
ഈശോമിശിഹായുടെ രണ്ടാമത്തെ ആഗമനത്തെയും, അപ്പോള്‍ പൂര്‍ത്തിയാകാനിരിക്കുന്ന ദൈവരാജ്യസംസ്ഥാപനത്തെയും അനുസ്മരിക്കുന്ന കാലഘട്ടമാണ് ഏലിയാസ്ലീവാ മൂശക്കാലം.
ഇന്ന് തിരുസഭാമാതാവ് നമ്മോട് പറഞ്ഞുതരുന്നത്, നമ്മുടെ കര്‍ത്താവായ ഈശോയുടെ ഒരു സ്വപ്നത്തെക്കുറിച്ചാണ്. അവിടുത്തെ പ്രഘോഷണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും കാതലായിരുന്ന, ഊര്‍ജ്ജസ്രോതസ്സായിരുന്ന ഒരു സ്വപ്നം. ആ സ്വപ്നമെന്നത് ഈ ഭൂമിയില്‍ ദൈവത്തിന്റെ രാജ്യം സംസ്ഥാപിതമാക്കുക എന്നതായിരുന്നു. ആദിമാതാപിതാക്കള്‍ പാപം ചെയ്യുന്നതിനു മുമ്പ് തികച്ചും ദൈവരാജ്യ അനുഭവത്തിലായിരുന്നു ജീവിച്ചിരുന്നത്. അവര്‍ ദൈവത്തോടൊപ്പം വസിക്കുകയും, ആ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞു നിന്നിരുന്നതായും ഉല്‍പ്പത്തി പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങള്‍ നാം കാണുന്നു. പാപത്തിലൂടെ ദൈവത്തില്‍ നിന്നകന്നപ്പോള്‍ അവര്‍ക്ക് ലഭിച്ചിരുന്ന ഈ ദൈവരാജ്യമെന്ന സൗഭാഗ്യമാണ് നഷ്ടമായത് – അവര്‍ വഴിയായി മനുഷ്യവര്‍ഗ്ഗം മുഴുവനും. എന്നാല്‍ സ്നേഹനിധിയായ ദൈവം മനുഷ്യവര്‍ഗ്ഗത്തെ കൈവെടിയുവാന്‍ തയ്യാറായില്ല. തന്നില്‍ നിന്നകന്നു പോയ മനുഷ്യവര്‍ഗ്ഗത്തെ തിരികെ കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന ഒരു ദൈവത്തെയാണ് പിന്നീട് നാം കാണുന്നത്. അതിനായി അവിടുന്ന് പ്രത്യേകം തിരെഞ്ഞെടുത്ത ജനമായിരുന്നു ഇസ്രായേല്‍ ജനത. അബ്രാഹാത്തിലൂടെയും, ഇസഹാക്കിലൂടെയും, യാക്കോബിലൂടെയും അവിടുന്ന് ഒരു ജനത്തിന് രൂപം നല്കി. സീനായ് ഉടമ്പടി വഴി അവരെ തന്റെ സ്വന്തമാക്കി. പിതാക്കന്മാര്ക്ക് വാഗ്ദാനം ചെയ്തിരുന്ന കാനാന്‍ദേശം അവര്‍ക്ക് സ്വന്തമായി നല്കി. ദൈവം തങ്ങള്‍ക്ക് നല്കുവാനിരിക്കുന്ന കാനാന്‍ദേശത്തെ സ്വന്തമാക്കുന്നതിനു മുമ്പ് കര്‍ത്താവായ ദൈവം മോശയിലൂടെ തന്റെ ജനത്തിനു നല്കുന്ന ഉപദേശമാണ് നിയമാവര്ത്തനപുസ്തകത്തില് നിന്നും വായിച്ചു കേട്ടത്. ‘നിങ്ങള്‍ക്ക് ഞാന്‍ നല്കുന്ന ദേശത്ത് സമൃദ്ധിയുണ്ടാവുമ്പോള്, നിങ്ങള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ മറക്കുകയോ, ഇവയെല്ലാം നേടിത്തന്നത് എന്റെ കരബലമാണെന്ന് പറഞ്ഞ് അഹങ്കരിക്കുകയോ അരുത്. മറിച്ച്, എന്റെ കല്പനകളും ചട്ടങ്ങളും അനുസരിച്ച് ജീവിച്ചാല്‍, നിങ്ങളെന്നും എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും. നിങ്ങളെന്നെ ഉപേക്ഷിച്ചാല്‍, നിങ്ങളുടെ മുന്നില്‍ നിന്ന് ഞാന്‍ നിര്‍മ്മാര്‍ജ്ജനം ചെയ്ത മറ്റ് ജനതകളെപ്പോലെ നിങ്ങളും എന്റെ മുന്നില്‍ നിന്ന് പുറന്തള്ളപ്പെടും’.
