സീറോ മലങ്കര ജൂലൈ 02 മർക്കോ. 3: 13-19 അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു

യേശുവിന്റെ ജീവിതത്തിലെ ഒരു നിർണ്ണായക നിമിഷമാണ് അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നത്. ഭൂമിയിൽ സ്വർഗ്ഗരാജ്യം സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടവരാണ് ഇവർ. മോശ മലമുകളിൽ കയറി തന്റെ ജനത്തെ രൂപീകരിക്കുന്നതിനുള്ള കൽപനകൾ ദൈവത്തിൽ നിന്നും സ്വീകരിക്കുന്നതിന് സമാനമായി പുതിയനിയമ ജനതയുടെ രൂപീകരണത്തിനായി യേശു മലമുകളിൽ കയറി അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു. തനിക്കിഷ്ടമുള്ളവരെ യേശു വിളിച്ചു എന്നതിൽ നിന്നും ദൈവവിളി പ്രഥമമായി ദൈവത്തിന്റെ തീരുമാനമാണെന്നു മനസ്സിലാക്കാം. വിളിയോട് പ്രത്യുത്തരിച്ച് വിശ്വസ്തതയോടെ ജീവിക്കുക എന്നതാണ് അപ്പസ്തോലൻ ചെയ്യേണ്ടത്. യേശു പിന്നീട് ശിഷ്യന്മാരോട് പറയുന്നു: “നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്” (യോഹ. 15:16). പഴയനിയമത്തിൽ യാക്കോബിന്റെ പന്ത്രണ്ടു മക്കൾ ഇസ്രയേലിലെ പന്ത്രണ്ടു ഗോത്രങ്ങളായി പരിണമിച്ചതുപോലെ, പന്ത്രണ്ട് അപ്പസ്തോലന്മാർ പുതിയ ഇസ്രയേലിന്റെ അടിസ്ഥാനശിലകളായി വർത്തിക്കും. അതുകൊണ്ടാണ് ആദിമസഭ യൂദാസിന്റെ സ്ഥാനത്തേയ്ക്കും മറ്റൊരാളെ തിരഞ്ഞെടുത്തത്.

യേശുവിന്റെ ശിഷ്യനാകാനുള്ള വിളി ക്രിസ്തുവിനെ പിഞ്ചെല്ലുന്നവർക്കെല്ലാം നൽകപ്പെട്ടിരിക്കുന്നു. എന്നാൽ അപ്പസ്തോലസ്ഥാനത്തേയ്ക്ക് പന്ത്രണ്ടു പേരെ മാത്രമേ യേശു തിരഞ്ഞെടുക്കുന്നുള്ളൂ. “അപ്പസ്തോലൻ” എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം അയയ്ക്കപ്പെട്ടവൻ എന്നാണ്. അവരുടെ ദൗത്യം രണ്ടു വാക്യങ്ങളിൽ സുവിശേഷത്തിൽ സംഗ്രഹിച്ചിരിക്കുന്നു: തന്നോടുകൂടി ആയിരിക്കുവാനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും. യേശുവിനോടൊത്തുള്ള നിത്യസഹവാസത്തിനായി വിളിക്കപ്പെട്ട അപ്പസ്തോലൻ അവിടുത്തോടുള്ള ആഴമായ വ്യക്തിബന്ധത്തിൽ വളരണം. ശിഷ്യന്മാർ തങ്ങളുടെ ജീവിതത്തിലൂടെ ഇത് പിന്നീട് തെളിയിക്കുന്നു: “പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ സാധാരണ മനുഷ്യനാണെന്ന് മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ അത്ഭുതപ്പെട്ടു; അവർ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാണെന്ന് ഗ്രഹിക്കുകയും ചെയ്തു” (അപ്പ. 4:13).

യേശുവിന്റെ നിയോഗമായ സദ്‌വാർത്തയുടെ പ്രഘോഷണവും, ദൈവജനത്തെ പൈശാചിക ബന്ധനത്തിൽ നിന്നും വിമോചിപ്പിക്കുന്നതും അപ്പസ്തോലന്മാരുടേയും ദൗത്യമാണ്. ഇവർ പ്രസംഗിക്കേണ്ടത് സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നുവെന്നാണ്. വി. പൗലോസ് ശ്ലീഹ സുവിശേഷ പ്രഘോഷണം അപ്പസ്തോലന്റെ പ്രഥമദൗത്യമായിട്ടാണ് പറയുന്നത് (1 കോറി. 1:17). പിശാച് ദൈവത്തിനെതിരെ നിരന്തരം പ്രവർത്തിക്കുന്നതിനാൽ പിശാചുക്കളെ പുറത്താക്കുന്നത് സുവിശേഷപ്രഘോഷണത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് അപ്പസ്തോലന്മാരിൽ ദൈവം പ്രവർത്തിക്കുന്നുവെന്നതിന് ലോകമുൻപാകെയുളള തെളിവ് കൂടിയാണ്. ക്രിസ്തുവിനെപ്പോലെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും സുവിശേഷം പ്രസംഗിക്കുന്നവനാകണം ക്രിസ്തുശിഷ്യനും.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.