![feast of infants](https://i0.wp.com/www.lifeday.in/wp-content/uploads/2018/12/feast-of-infants-e1545372820583.jpg?resize=600%2C456&ssl=1)
ലോകം മുഴുവന്‍ ആനന്ദത്തിലാറാടിയിട്ട് മൂന്ന് ദിവസമേ ആകുന്നുള്ളൂ. ബെത്ലഹേമില്‍ ദിവ്യപൈതല്‍ പിറന്നത് നാം കണ്ടതാണ്. ആട്ടിടയന്മാരും പൂജാരാജാക്കന്മാരും അവിടുത്തെ ആരാധിക്കാന്‍ വന്നു. എന്തൊരു ആഹ്ലാദമായിരുന്നു എല്ലാവര്ക്കും. മൂന്ന് ദിവസത്തിനു ശേഷം എല്ലാം മാറിമറിഞ്ഞു. ബെത്ലഹേമിലും പരിസരത്തുമുള്ള വീടുകളില്‍ നിന്ന് വിലാപമുയര്‍ന്നു. അമ്മമാരുടെ ഒക്കത്തിരുന്ന കുഞ്ഞുങ്ങളെ ഹേറോദോസിന്റെ പടയാളികള്‍ വാളിനിരയാക്കി. ബെത്ലഹേമില്‍ പിറന്ന പൈതല്‍ രാജാക്കന്മാരുടെ രാജാവാണെന്ന തിരിച്ചറിയലാണ് ഹേറോദോസിനെ ഈ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. അല്ലയോ ഹേറോദോസേ, താങ്കള്‍ ആരെയാണ് ഭയപ്പെടുന്നത്? താങ്കളുടെ അധികാരം പിടിച്ചെടുക്കാന്‍ വന്നവനല്ല ഈ ദിവ്യപൈതല്‍. ‘എന്റെ രാജ്യം ഈ ലോകത്തല്ല’ എന്ന് പ്രഖ്യാപിക്കുന്നവനാണ് ഈ ദിവ്യശിശു. താങ്കളുടെ ഭയം തികച്ചും അകാരണമാണ്. ക്രിസ്തു അവതാരം ചെയ്തത് താങ്കളുടെ സിംഹാസനം തട്ടിയെടുക്കാനല്ല. മറിച്ച് പിശാചിന്റെ അടിമത്വത്തില്‍ നിന്ന് മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കാനാണ്.
ചരിത്രത്തില്‍ അതിക്രൂരത കാണിച്ചിട്ടുള്ള ഏകാധിപതികളില്‍ മുന്‍പന്തിയിലുള്ള ഹേറോദോസ് ഇത്തരം കൂട്ടക്കൊല ചെയ്തോ എന്ന് സംശയിക്കേണ്ടതില്ല. സ്വന്തം കുടുംബാംഗങ്ങളെപ്പോലും ഉന്മൂലനം ചെയ്ത ചരിത്രമാണ് ഹേറോദോസിന്റേത്. പൗരസ്ത്യജ്ഞാനികള്‍ തന്നെ കബളിപ്പിച്ച് കടന്നുകളഞ്ഞെന്നറിഞ്ഞ രാജാവ് ഏറെ ക്രുദ്ധനായി. ബെത്ലഹേമിലും പരിസരങ്ങളിലുമുള്ള രണ്ട് വയസ്സോ അതില്‍ താഴെയോ ഉള്ള എല്ലാ ശിശുക്കളെയും വധിക്കാന്‍ കല്‍പ്പന കൊടുത്തു. എന്നാല്‍ ഹേറോദോസിനെ ശരിക്കും കബളിപ്പിച്ചത് ജ്ഞാനികളല്ല. മറിച്ച്, ബെത്ലഹേമിലെ ശിശുവായിരുന്നെന്ന സത്യം മത്തായി സുവിശേഷകന് മറച്ചു വയ്ക്കുന്നില്ല. ജെറമിയാ പ്രവാചകന്റെ വാക്കുകളിലൂടെയാണ് വി. മത്തായി ഈ കഥ വിവരിക്കുന്നത്. ‘റാമായില്‍ ഒരു സ്വരം കേട്ടു. വിലാപവും വലിയ കരച്ചിലും. റാഹേല്‍ തന്റെ കുഞ്ഞുങ്ങളെ പ്രതി കരയുന്നു. ആശ്വസിപ്പിക്കപ്പെടാന്‍ അവള് ഇഷ്ടപ്പെട്ടില്ല. കാരണം അവള് ജീവിച്ചിരിപ്പില്ല’ (മത്താ. 2:28).
