഞ്ചിയുടേതാണെന്ന ഒരു വിശ്വാസവും നിലനിന്നിരുന്നു. പിന്നീടാണ് ലൂയിനിയുടെ ചിത്രമാണ് ഇതെന്ന് ലോകം മനസ്സിലാക്കിയത്.
ചിത്രവിശകലനം
‘ഉപാധ്യായന്മാര്ക്കിടയിലെ യേശു’ എന്ന ചിത്രത്തില്‍ ചിത്രകാരന്റെ തന്നെ ഒരു ഛായാചിത്രം ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രം, ബാലനായ യേശു ഉപാധ്യായന്മാരുടെ കൂടെയുള്ളതാണെന്നും അതല്ല, യുവാവായ യേശു ഫരിസേയരോട് തര്ക്കിക്കുന്നതാണെന്നും രണ്ടു പക്ഷക്കാരുണ്ട്. ഈ ചിത്രത്തിലെ യേശുരൂപം വളരെ സജീവമായും ചലനാത്മകമായുമാണ് കാഴ്ചക്കാരന് കാണപ്പെടുന്നത്. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇടതു കരത്തില്‍ മൂന്നു വിരലുകള്‍ ഉയര്‍ന്നാണിരിക്കുന്നത്. വാദപ്രതിവാദങ്ങളുടെ ഭാഗമെന്നോണം കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നതിന്റെ പ്രതീതിയാണ് ഇത് കാഴ്ചക്കാരില്‍ ജനിപ്പിക്കുന്നത്. ഒരു വിരല്‍ കൊണ്ട് മറുകരം തൊടുന്നത് മറ്റൊരു വാദം സ്ഥാപിക്കുന്നതിനെ സൂചിപ്പിക്കുന്നു.
ഈശോ ഇതില്‍ വളരെ ശാന്തനാണ്. സ്നേഹം തുളുമ്പുന്ന ഒരു മുഖഭാവം ഉണ്ടെങ്കിലും ചുറ്റും നില്ക്കുന്നവര് അവനെ വേണ്ടവിധത്തില്‍ മനസ്സിലാക്കാത്തതിന്റെ നേരിയ സങ്കടഭാവം മുഖത്ത് നിഴലിക്കുന്നുമുണ്ട്. അറിവിലും വിശുദ്ധിയിലും അവരെക്കാളൊക്കെ ഉന്നതിയിലാണെന്നും ദൈവപുത്രനാണെന്നുമുള്ള അവബോധം ആ ചേഷ്ടകളില്‍ നിന്നും വ്യക്തമാണ്.
ഈചിത്രത്തില്‍ ശ്രദ്ധേയമായ ഒരുകാര്യം പ്രകാശത്തിന്റെ തെളിമ മുഴുവന്‍ പ്രശോഭിക്കുന്നത് യേശുവിന്റെ മുഖത്താണ് എന്നുള്ളതാണ്. എന്നാല്‍ ചുറ്റുമുള്ള നിയമജ്ഞരേയും പ്രമാണിമാരേയും അരണ്ട വെളിച്ചത്തില്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് ദൈവപുത്രനായ ഈശോയുടെ ദൈവീകതയേയും അവന്റെ അഗാധമായ ജ്ഞാനപ്രഭാവത്തേയും വെളിവാക്കുന്നതിനു വേണ്ടിക്കൂടിയാണ്. കരവാജൊ എന്ന ചിത്രകാരനെപ്പോലെ തന്നെ ഇരുളും വെളിച്ചവും തമ്മില്‍ ഇഴചേരുന്ന ഒരു ദൃശ്യതീവ്രത ഒരുക്കാന്‍ ഇവിടെ ലൂയിനിക്കും കഴിഞ്ഞു എന്നുവേണം കരുതാന്‍.
ഇവിടെ കഥാപാത്രങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ലൂയിനി എന്ന ചിത്രകാരന് എത്രയോ റിയലിസ്റ്റിക് ആണ് തന്റെ ചിത്രീകരണങ്ങളില്‍ എന്ന്. യേശുവിന്റെ ചുറ്റും നില്ക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന നിയമജ്ഞര്‍ ഓരോരുത്തരുടേയും മുഖഭാവങ്ങളും ഭാവപ്രകടനങ്ങളും ഒന്നിനോടൊന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഇടതുവശത്ത് അകലെയായി നില്ക്കുന്ന ആള് ഈശോയോട് ദേഷ്യത്തിലാണെന്ന് അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്. എന്നാല്‍ ഈശോയോട് ചേര്‍ന്നുനില്‍ക്കുന്ന നിയമപണ്ഡിതന് പ്രായത്തില്‍ മുതിര്‍ന്ന ആളാണ്. അയാള്‍ വളരെ ശാന്തനും സൗമ്യനുമായി കാണപ്പെടുന്നു. അയാളുടെ അറിവിന്റെ ആഴം ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാം. ഒപ്പം തൊട്ടടുത്ത് വലതുവശത്ത് നില്ക്കുന്ന ആളാണ് ഏറ്റവും ക്ഷുഭിതനെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരുപക്ഷേ, അദ്ദേഹമായിരിക്കാം അവിടെയുള്ളതില്‍ വച്ച് നിയമത്തിന്റെ വിധിയാളന്. മുറുകെ ചേര്‍ത്തുപിടിച്ചിരിക്കുന്ന അയാളുടെ ചുണ്ടുകള്‍ നിശ്ചയദാര്‍ഢ്യത്തേയും തീരുമാനമെടുക്കുന്നതിലെ കര്‍ക്ക കാര്‍ക്കശ്യത്തെയും വെളിപ്പെടുത്തുന്നു.
