യേശുവിനെ നമ്മുടെയെല്ലാം പാപങ്ങൾ ഏറ്റെടുക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായിട്ട് യോഹന്നാൻ അവതരിപ്പിക്കുന്നു. ഇനിയും, യേശുക്രിസ്തുവാകുന്ന സത്യത്തിന് സാക്ഷ്യം നല്‍കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടിരിക്കുന്നവനാണ് യോഹന്നാൻ സ്നാപകൻ. യേശുവിന്റെ മാമോദീസായുടെ സമയത്ത് ദൈവത്തിന്റെ ആത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരുന്നു. ഈ ആത്മാവ് തന്നെയാണ് പിന്നീട് പെന്തക്കോസ്ത് ദിവസം ക്രിസ്തീയസമൂഹത്തിന്റമേൽ ആവസിക്കുന്നതും.
മനുഷ്യന്റെ പാപം സ്വർഗത്തിന്റെ വാതിലുകൾ ഇതുവരെയും നമുക്കു മുൻപിൽ അടച്ചുവച്ചിരിക്കുകയായിരുന്നു. ‘ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ’ യേശുക്രിസ്തു നമുക്കുവേണ്ടി ഇപ്പോൾ സ്വർഗം തുറന്നുതന്നിരിക്കുന്നു. ഈ ആശയം ഒരു ഉദാഹരണത്തിലൂടെ കൂടുതൽ വ്യക്തമാക്കാം. വത്തിക്കാനിലെ സിസ്‌റ്റീൻ ചാപ്പലിന്റെ മുകൾത്തട്ടിൽ മൈക്കൽ ആഞ്ചലോ വരച്ച പ്രസിദ്ധമായ ചുവർചിത്രമാണ് ‘ആദാമിന്റെ സൃഷ്ടി.’ നരച്ച താടിയുള്ള മനോഹരമായി വസ്ത്രം ധരിച്ചിരിക്കുന്ന ആളായി ദൈവത്തെ ചിത്രീകരിച്ചിരിക്കുന്നു. അതേസമയം ആദം പരിപൂർണ്ണ നഗ്നനായ മനുഷ്യനും. ദൈവം തന്റെ വലതുകരം ആദത്തിലേക്കു നീട്ടി തന്റെ ചൂണ്ടുവിരലിലൂടെ അവന് ജീവൻ നൽകാനൊരുങ്ങുന്നു. ദൈവത്തിന്റെ കരത്തിന്റെ അതേ രൂപത്തിലുള്ള തന്റെ ഇടതുകരം നീട്ടി ആദം ദൈവത്തെ സ്പർശിക്കാനായി ഒരുമ്പെടുന്നു. എന്നാൽ രണ്ടുപേരുടെയും വിരലുകൾക്കിടയിൽ അൽപം സ്ഥലം ശൂന്യമായിക്കിടക്കുന്നതിനാൽ പരസ്പരം സ്പർശിക്കുന്നില്ല. ഇതിന് ധാരാളം വ്യാഖ്യാനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. പ്രധാനമായും പാപിയായ മനുഷ്യന്റെ അവസ്ഥയുടെ പ്രതിഫലനമാണ് ഈ ചിത്രം. ആദം ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തന്റെ ജീവൻ നൽകാനായി ദൈവം ആദാമിലേക്ക് കൈനീട്ടുന്നു. എന്നാൽ, ആദത്തിന്റെ പാപം ദൈവത്തെ തൊടുന്നതിന് തടസ്സമായിരിക്കുന്നു.
ഇന്നത്തെ സുവിശേഷഭാഗവുമായി ബന്ധപ്പെടുത്തി ഈ ചിത്രത്തിന് വളരെ അർഥമുണ്ട്. ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള അകലം ഇല്ലാതാകുന്നത് യേശുവിന്റെ മനുഷ്യാവതാരത്തിലാണ്. ക്രിസ്തുവിലൂടെ ഇന്ന് ദൈവത്തെ കാണാനും സ്പർശിക്കാനും നമുക്ക് സാധിക്കുന്നു. മാത്രമല്ല, അടഞ്ഞിരുന്ന സ്വർഗം അവൻ നമുക്കായി നിത്യമായി തുറന്നുതന്നിരിക്കുന്നു. യേശുവിനെ നമ്മുടെ ജീവിതത്തിൽ അനുദിനം വിശ്വസ്തതയോടെ അനുധാവനം ചെയ്തുകൊണ്ട് നമുക്കായി അവിടുന്ന് തുറന്നുതന്നിരിക്കുന്ന സ്വർഗവാതിലിലൂടെ പിതാവായ ദൈവത്തിന്റെ സന്നിധിയിലേക്കു പ്രവേശിക്കാൻ നമുക്ക് പരിശ്രമിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