ജെറുസലേമിന്റെ നാശത്തെ വിവരിക്കുന്ന പ്രവാചകനാണ് ജെറമിയ. റാമാ ജെറുസലേമിന് വടക്കുള്ള ഉയര്‍ന്ന പ്രദേശമാണ്. ഇവിടെ റാഹേലിനെപ്പറ്റി പരാമര്‍ശിക്കുന്നു. യാക്കോബിന്റെ രണ്ട് അമ്മമാരില്‍ ഒരമ്മയാണല്ലോ റാഹേല്‍. തിരിച്ചു വരാത്ത മക്കളെയോര്‍ത്ത് ഹൃദയം പൊട്ടിക്കരയുന്ന അമ്മയായ റാഹേല്‍. ബെത്ലഹേമുമായി ബന്ധപ്പെടുത്തി റാഹേലിനെ മത്തായി ഓര്‍മ്മിക്കുന്നു. കാരണം റാഹേല്‍ മരിച്ച് സംസ്ക്കരിക്കപ്പെട്ടത് എഫ്രാത്ത (ബെത്ലഹേം തന്നെ) യിലേയ്ക്കുള്ള വഴിയില്‍ വച്ചാണ്. അവിടെ യാക്കോബ് അവളുടെ ഓര്‍മ്മയ്ക്കായി ഒരു തൂണ് നാട്ടി. അതിന്നും അവിടെയുണ്ട് (ഉല്. 35:20).
ഇസ്രായേലിന്റെ ചരിത്രത്തിലെ ഒരു ദുഃഖസ്മരണയായി കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി അറിയപ്പെടും. റാഹേലിന്റെ കണ്ണുനീരിന് അവസാനമില്ല. എന്നിട്ടും ഹേറോദോസിന് തന്റെ ലക്ഷ്യം നേടാന്‍ സാധിച്ചോ? തൊട്ടടുത്ത വചനം ആ ദുഷ്ടന്റെ മരണത്തെപ്പറ്റിയാണ് പറയുന്നത് (മത്താ. 2:19). യൂദയാ രാജാവായി രാജ്യം വാഴാന്‍ ആഗ്രഹിച്ച അയാള്‍ കൊല്ലാന്‍ ശ്രമിച്ചത് സത്യജീവനെ തന്നെ ആയിരുന്നു. വിശ്വസിച്ച് ചോദിച്ചിരുന്നെങ്കില്‍, ഈ ദൈവപുത്രനില്‍ നിന്ന് അയാള്‍ക്കും നിത്യജീവന് നേടാന്‍ കഴിയുമായിരുന്നു. ഹേറോദോസിന്റെ വാളിനിരയായ കുഞ്ഞുങ്ങള്‍, സംസാരിക്കാന്‍ തുടങ്ങുന്നതിന് മുമ്പേ, അവരറിയാതെ തന്നെ, ജീവന്റെ നാഥനെയാണ് ഏറ്റുപറഞ്ഞത്. അവന് പകരക്കാരായാണ് അവര്‍ മരിച്ചത്. ഇത്ര ചെറുപ്പത്തിലേ രക്ഷകനെ തിരിച്ചറിഞ്ഞവര്‍-സംസാരിച്ച് തുടങ്ങുന്നതിന് മുമ്പ് അവന് സാക്ഷ്യം നല്കിയവര്.