പിന്നീടുള്ള ഇസ്രായേലിന്റെ ചരിത്രം നമുക്ക് സുപരിചിതമാണ്. തങ്ങളുടെ സുഖസമൃദ്ധിയില്‍ അവര്‍ ദൈവത്തെ മറന്നു. അവിടുത്തെ കല്പനകളും ചട്ടങ്ങളും ലംഘിച്ച് പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നുപോയി. തത്ഫലമായി വീണ്ടും അടിമത്വത്തിലേക്കും വിപ്രവാസത്തിലേക്കും അവര്‍ നയിക്കപ്പെട്ടു. എന്നാല്‍ കരുണാവാരിധിയായ ദൈവം മനഷ്യവര്ഗ്ഗത്തിന്റെ രക്ഷയ്ക്കായുള്ള തന്റെ പദ്ധതി ഉപേക്ഷിച്ചില്ല. പ്രവാചകന്മാരിലൂടെ അവിടുന്ന് സുസ്ഥിരമായ രക്ഷയും അതിനായി ഒരു രക്ഷകനെയും തന്റെ ജനത്തിന് വാഗ്ദാനം ചെയ്യുന്നു. ഇസ്രായേല്‍ ജനത്തിന്റെ പിന്നീടുള്ള ചരിത്രം ഈ രക്ഷയുടെ വാഗ്ദാനത്തെ പ്ര തീക്ഷിച്ചായിരുന്നു. രക്ഷാകരമായ ഈ പ്രവചനങ്ങളുടെയെല്ലാം പൂര്‍ത്തീകരണമായാണ് മത്തായിശ്ലീഹാ ഇന്ന് ഈശോയെ അവതരിപ്പിക്കുന്നത്. ദൈവപുത്രനായ അവിടുന്ന് മനുഷ്യനായി അവതരിച്ചത് പിതാവിന്റെ ഇഷ്ടം നിറവേറ്റാനായിരുന്നു. അവിടുത്തെ ജീവിതത്തിന് ഈ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഊണിലും ഉറക്കത്തിലും അവന് ഒന്നേ ചിന്തിച്ചുള്ളൂ-ദൈവരാജ്യം. വായ തുറന്നാല്‍ ദൈവരാജ്യത്തെക്കുറിച്ചല്ലാതെ പറയാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. എന്തിലും ഏതിലും അവന് ദൈവരാജ്യത്തെ ദര്‍ശിച്ചു. കടുകുമണിയുടെ ചെടി കണ്ടപ്പോള്‍ അവന് പറഞ്ഞു. ‘ദൈവരാജ്യം കടുകുമണിക്കു സദൃശ്യമാണ്’. വയലിലൂടെ നടന്നപ്പോള്‍ അവന് പറഞ്ഞു ‘ദൈവരാജ്യം വയലില്‍ ഒളിഞ്ഞുകിടക്കുന്ന നിധിപോലെയാണ്’. കടല്ക്കരയില് ചെന്ന യേശുവിന് കടലില്‍ എറിയപ്പെട്ട വല പോലെയായിരുന്നു ദൈവരാജ്യം. വീട്ടില്‍ അപ്പം ഉണ്ടാക്കുവാന്‍ കുഴച്ചുവച്ച പുളിമാവ് കാണുവാനിടയായ ഈശോയ്ക്ക് പുളിമാവ് ദൈവരാജ്യമായിത്തീര്ന്നു. പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊപ്പം താന്‍ അനുഭവിച്ചതും ഇവിടെ താന്‍ പകര്‍ന്നു നല്കേണ്ടതുമായ നിത്യമായ ദൈവരാജ്യം.
