![32](https://i0.wp.com/www.lifeday.in/wp-content/uploads/2018/07/32.jpg?resize=615%2C384&ssl=1)
![](https://i0.wp.com/www.lifeday.online/wp-content/uploads/2018/07/jo-thomas--289x300.jpg?resize=125%2C120&ssl=1)
ഞാൻ ഒരു കുട്ടനാട്ടുകാരൻ ആണ്. വീടിന്റെ മുൻപിൽ തോടാണ്, പിറകിൽ പരന്നു വ്യാപിച്ചു കിടക്കുന്ന പാടശേഖരം. ഒരു മാതിരി എല്ലാ മഴക്കാലത്തും ഈ തോടും കണ്ടവും വെള്ളം നിറഞ്ഞു റോഡിനൊപ്പം സമാസമം കിടക്കാറുണ്ട്. ഒരു വണ്ടിക്കു പോകാവുന്ന വഴിക്കിപ്പുറം ഊഹിക്കാൻ പറ്റുന്നതിലും വല്ല്യ ആഴമുള്ള വെള്ളമാണ്. പുറത്തേക്കു നോക്കിയാൽ അനന്തമായി കിടക്കുന്ന ഒരു കടല് ആണ്. തോട്ടിലെ ഒഴുക്കിൽ ആന വരെ ഒഴുകി പോകും, ഒട്ടും അതിശയോക്തി കലർത്താതെ പറയുന്നതാണ്.
വെള്ളപ്പൊക്കത്തിലും ഒരു കൊതുമ്പ് വളളത്തിൽ കയറി ഈ കണ്ടത്തിന്റെ നടുക്കും കുത്തി ഒലിക്കുന്ന തോട്ടിലുമൊക്കെ തുഴഞ്ഞും, നീന്തിയും നടന്നതാണ് എന്റെ ബാല്യവും കൗമാരവും ഒക്കെ.
ഞാൻ മാത്രമല്ല എടത്വായിലെയും മുട്ടാറില്ലെയും പുളിങ്കുന്നിലെയും ഏതൊരു ബാല്യവും കൗമാരവും ഇങ്ങനെ ആണ്, ഇവിടെ ജനിച്ചു വളർന്ന ഏതു കുട്ടനാട്ടുകാരനും ഇങ്ങനെ ആണ്. ഇത്രയും പറഞ്ഞത് മറ്റൊന്നിനും അല്ല, വെള്ളപ്പൊ രസമുള്ള കാര്യമൊന്നും അല്ല. ഉത്തരവാദിത്വങ്ങൾ ഇല്ലാത്ത ബാല്യകൗമാരത്തിൽ അതൊരു ആവേശം ആണ്.
പക്ഷേ, വീട് നോക്കുന്നവർക്ക് അറിയാം നെഞ്ചിൽ ഉയരുന്ന മഹാ പ്രളയം.
ഫേസ്ബുക്കിലെ ആവേശവും, വെള്ളത്തിലെ കുളിയും ഒന്നുമല്ല യഥാർത്ഥ വെള്ളപൊക്കം.
വീടിന്റെ മുറ്റത്തെ മുട്ടറ്റം വെള്ളത്തിൽ ഒരു പാമ്പ് നിങ്ങൾക്ക് നേരെ നീന്തി വരുന്നത് ഒന്ന് ആലോചിച്ചു നോക്കുക. കുട്ടനാട്ടുകാർക്ക് ഇത് പുത്തൻവെള്ളം ഒന്നും അല്ല. എങ്കിലും ദുരിതങ്ങൾ ആരും അറിയാതെ പോകരുത്. അരക്കൊപ്പം വെള്ളം കയറിയ വീടുകൾ ഉണ്ട്. നിലം പൊത്താറായ വീടുകളിൽ പ്രായമായ മാതാപിതാക്കളേയും കൊണ്ട് ഉറങ്ങാതെ കിടക്കുന്നവർ ഉണ്ട്. മടവീണു പറമ്പും വഴിയും പോയവർ ഉണ്ട്. കറന്റില്ലാതെ, വെള്ളം ഇല്ലാതെ പുറം ലോകവുമായി ബന്ധം ഇല്ലാതെ കിടക്കുന്നവർ ഉണ്ട്. വെള്ളപ്പൊക്ക കാഴ്ചകളിൽ ഇവയൊന്നും ആരും നിങ്ങൾക്ക് അയച്ചു തന്നു എന്ന് വരില്ല.
പരസ്പരം സഹായിച്ചു, കൊതുമ്പു വള്ളത്തിൽ അരിയും കപ്പയും ആയി തുരുത്തുകളിലേക്ക് തുഴയുന്നവൻ ഉണ്ട്, മരണ വീട്ടിൽ ഉയരുന്ന കണ്ണുനീരിനപ്പുറം തട്ടടിച്ചു ശരീരം നനയാതെ കിടത്താൻ പെടാ പാട് പെടുന്നവർ ഉണ്ട്, രോഗികളെ ചുമലിൽ വഹിച്ചു ആശുപത്രിയിൽ എത്തിക്കുന്നവർ ഉണ്ട്. മടവീണ പാടങ്ങളിൽ മതിലുകൾ ആവുന്നവർ ഉണ്ട്. പൂതലിച്ച സ്വപ്നങ്ങളിൽ ഒരു ശവപ്പെട്ടി ഉണ്ടാക്കി സ്വയം അതിൽ ഇറങ്ങി കിടക്കുന്നവർ ഉണ്ട്.
മണ്ണിനോടും, മഴയോടും പടവെട്ടി, വീണാലും വീണ്ടും എഴുന്നേക്കുന്നവർ ഉണ്ട്. വെള്ളപ്പൊക്കം നിങ്ങൾ കാണുന്ന ആഘോഷം അല്ല. അതിനു താഴെ ഒലിച്ചു പോകുന്ന ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. അത് കൊണ്ടാണ് കുറച്ചു അകലെ ആണെങ്കിലും ആകാശത്തിലൊരു കാറ് കേറുമ്പോൾ മനസ് അങ്ങ് കുട്ടനാട്ടിൽ എത്തുന്നത്.
ജോ തോമസ്