നാം ചോദിച്ചേക്കും ഈ കൂട്ടക്കുരുതി ആവശ്യമായിരുന്നോ? ക്രിസ്തുമസ്സിന്റെ സര്‍വ്വസന്തോഷവും തല്ലിക്കെടുത്തുന്നതല്ലേ കുഞ്ഞുങ്ങളുടെ ഗളച്ഛേദനം? ബെത്ലഹേമില്‍ പിറന്ന ദൈവപൈതല്‍ എല്ലാ മനുഷ്യരുടെയും രക്ഷകനാണ്. അവന് ലോകത്തിന്റെ പ്രകാശമാണ്. അന്ധകാരം അവനെ ഒതുക്കുന്നു. മനുഷ്യന്റെ പാപമാണ് അതിന് കാരണം. കുഞ്ഞിപ്പൈതങ്ങളുടെ തിരുന്നാള്‍ ഈ സംഘര്‍ഷമാണ് വ്യക്തമാക്കുന്നത്. ഇരുട്ടും വെളിച്ചവും തമ്മിലുള്ള, മരണവും ജീവനും തമ്മിലുള്ള, ഏകാധിപതിയും രക്ഷകനും തമ്മിലുള്ള സംഘര്‍ഷം. ലോകരക്ഷയ്ക്ക് സഹനവും മരണവും ആവശ്യമായി വരുന്നു. ദൈവം മനുഷ്യപുത്രനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ തന്നെ പീഢാനുഭവവും മരണവും സമീപത്തുണ്ടെന്ന് വിളിച്ചറിയിക്കുന്നു. തന്റെ സിംഹാസനത്തിന് ഇളക്കം തട്ടുന്നതെന്തും പിഴുതുകളയുക, തന്റെ അധികാരത്തിന് വെല്ലുവിളിയായി തോന്നുന്നവരെ പാടെ നശിപ്പിക്കുക – ഇതാണ് ഹേറോദോസ് ചെയ്തത്. സ്വാര്‍ത്ഥതയാണ് എല്ലാ പാപത്തിനും മൂലകാരണം. ഇതല്ലേ നമ്മുടെയും പാപം? വി. യോഹന്നാന് പറയുന്നു: ‘തങ്ങള്‍ക്ക് പാപമില്ല എന്ന് നാം പറയുമ്പോള്‍, നാം നമ്മെത്തന്നെ വഞ്ചിക്കുന്നു. നമ്മില്‍ സത്യമില്ല’ (യോഹ. 1:18). പാപമില്ലെന്ന് പറയുമ്പോള്‍ രക്ഷകന്റെ ആവശ്യം നാം നിഷേധിക്കുകയാണ്. നമുക്ക് വേണ്ടത് മാനസാന്തരമാണ്. നമ്മുടെ മാനസാന്തരം പൂര്‍ത്തിയാകും. പകരം പുല്‍ക്കൂട്ടിലെ ദിവ്യപൈതല്‍ നമ്മെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.
അതുകൊണ്ട് ഈ തിരുനാള്‍ എന്നുമൊരു വെല്ലുവിളിയാണ്. വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിക്കാമോ? സഹനങ്ങളെക്കാള്‍ സുഖസൗകര്യങ്ങളെയാണോ നാം അന്വേഷിക്കുക? പങ്കുവയ്ക്കാത്ത വിഭവങ്ങളെല്ലാം തനിയെ ആസ്വദിക്കുകയാണോ നമ്മുടെ ശീലം? എന്ന് വിചാരിച്ച് ലോകത്തിലെ ഏറ്റവും വലിയ പാപിയാണ് ഞാന്‍ എന്ന് കൊട്ടിഘോഷിച്ച് നടക്കേണ്ടതില്ല. നാം യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെങ്കില്‍, നമ്മില്‍ പാപത്തിന്റെ വേരുകളുണ്ടെന്ന് നാം അംഗീകരിക്കണം. രക്ഷകന്റെ വെളിച്ചം എനിക്കാവശ്യമുണ്ടെന്ന് നാം ഏറ്റുപറയണം. എന്നിലെ സ്വാര്‍ത്ഥത നീക്കിക്കളയാന്‍ അവിടുത്തെ നിര്മ്മലസ്നേഹത്തിനേ പറ്റൂ.
ക്രിസ്തുരഹസ്യം പൂര്‍ത്തിയായത് കുഞ്ഞിപ്പൈതങ്ങളിലാണ്. അവര്‍ യഥാര്‍ത്ഥജീവന്‍ കണ്ടെത്തി. മരണത്തിന്റെ വാതില്‍ കടന്ന് അവര്‍ നിത്യജീവനില്‍ പ്രവേശിച്ചു. പൗരസ്ത്യസഭയിലെ ഒരു പ്രാര്‍ത്ഥനയാണ് ‘ഈശോ രക്ഷകാ’ എന്ന നാമജപം. ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നത് വഴി നമ്മുടെ ഹൃദയങ്ങളില്‍ എളിമയും സ്നേഹവും വന്നുനിറയും. ക്രിസ്തുമസ്സിന്റെ രഹസ്യം മനസ്സിലാക്കാന്‍ ഈ ലഘുപ്രാര്‍ത്ഥന ഏറെ സഹായകമാകും. ഉണ്ണിയേശുവിന്റെ അനുഗ്രഹം ഏവര്‍ക്കും ആശംസിക്കുന്നു.
ആമേന്‍.
റവ. ഫാ. സിറിയക് മുപ്പാത്തിയില്‍ MCBS