ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ഫലം

1995 ഫെബ്രുവരി 25 -നാണ് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിനിയും ഇന്‍ഡോറില്‍ മിഷന്‍ പ്രവര്‍ത്തകയുമായിരുന്ന സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെട്ടത്. സമുന്ദര്‍, ജീവന്‍ സിംഗ്, ധര്‍മേന്ദ്ര എന്നീ മൂന്നുപേര്‍ ചേര്‍ന്ന് സിസ്റ്ററെ ബസ്സിനുള്ളിലിട്ട് ക്രൂരമായി കുത്തിയാണ് കൊലപ്പെടുത്തിയത്. ഉദയനഗറില്‍ നിന്ന് ഇന്‍ഡോറിലേയ്ക്കുള്ള യാത്രയിലായിരുന്നു സിസ്റ്റര്‍. മുതലാളിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ നാട്ടിലെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പഠിപ്പിച്ചതും പ്രാപ്തരാക്കിയതുമാണ് സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകത്തില്‍ കലാശിച്ചത്.

സിസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ സമുന്ദറും കൂട്ടാളികളും പിടിയിലായി. കേസില്‍ ശിക്ഷിക്കപ്പെട്ടത് സമുന്ദര്‍ സിങ് മാത്രം; അതും ജീവപര്യന്തം. ഗൂഢാലോചന നടത്തിയവര്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടു. അവര്‍ പിന്നെ സമുന്ദറിനെ തിരിഞ്ഞുനോക്കിയില്ല. ഭാര്യയും അയാളെ ഉപേക്ഷിച്ചു. നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ് ഞാന്‍ വിന്നിരിക്കുന്നത് എന്ന വചനം ഭൂമിയില്‍ വീണ്ടും ജീവന്‍ വയ്ക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങളാണ് പിന്നീട് നടന്നത്. സമുന്ദറിന്റെ മാനസാന്തരം. സമുന്ദറിന്റെ ആത്മാവിനെ നേടാനായി ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ രൂപത്തില്‍ ദൈവം അയച്ചതാവട്ടെ സി. റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മിയെയും. 2002 ആഗസ്ത് 21 ാം തിയതി ഒരു രാഖീ ബന്ധന്‍ ദിവസം, വൈകിട്ട് അഞ്ചുമണിയോടെ സമുന്ദറിനെ കാണാന്‍ സിസ്റ്റര്‍ സെല്‍മി ജയിലില്‍ എത്തി. സ്വന്തം സഹോദരിയുടെ നെഞ്ചില്‍ കത്തിയിറക്കിയ കൈകളില്‍ സി. സെല്‍മി ആ രാഖികെട്ടി സമുന്ദറിനെ സഹോദരനായി സ്വീകരിച്ചു. തന്റെ ചേച്ചി റാണിയുടെ ചോരവീണ ആ കൈകളില്‍ ചുംബിച്ചു. തരിച്ചുപോയ സമുന്ദറിന് സി. സെല്‍മിയുടെ കാല്‍ക്കല്‍ വീണ് ഇങ്ങനെ കരയാനേ സാധിച്ചുള്ളു…’ക്ഷമിക്കൂ സഹോദരീ…എന്നോട് ക്ഷമിക്കൂ!”

”ഞാന്‍ നിന്നോട് പണ്ടേ ക്ഷമിച്ചതാണല്ലോ”, സെല്‍മി പറഞ്ഞു: ”ദൈവവും നിന്നോട് ക്ഷമിച്ചിട്ടുണ്ടാകും. നീ ഇനി തളരരുത്. ഞങ്ങളെല്ലാം എന്നും നിനക്കായി പ്രാര്‍ഥിക്കുന്നുണ്ട്!”

അത്രയും മതിയായിരുന്നു സമുന്ദര്‍ എന്ന പാപിയ്ക്ക് തിരിച്ചുവരാന്‍.

ഫെബ്രുവരി 24ന് ജയിലില്‍ റാണി മരിയയുടെ അമ്മ ഏലീശ്വയും സഹോദരന്‍ സ്റ്റീഫനും സമുന്ദറിനെ തേടിയെത്തി. സിസ്റ്റര്‍ സെല്‍മിയും ഒപ്പമുണ്ടായിരുന്നു. മകളെ കൊന്നവന്റെ കൈകളില്‍ ആ അമ്മ ചുംബിച്ചു.

‘എന്റെ മകളുടെ രക്തംവീണ കൈകളാണിത്. ഇതില്‍ ചുംബിക്കുക എന്റെ ആഗ്രഹമായിരുന്നു!”. ആ അമ്മയുടെ വാക്കുകള്‍ കേട്ട് സമുന്ദര്‍ പൊട്ടിക്കരഞ്ഞു.

