
ഈശോയുടെ തിരുഹൃദയ തിരുനാള്‍ നമ്മുടെ പാവപ്പെട്ട ഹൃദയങ്ങളെ അഭൗമീകമായ സ്നേഹം കൊണ്ട് നിറയ്ക്കുന്നു. 17-ാം നൂറ്റാണ്ടിലെ മിസ്റ്റിക് ആയ വി. മാര്‍ഗരീത്ത മരിയ അലെക്കോക്ക് എന്ന കന്യകയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്; ‘കണ്ടാലും, മനുഷ്യകുലത്തെ ഇത്രയധികം സ്നേഹിക്കുന്ന എന്റെ ഹൃദയം.’ ദൈവത്തിന് മനുഷ്യരുടെ നേരെയുള്ള സ്നേഹം ഈശോമിശിഹാ തന്റെ ജീവിതത്തിലുടനീളം കാണിച്ചുകൊടുത്തു. അവിടുത്തെ സമീപിച്ചവര്‍ക്കെല്ലാം ‘ദൈവം സ്നേഹമാകുന്നു’ എന്ന അനുഭവം കിട്ടി. അതിന്റെ ഏറ്റവും ശക്തമായ അനുഭവം കുരിശില്‍ കിടന്നുള്ള ഈശോയുടെ മരണം തന്നെ. കുരിശുമരണത്തിലൂടെ അവിടുന്ന് മനുഷ്യകുലത്തെ പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് രക്ഷിച്ചു. ദൈവമനുഷ്യബന്ധം പുനഃസ്ഥാപിച്ചു.
എന്നാല്‍, കുരിശിലെ മരണം ഈശോയുടെ സ്നേഹത്തിന്റെ അവസാനമായിരുന്നില്ല. കാല്‍വരിയിലെ മരണത്തിന് ദൃക്സാക്ഷി ശിഷ്യനായ യോഹന്നാന് പിന്നീട് സംഭവിച്ചവ വിവരിക്കുന്നത് ഇങ്ങനെ: ‘അത് സാബത്തിനായുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കുവാന്‍ വേണ്ടി യഹൂദന്മാര് പീലാത്തോസിനോട് ആവശ്യപ്പെട്ടു. പീലാത്തോസിന്റെ കല്പന പ്രകാരം ഈശോയുടെ കൂടെ കുരിശില്‍ തറച്ച രണ്ടു പേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ ഈശോയെ സമീപിച്ചപ്പോള്‍ അവന് മരിച്ചുകഴിഞ്ഞു എന്നു കണ്ടതിനാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍, പടയാളികളില്‍ ഒരുവന് ഈശോയുടെ വിലാവില്‍ കുന്തം കൊണ്ട് കുത്തി. ഉടനെ അതില്‍ നിന്ന് രക്തവും ജലവും പുറത്തു വന്നു. അതു കണ്ടയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്.’
