
ലക്ഷ്യം പിഴയ്ക്കാത്ത യാത്രയാകണം പുല്‍ക്കൂട്ടിലേയ്ക്കുള്ള യാത്ര. ലക്ഷ്യത്തെ വഴിപിഴപ്പിക്കുന്നത് അവിശ്വസ്ത മനോഭാവങ്ങളാണ്.
എത്ര നിസ്സാരമെങ്കിലും ചില അവിശ്വസ്തതകള്‍ വലിയ പരാജയത്തിലേക്ക് വിരല്‍ചൂണ്ടാറുണ്ട്. പഠനത്തോട് അവിശ്വസ്തത കാണിക്കുന്ന കുട്ടികള്‍ ഉന്നതവിജയം എന്ന ലക്ഷ്യത്തില്‍ നിന്നും അകറ്റപ്പെടുന്നു. നിയോഗിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളോട് അവിശ്വസ്തരായിരുന്നാല്‍ ജോലിയിലെ പുരോഗതി തടസ്സപ്പെടുന്നു. കൃഷിയിടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ അവിശ്വസ്തരായിരുന്നാല്‍ വിളവെടുപ്പിലും അത് പ്രതിഫലിക്കും. എല്ലാം സാമാന്യ ചിന്തയിലുള്ള കാര്യങ്ങള്‍ മാത്രം.
ആത്മീയ ജീവിതത്തിന്റെ കാര്യവും മറിച്ചാകില്ലല്ലോ. ആത്മാവിന്റെ കാര്യത്തില്‍ ഒട്ടുമേ ശ്രദ്ധയില്ലാതെ പോകുകയും എന്നാല്‍ ദൈവം എല്ലാം ആവശ്യത്തിലുമധികം അനുഗ്രഹത്തോടെ നടത്തി തരികയും വേണം എന്ന് ശഠിക്കരുത്.
ക്രിസ്തുമസ്സിനായുള്ള യാത്രയില്‍ അവിശ്വസ്തതയരുത്. ജീവിതം തന്നെയും ഒരു ക്രിസ്തുമസ്സ് യാത്രയാണ്. പുല്‍ക്കൂട്ടിലെ ഉണ്ണിയീശോയെ എന്ന പോലെ, ദൈവദര്‍ശനം കാംക്ഷിച്ചുള്ള യാത്ര. ഈ ശ്രമത്തില്‍ ആവശ്യമായ മുന്‍കരുതലും ശ്രദ്ധയും എടുക്കേണ്ടതുണ്ട്. ശ്രദ്ധക്കുറവ് വഴിതെറ്റാനും ലക്ഷ്യമകറ്റാനും കാരണമാകും. അവിശ്വസ്തതക്ക് അളവില്ല എന്നാണ് യേശുഭാഷ്യം. ഇത്ര ചെറുത്, കുറച്ചു വലുത് എന്നൊന്നുമില്ല. ചെറിയ കാര്യത്തില്‍ അവിശ്വസ്തനെങ്കില് അത് വലിയ കാര്യത്തിലും ആവര്‍ത്തിക്കും എന്നതിനാല്‍ ചെറുതിനെയും വലുതായി കാണുന്ന മനോഭാവമാണ് വചനം പഠിപ്പിക്കുന്നത്.
ലക്ഷ്യം മറക്കാതിരിക്കാം. തന്നെ ദൈവം ഭരമേല്പ്പിച്ചിരിക്കുന്ന കുടുംബവും സമൂഹവും ഓഫീസും കൃഷിയിടവും പഠനമുറിയുമെല്ലാം വിശ്വസ്തതയുടെ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ച് കൊള്ളുക. ദൈവം കൂടെ നിന്ന് പ്രവര്‍ത്തിക്കും.
പാഥേയം: ക്രിസ്തുനാമത്തെ പ്രതി വിശ്വസ്തരായിരിക്കുക; ക്രിസ്തുമഹത്വത്തെ പ്രതി വിജയി ആയിരിക്കുക. ജീവിതത്തില്‍ ഇപ്പോള്‍ ദൈവം എന്നില്‍ നിന്നും ആഗ്രഹിക്കുന്ന ഏറ്റവും പ്രധാന ജോലി-(കുടുംബം, ചില ഉത്തരവാദിത്വങ്ങള്‍, ശുശ്രൂഷാമേഖല, മധ്യസ്ഥ പ്രാര്‍ത്ഥന, പഠനം എന്നിങ്ങനെ) ദൈവതിരുമുമ്പാകെ സമര്‍പ്പിച്ച് അതില്‍ വിശ്വസ്തരായിരിക്കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
ഫാ. ജിയോ കണ്ണന്‍കുളം CMI