അദ്ദേഹം തീരുമാനം എടുത്തു കഴിഞ്ഞു. യേശുവിന്റെ വാദങ്ങളേയും പ്രവചനങ്ങളേയും പൂര്‍ണ്ണമായി മനസ്സിലാക്കുന്നില്ലെങ്കിലും തന്റെ തീരുമാനങ്ങളില്‍ ഒട്ടും ചഞ്ചലനല്ല അദ്ദേഹം എന്നു വേണം മനസ്സിലാക്കാന്‍. നിലയുറപ്പിച്ചിരിക്കുന്ന നീണ്ട ദീക്ഷയുള്ള ആളുടെ അംഗവിക്ഷേപങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. എവിടെയും എപ്പോഴും കാണുന്ന ഒരു സംശയക്കാരന്റെ പ്രതിനിധിയാണ് അയാള്‍.
ഈ ചിത്രത്തില്‍ യുവാവും സുന്ദരനുമായി ചിത്രീകരിച്ചിരിക്കുന്ന യേശുവിന്റെ മുഖവും പ്രയാധിക്യത്താല്‍ ചുളിവുകള്‍ വീണ പണ്ഡിതരുടെ മുഖങ്ങളും തമ്മിലുള്ള അന്തരം കാഴ്ചക്കാരന്റെ മനസ്സിനെ തൊടുന്ന ഒരു അനുഭവമായി മാറുന്നു.
ഇവിടെ ലൂയിനി യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത് പരമ്പരാഗത ‘പിരമിഡല്‍’ രീതിയിലാണ്. എല്ലാവരേയുംകാള്‍ ഉയര്‍ന്നും തലയെടുപ്പോടു കൂടി മുമ്പന്തിയിലായി ചിത്രീകരിച്ചിരിക്കുന്ന യേശു മനുഷ്യപുത്രനും അറിവിന്റെ കേദാരവും അവര്‍ക്കുമേല്‍ മേല്‍ക്കോയ്മ നേടിനില്ക്കുന്നവനുമാണെന്ന് വ്യക്തമാകുന്നു. ഇരുവശങ്ങളിലും അടുത്തായി നിലയുറപ്പിച്ചിരിക്കുന്നവര്‍ യേശുവിലാണ് അവരുടെ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത്. ഒരു നോട്ടം കൊണ്ട് അവര്‍ യേശുവിനെ ‘തടവുകാരനാക്കി’യിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ മറ്റു രണ്ടു പേരുമാകട്ടെ, അവരുടെ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത് ഫ്രെയിമിനു പുറത്തേയ്ക്കാണ്. ഈ രംഗത്തില്‍ അറിഞ്ഞോ അറിയാതെയോ വന്നു പെട്ടുപോയതിലുള്ള അവരുടെ ജാള്യത വ്യക്തമാക്കുന്നുണ്ട് അവരുടെ നോട്ടവും ചേഷ്ടകളും.
ശ്രദ്ധേയമായ ഈ ചിത്രത്തില്‍ ലൂയിനി യേശുവിനെ ചിത്രീകരിച്ചിരിക്കുന്നത് അറിവിന്റെ നിറകുടമായിട്ടാണ്. എങ്കിലും ഈ പെയിന്റിംഗ് അല്പം വിചിത്രമാണന്നു വേണം പറയാന്‍. കാരണം, ലൂയിനി യേശുവിനെ ചിത്രീകരിക്കുന്നതില്‍ മറ്റു ചിത്രകാരന്മാര് സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായ സങ്കേതമാണ് ഉപയോഗിച്ചിരിക്കുന്നത്. യേശുപ്രാതിനിധ്യം വളച്ചൊടിച്ചു പരിചയപ്പെടുത്തി എന്നുവേണമെങ്കില്‍ പറയാം. എങ്കിലും ചിത്രരചനലോകത്തെ സംബന്ധിച്ച് ഇത് വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്. അതുകൊണ്ടു തന്നെ ചിത്രകലയുടെ നവോത്ഥാന കാലഘട്ടത്തിലെ ഒരു ആശ്ചര്യമായി ഈ ചിത്രം എണ്ണപ്പെടുന്നു.
ചിത്രത്തെപ്പറ്റി പ്രധാന കാര്യങ്ങള്‍
ചിത്രകാരന്: ബെര്‍നാര്‍ദോ ലുയിനി
ചിത്രകാരന്റെ കാലഘട്ടം: 1480-1532
ചിത്രസൃഷ്ടിയുടെ കാലഘട്ടം: ഏകദേശം 1515-30
ചിത്രരചനാരീതി: ബോര്‍ഡില്‍ ഓയില്‍ പെയിന്റിങ്
ചിത്രത്തിന്റെ അളവ്: 72.4 x 85.7 cm.
ചിത്രം സൂക്ഷിച്ചിരിക്കുന്ന സ്ഥലം: നാഷണല്‍ ഗാലറി, ലണ്ടന്‍