ഈശോയുടെ കാലുകള്‍ ചുറ്റികകൊണ്ട് അടിച്ചുതകര്‍ക്കാതെ പകരം അവിടുത്തെ വിലാവില്‍ കുന്തം കൊണ്ട് കുത്തിയ പടയാളി താരതമ്യേന ഒരു നല്ല കാര്യമാണ് ചെയ്തത്. കുരിശില്‍ കിടന്നു മരിക്കുന്നവന്റെ കാലുകള്‍ തകര്‍ക്കുന്നത് അതിക്രൂരമായ പ്രവൃത്തിയാണ്. വിലാവില്‍ കുന്തംകൊണ്ടു കുത്തിയവനാണ് ‘സത്യമായും ഇവന് ദൈവപുത്രനാണ്’ എന്ന് വെളിപ്പെടുത്തിയ ശതാധിപന്. ഈ പ്രവൃത്തി സുവിശേഷകന് വളരെ അര്‍ത്ഥവത്തായ ഒരു സംഭവമാണ്. അത് കേള്‍വിക്കാരന്റെ മുമ്പില്‍ അവതരിപ്പിച്ചിട്ട് സുവിശേഷകന് അവസാനിപ്പിക്കുന്നു. ഇത് യോഹന്നാന് സുവിശേഷകന്റെ സാധാരണ അവതരണ രീതിയില്‍ നിന്ന് വ്യത്യസ്തമാണ്. സാധാരണയായി ഒരു അടയാളം കൊണ്ടോ, കൂടിക്കാഴ്ച കൊണ്ടോ തുടങ്ങിയിട്ട് പിന്നീട് പല കോണുകളിലൂടെ അതിലെ ദൈവശാസ്ത്രം വിശകലനം ചെയ്യുന്ന ശൈലിയാണ് സുവിശേഷകന് അവലംബിക്കാറ്. ഇവിടെയാകട്ടെ, സുവിശേഷത്തിന്റെ മുഴുവന്‍ ലക്ഷ്യം എന്ന പോലെ ഈശോയുടെ പിളര്‍ക്കപ്പെട്ട ഹൃദയം ചൂണ്ടിക്കാട്ടിയിട്ട് സുവിശേഷകന് നിശബ്ദനാകുന്നു.
സമവീക്ഷണ സുവിശേഷങ്ങളില്‍ ഈശോയുടെ മരണസമയത്ത് ദൈവാലയത്തിലെ തിരശീല നടുവെ കീറുന്നതിനു സമാനമാണിത്. അവിടെ ദൈവാനുഭവത്തിന്റെ അത്യുച്ചിയിലാണ് പ്രേക്ഷകരെല്ലാവരും സ്നേഹത്തില്‍ ഒന്നുചേരുന്നു. ‘ഈശോമിശിഹാ ദൈവമാകുന്നു’ എന്ന വിശ്വാസം സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ ഭാവിമഹത്വം സാക്ഷാത്കൃതമാകുന്നു. അതുകൊണ്ടാണ് ‘നിങ്ങളും വിശ്വസിക്കേണ്ടതിന് താന്‍ സത്യമാണ് പറയുന്നതെന്ന് അവന് അറിയുകയും ചെയ്യുന്നു’ എന്ന് സുവിശേഷകന് കൂട്ടിച്ചേര്‍ക്കുന്നത്.
ഈശോയുടെ പിളര്‍ക്കപ്പെട്ട വിലാവിനെക്കുറിച്ചുള്ള യോഹന്നാന്റെ ദൃക്സാക്ഷി വിവരണം അവസാനിക്കുന്നത് ഒരു പ്രവാചക വചനം ഉദ്ധരിച്ചുകൊണ്ടാണ്. ‘തങ്ങള്‍ കുത്തിത്തുളച്ചവനെ അവര്‍ നോക്കും.’ ജോസിയാ രാജാവിന്റെ അന്ത്യത്തെയാണ് സഖറിയാ പ്രവാചകന് ഇവിടെ സൂചിപ്പിക്കുന്നത്. ഇസ്രായേലിന്റെ മഹാനായ രാജാവായിരുന്നു ജോസിയ. കര്‍ത്താവിലേയ്ക്ക് പൂര്‍ണ്ണമായി ചേര്ന്നുനിന്നവന്. ഇതിനു മുമ്പോ ഇതിനു ശേഷമോ ഇസ്രായേലില്‍ ഇതുപോലൊരു മഹാനായ രാജാവ് ഉണ്ടായിട്ടില്ല. എന്നിട്ടും ജറുസലേമില്‍ വച്ച് ഈജിപ്ഷ്യന്‍ ഭടന്മാരുടെ കുന്തം കൊണ്ടുള്ള കുത്തേറ്റ് ദാരുണമായി അദ്ദേഹം മരിച്ചു. ജനങ്ങള്‍ പകച്ചുപോയി. ദൈവം നീതിമാനെ കൈവെടിഞ്ഞോ? തിന്മ, നന്മയുടെ മേല്‍ ആധിപത്യം സ്ഥാപിച്ചോ? ഇസ്രായേലിന്റെ ചരിത്രത്തിലെ അസ്വസ്ഥമാകുന്ന ദുഃഖസ്മരണയാണിത്. നല്ലവനായ രാജാവിനെ ഓര്‍ത്തുകൊണ്ട് സഖറിയാ പ്രവാചകന് പറയുകയാണ്: ‘പാര്‍ശ്വം പിളര്‍ക്കപ്പെട്ട ഒരുവനെ നോക്കിനില്ക്കുന്നതിലൂടെ കൃപാവരവും സമാശ്വാസവും ഒഴുകിവരുന്നു’ ‘ആ ദിവസം’ സംഭവിക്കാന്‍ പോകുന്ന കാര്യമാണിത്. ജനത്തെ മുഴുവന്‍ ഒരു നീരുറവ ശുദ്ധമാക്കും. ജറുസലേമില്‍ നിന്ന് ജീവജലം ഒഴുകിവരും. കര്‍ത്താവ് അന്ന് ഭൂമി മുഴുവന്റെയും അതിനാഥനാകും.