ഇന്നത്തെ സുവിശേഷം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന ഒരു ചോദ്യം ഇതാണ്. ഇന്ന് എന്റെ മനസ്സ് മുഴുവന്‍ നിറഞ്ഞിരിക്കുന്നത് എന്തുകാര്യമാണ്..? അതെ, സഹോദരാ/സഹോദരി എന്റെയും നിന്റെയും മനസ്സിലും ചിന്തയിലും വാക്കുകളിലും പ്രവൃത്തികളിലും നിറയെ ദൈവരാജ്യസ്വപ്നമില്ലെങ്കില് നീ പരാജയപ്പെട്ടു എന്നറിയുക. നിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ഭക്ത്യാഭ്യാസങ്ങളും എല്ലാംതന്നെ അര്‍ത്ഥമില്ലാതെയാകും. എല്ലാറ്റിനും രുചി നല്കുന്ന, അര്‍ത്ഥം നല്കുന്ന ദൈവരാജ്യം എന്ന ഉപ്പ് ഉറകെടാതെ നമ്മുടെ ജീവിതത്തില്‍ സൂക്ഷിക്കുവാന്‍ കാരുണ്യവാനായ ദൈവം ഇന്ന് തിരുവചനത്തിലൂടെ നമ്മെ ക്ഷണിക്കുന്നു.
രണ്ടാമാതായി വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ദൈവപുത്രനായ ഈശോ തന്റെ പീഢാസഹന മരണോത്ഥാനത്തിലൂടെ നേടിത്തന്ന ദൈവരാജ്യത്തില്‍ പ്രവേശിക്കുവാനുള്ള മാനദണ്ഡം എന്താണ് എന്നതാണ്. ദൈവരാജ്യത്തിന് ചേരാത്ത ജീവിതശൈലികളില്‍ നിന്നും മാറി ദൈവഹിതത്തിനൊത്ത ജീവിതശൈലി സ്വീകരിക്കുന്ന മാനസാന്തരത്തിലേക്കു കടന്നുവരാനുള്ള ആഹ്വാനമാണ് പ്രിയമുള്ളവരെ വചനം നമുക്ക് മുന്നില്‍ വയ്ക്കുന്ന രണ്ടാമത്തെ സന്ദേശം. വി. പൗലോശ്ലീഹാ ഫിലിപ്പിയായിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിലൂടെ നമ്മെ ഉദ്ബോധിപ്പിക്കുന്നത് ഈ ജീവിതശൈലിയെക്കുറിച്ചാണ്. മാത്സര്യവും വ്യര്‍ത്ഥാഭിമാനവും ഉപേക്ഷിച്ച് യേശുവിനുണ്ടായിരുന്ന എളിമയുടെയും ശൂന്യവത്ക്കരണത്തിന്റെയും മനോഭാവം സ്വീകരിക്കുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നു. “ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യനായി അവതരിച്ചു”.
മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതുകയും, അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ ഗണന നല്കി, അവര്‍ക്കു വേണ്ടി ത്യാഗങ്ങള്‍ സഹിച്ച്, അവരെ വളര്‍ത്തുവാനും, നന്മയില് സന്തോഷിക്കുവാനും ശ്രമിക്കുന്ന യേശുവിനുണ്ടായിരുന്ന ഈ മനോഭാവം സ്വന്തമാക്കുവാനാണ് ഇന്ന് വി. പൗലോശ്ലീഹായും നമ്മോട് ആവശ്യ പ്പെടുന്നത്. ദൈവരാജ്യത്തിന് ചേര്‍ന്ന ജീവിതശൈലിയാണിത്. നമുക്കൊരു നിമിഷം ദൈവസന്നിധിയില്‍ നമ്മെത്തന്നെ ആത്മപരിശോധനയ്ക്ക് വിധേയരാക്കാം. എന്റെ മനസ്സു നിറയെ, ദൈവരാജ്യത്തിന്റെ അനുഭവങ്ങള്‍ എന്റെ ചുറ്റിലും പരത്തുക എന്ന ലക്ഷ്യമുണ്ടോ..? അതിനുചേര്‍ന്ന ജീവിതശൈലിയാണോ ഞാന്‍ പിന്തുടരുന്നത്..? എല്ലാറ്റിനുമുപരി ദൈവമഹത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കും ഉതകുന്ന ജീവിതത്തിനുടമയാണോ ഞാന്‍..?
കുറഞ്ഞപക്ഷം ഇവയൊക്കെയും നമ്മുടെ ജീവിതത്തില്‍ സ്വായത്തമാക്കുവാനുള്ള കൃപകള്‍ക്കായി നമുക്ക് വി. ബലിയില്‍ പ്രാര്‍ത്ഥിക്കാം.
ദൈവം നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.
ബ്ര. സാവിയോ കുരീക്കാട്ട്