അത്ഭുതങ്ങള്‍ വീണ്ടും സംഭവിച്ചുകൊണ്ടിരുന്നു. സമുന്ദറിന് മാപ്പുനല്‍കിയതായി സി. റാണി മരിയയുടെ കുടുംബാംഗങ്ങള്‍ എഴുതിനല്‍കി. നിയമത്തിന്റെ നൂലാമാലകള്‍ കടന്ന് 2006 ആഗസ്ത് 22ന് അയാള്‍ ജയില്‍ മോചിതനായി. ജയിലിലില്‍ നിന്നിറങ്ങിയതിന്റെ പിറ്റേദിവസം ഉദയനഗറിന് സമീപം മിര്‍ജാപുരിലുള്ള റാണി മരിയയുടെ കബറിടത്തില്‍ സമുന്ദര്‍ എത്തി. ഏറെനേരം കമിഴ്ന്ന് കിടന്ന് കരഞ്ഞു. പിന്നീട് നച്ചന്‍ബോര്‍ മലനിരകളില്‍ താനവളെ കുത്തിക്കൊന്ന സ്ഥലത്തുള്ള സ്മാരകത്തില്‍പോയി പ്രാര്‍ഥിച്ചു. കോണ്‍വെന്റിലെത്തി സിസ്റ്റേഴ്സിനോട് മാപ്പുചോദിച്ചു, അവരോടൊപ്പം ഭക്ഷണവും കഴിച്ചു.

2007 ജനുവരി 20 -നായിരുന്നു അത്യന്തം നാടകീയമായ അടുത്ത സംഭവം. കേരളത്തിലെ സി. റാണി മരിയയുടെ വീട്ടില്‍ സമുന്ദര്‍ എത്തി. അവശനായിരുന്ന റാണി മരിയയുടെ പിതാവ് പൈലിയുടെയും അമ്മ ഏലീശ്വായുടെയും മുമ്പില്‍ അയാള്‍ മുട്ടുകുത്തി മാപ്പിരന്നു. തങ്ങളുടെ പൊന്നോമനയെ കൊന്നവന്റെ ശിരസ്സില്‍ ആ വൃദ്ധദമ്പതികള്‍ വിറയ്ക്കുന്ന കരം ചേര്‍ത്ത് അനുഗ്രഹിച്ചു. ആ രംഗം കണ്ടുനിന്നവര്‍ പോലും അനുഗ്രഹീതരായി എന്ന് പറയേണ്ടതില്ലല്ലോ.

സി. റാണിയുടെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും സ്നേഹത്തോടെ അയാളെ സത്കരിച്ചു. സ്നേഹപ്രകടനങ്ങള്‍ സമുന്ദറിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അയാള്‍ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ഇനി കരയരുത് നീയും ഞങ്ങളുടെ മകനാണ് എന്ന് പറഞ്ഞാണ് നൊന്ത് പ്രസവിച്ച മകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ വ്യക്തിയെ സി. റാണി മരിയയുടെ അമ്മ യാത്രയാക്കിയത്.

കൃഷിപ്പണി ചെയ്താണ് ഇന്ന് സമുന്ദര്‍ ജീവിക്കുന്നത്. മൃഗങ്ങളെയും വളര്‍ത്തുന്നു. സമയം കിട്ടുമ്പോഴെല്ലാം സി. റാണി മരിയ താമസിച്ചിരുന്ന കോണ്‍വെന്റിലെത്തും. ഉദയനഗര്‍ സ്നേഹസദന്‍ കോണ്‍വെന്റിലിപ്പോള്‍ മദറായിരിക്കുന്നത് സിസ്റ്റര്‍ സെല്‍മിയാണ്. അവരെ കാണാന്‍ചെല്ലുമ്പോള്‍ തന്റെ കൃഷി ഫലങ്ങളിലെന്തെങ്കിലും സമുന്ദര്‍ ഈ സഹോദരിക്കായി കരുതും. 2015 ഫെബ്രുവരി 25 -ന് നടന്ന അനുസ്മരണച്ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാല്‍ക്കല്‍വീണ് അയാള്‍ ഒരിക്കല്‍ക്കൂടി തന്റെ തെറ്റിന് മാപ്പിരന്നു.

ക്ഷമിക്കുന്ന സ്‌നേഹം എന്ന ഈശോ കാട്ടിത്തന്ന സ്‌നേഹത്തിലൂടെ മാത്രമേ ഒരു പാപിയെ മാനസാന്തരത്തിലേയ്ക്ക് നയിക്കാന്‍ സാധിക്കുകയുള്ളു എന്നതിന് ഉത്തമ മാതൃക നല്‍കുകയായിരുന്നു സി. റാണി മരിയയുടെ സ്‌നേഹസമ്പന്നരായ കുടുംബാംഗങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.