പാര്‍ശ്വം പിളര്‍ക്കപ്പെട്ട രാജാവിലൂടെ കൈവരുന്ന രക്ഷ സാര്‍വ്വത്രികമാണ്. ഓരോരുത്തരും അത് കാണും. അവനെ കുത്തിമുറിവേല്പ്പിച്ചവരും അത് കാണും. എല്ലാവരും മാറത്തടിച്ച് കരയും. പാര്‍ശ്വം പിളര്‍ക്കപ്പെട്ട ഈ രക്ഷകന് ഏകജാതന്‍ എന്ന് വിളിക്കപ്പെട്ടവനാണ്. ഉയര്‍ത്തപ്പെട്ട ക്രിസ്തുവിനെ കാണുന്നവരെല്ലാം മാനസാന്തരപ്പെട്ട് രക്ഷ നേടും. കര്‍ത്താവിന്റെ ആത്മാവിനാല്‍ അവര്‍ പുതിയ മനുഷ്യരായിത്തീരും.
ഹൃദയം പിളര്‍ക്കപ്പെട്ട ഈശോയുടെ ഹൃദ്യമായ ക്ഷണം മത്തായി സുവിശേഷകന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം വഹിക്കുന്നവര്ക്കുമാണ് ക്ഷണം. ‘നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍.’ മനുഷ്യരുടെ കഷ്ടപാടുകള്‍ നേരിട്ടറിഞ്ഞവനാണ് ഈശോ. ജീവിതാനുഭവത്തിലൂടെയാണ് അവിടുന്ന് അത് അറിഞ്ഞത്. നമ്മുടെ ക്ഷീണങ്ങളും തളര്‍ച്ചകളും അവിടുത്തേയ്ക്ക് അന്യമല്ല. ദൈവരാജ്യത്തിന്റെ സദ്വാര്ത്ത അറിയിച്ച് ക്ഷീണിച്ചുവന്ന ശിഷ്യന്മാരോട് അവിടുന്ന് പറയുന്നത് ‘വരിക, നിങ്ങള്‍ അല്പനേരം വിശ്രമിക്കുക’ എന്നാണ്. ഈശോ നമ്മെ മനസിലാക്കുന്നു എന്ന തിരിച്ചറിവ് തന്നെ നമുക്ക് ആശ്വാസം തരുന്നു.
