സീറോ മലങ്കര ഏപ്രില്‍ 20 യോഹ. 20: 1-10 ക്യംതാ (ഉയിർപ്പു തിരുനാൾ)

‘തിരുനാളുകളുടെ തിരുനാൾ’ എന്നാണ് ഉയിർപ്പു തിരുനാൾ അറിയപ്പെടുന്നത്. യേശു മരണത്തിന്റെമേൽ വിജയം വരിച്ച് നമുക്ക് നിത്യജീവൻ നൽകിയതിന്റെ അനുസ്മരണമാണ് നാം ഈ ദിവസം നടത്തുന്നത്. നമ്മെ സംബന്ധിച്ച്, യേശുക്രിസ്തു രണ്ടായിരം വർഷങ്ങൾക്കപ്പുറം ജീവിച്ചു കടന്നുപോയ ഒരു ചരിത്രപുരുഷൻ മാത്രമല്ല, നമുക്കു മുമ്പായി നമുക്കുവേണ്ടി മരണത്തെ കീഴടക്കിയവൻ കൂടിയാണ്. ക്രിസ്തുവിൽ അനാവരണം ചെയ്യപ്പെട്ട പുതിയ ലോകത്തിന്റെയും നവജീവിതത്തിന്റെയും ആരംഭമായിരുന്നു ഈസ്റ്റർ. “ഞാൻ ജീവിക്കുന്നു; അതിനാൽ നിങ്ങളും ജീവിക്കും” (യോഹ. 14:19) എന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് തന്റെ ഉത്ഥാനത്തിലൂടെ നമുക്കുവേണ്ടി അവിടുന്ന് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു.

കഴിഞ്ഞ 50 ദിവസങ്ങളായി ഉയിർപ്പു തിരുനാളിനായി നോമ്പാലും പ്രാർഥനയാലും നാം ഒരുങ്ങുകയായിരുന്നു. യേശു ജീവിച്ചിരുന്നപ്പോൾ പറഞ്ഞതൊന്നും ശിഷ്യന്മാർക്ക് ശരിയായി മനസ്സിലായിരുന്നില്ല എന്ന് ഇന്നത്തെ സുവിശേഷത്തിൽ നിന്നും വ്യക്തമാണ്. യേശുവിനെ കല്ലറയിൽ അടക്കിയപ്പോൾ അവിടുത്തെ ശരീരത്തെ പൊതിഞ്ഞിരുന്ന കച്ച അവിടെ കണ്ടെങ്കിലും യേശുവിന്റെ ശരീരത്തിന് എന്തുപറ്റിയെന്നു ശിഷ്യന്മാർ അറിയുന്നില്ല. മാനവചരിത്രത്തിൽ മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത ഒരു സംഭവത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള പരിശ്രമത്തിലായിരുന്നു അവർ. എന്നാൽ, തങ്ങളുടെ ജീവിതത്തിന് പുതിയ അർഥവും മാനവും കൈവന്നുവെന്ന് പെട്ടെന്നു തന്നെ അവർ മനസ്സിലാക്കുന്നു. യേശു മരണത്തിൽ നിന്നും ‘രക്ഷപെട്ട്’ പുറത്തുവരികയായിരുന്നില്ല. അതിനുള്ളിൽ പ്രവേശിച്ച് അതിനെ നിശ്ശേഷം ഉന്മൂലനം ചെയ്യുകയായിരുന്നു. “ശരീരത്തിന്റെ ഉയിർപ്പിലുള്ള വിശ്വാസം” നാം നമ്മുടെ വിശ്വാസപ്രമാണത്തിൽ ഏറ്റുപറയുമ്പോൾ ജീർണ്ണിച്ച, വേർതിരിക്കപ്പെട്ട ശരീരഭാഗങ്ങൾ ഒരുമിച്ചു ചേർക്കപ്പെട്ടു ജീവൻ പ്രാപിക്കും എന്നല്ല അർഥം. മനുഷ്യന് അറിയാൻ സാധിക്കാത്ത രഹസ്യാത്മകമായ രീതിയിൽ ദൈവത്തിന്റെ ഇടപെടൽ മുഖാന്തിരം മഹത്വീകരിക്കപ്പെട്ട ശരീരത്തോടുകൂടി ഉയർപ്പിക്കപ്പെടും എന്നതാണ്.

യേശു തന്റെ ഉത്ഥാനത്തിന്റെ ശക്തിയാൽ നമ്മെ പാപമരണത്തിൽ നിന്നും ജീവനിലേക്കുയർത്തി പുതിയ സൃഷ്ടികളാക്കി. യേശുവിന്റെ ഉത്ഥാനത്തിൽ വിശ്വസിച്ച് അത് എറ്റുപറയുന്നവന് ക്രിസ്തുവിൽ പുതിയ അസ്തിത്വം ലഭിക്കുന്നു. അതുകൊണ്ട് യേശുവിന്റെ ഉത്ഥാനം പണ്ടെങ്ങോ നടന്ന ഒരു സംഭവമല്ല; അത് ഇന്ന് നമ്മിലെത്തി നാം ഓരോരുത്തരെയും ഗ്രസിച്ചിരിക്കുന്ന അനുഭവമാണ്. പലവിധ കാരണങ്ങളാൽ നാമൊക്കെ അശക്തരെന്നു ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ യേശുവിന്റെ ഉത്ഥാനത്തിൽ നിന്നും നമുക്കു ലഭിക്കുന്ന ശക്തി നമ്മെ കൂടുതൽ ബലപ്പെടുത്തണം. അന്ന് അടച്ചിട്ട വാതിൽ തുറക്കാതെയും അകത്തു പ്രവേശിച്ച, ഉത്ഥാനം ചെയ്ത ക്രിസ്തു ഇന്ന് അനേകം ഹൃദയവാതിലുകൾ തുറന്ന് അകത്തു പ്രവേശിക്കുന്നതിനുവേണ്ടിയും നമുക്ക് പ്രാർഥിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