ഇക്കാലത്ത് ഈ അറിവ് കൂടുതല്‍ പ്രസക്തമാണ്. പലവിധത്തിലും ശാരീരികമായും മാനസികമായും പരീക്ഷിക്കപ്പെട്ടവരാണ് ഒട്ടുമിക്കവരും. അവരെയെല്ലാം ഈശോ ക്ഷണിക്കുന്നു – ‘വരുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് ആവശ്യമായ വിശ്രമം തരാം.’ ഈശോ വാഗ്ദാനം ചെയ്യുന്ന ആശ്വാസം ലഭിക്കണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ നാം ചെയ്തേ മതിയാകൂ. അവുടത്തെ നുകം വഹിക്കണം; അവിടുന്നില്‍ നിന്ന് പഠിക്കുകയും വേണം. നമ്മള് ചോദിക്കും എ ങ്ങനെയാണ് നുകം വഹിക്കുക.. അടിമവേലയല്ലേ..? അതില്‍ സ്വാതന്ത്ര്യമില്ല. കാല്‍വരിയിലേയ്ക്ക് കുരിശ് ചുമക്കുവാന്‍ കൂടിയ കെവുറീന്കാരനായ ശിമയോനെ കണ്ടുപഠിച്ചാലേ ഈശോ വാഗ്ദാനം ചെയ്ത ആശ്വാസം എന്താണെന്നറിയൂ. ഈശോയുടെ നുകം സ്നേഹത്തിന്റെ നുകമാണ്. ഈശോയോട് ചേര്‍ന്നുപോവുകയാണ് നല്ലത്. അല്ലാത്തവര്‍ കടുത്ത നിരാശയ്ക്ക് വശംവദരാകും. അവിടുന്ന് നമ്മുടെ ഭാരം ഇല്ലാതാക്കുകയല്ല അത് വഹിക്കുവാനുള്ള ശക്തി തരികയാണ് ചെയ്യുക. രണ്ടാമത്തെ വ്യവസ്ഥയും എളുപ്പമല്ല; ‘എന്നില്‍ നിന്ന് പഠിക്കുക’ – നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടെന്ന് പഠിക്കാന്‍, നമ്മുടെ വിയര്‍പ്പൊഴുക്കലിനും അദ്ധ്വാനത്തിനും ലക്ഷ്യമുണ്ടെന്നറിയാന് ഈശോയില്‍ നിന്ന് പഠിക്കണം. അവിടുത്തെ നുകം നാം ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങിയാല്‍ നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേയ്ക്ക് കടക്കും.
‘എന്നില്‍ നിന്ന് പഠിക്കുക’ ഇതിന്റെ ഗ്രീക്ക് മൂലത്തില്‍ എന്നില്‍ നിന്ന് പഠിക്കുക എന്നല്ല, ‘എന്നെ പഠിക്കുക’ എന്നാണ് സുവിശേഷകന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈശോയെ പഠിക്കുക, ധ്യാനിക്കുക. ഈശോയെ പഠിക്കുന്നവരാകണം. ഗുരുമുഖത്തു നിന്ന് പഠിക്കണമെന്ന് ഭാരതീയര്‍ പറയാറുണ്ടല്ലോ. ഈശോയുടെ ശിഷ്യനാകാന്‍ ഈശോയെ അറിയുക; അവിടുത്തെ തിരുഹിതം തിരിച്ചറിയുക. യഹൂദ ആദ്ധ്യാത്മികതയില്‍ അതിന് ഒറ്റ വഴിയേ ഉള്ളൂ. തോറ പഠിക്കുക. അപ്പനും മകനും തമ്മില്‍ ബന്ധമുള്ളതുപോലെ തോറയുടെ അന്തസത്ത ഗാഢമായ ബന്ധത്തിലൂടെയേ പഠിക്കാനാകൂ. ഇത്തരം സുദൃഢമായ ബന്ധത്തിലേയ്ക്ക് ഈശോ നമ്മെ ക്ഷണിക്കുന്നു. സുവിശേഷം ധ്യാനിച്ച് നാം ഹൃദ്യസ്ഥമാക്കണം. സ്നേഹത്തിന്റെ പാഠശാലയായ ഈശോയുടെ തുറന്നിരിക്കുന്ന ഹൃദയത്തില്‍ നിന്ന് നമുക്ക് പഠിക്കാം.
റവ. ഡോ. സിറിയക് മുപ്പാത്തിയില്‍ MCBS