ഇത്, അൽദി നോവൽ അദിലാങ്ങ് എന്ന ഇന്തൊനേഷ്യക്കാരനായ പത്തൊൻപതുവയസുകാരന്റെ അത്ഭുതകരമായ അതിജീവനത്തിന്റെ കടൽക്കഥ. യാന്‍ മാര്ട്ടെലിന്റെ ബെസ്റ്റ് സെല്ലിംഗ് ബുക്ക് ‘ലൈഫ് ഓഫ് പൈ’ വായിച്ചവരും അതിനെ ആസ്പദമാക്കി ആങ്ങ് ലി സംവിധാനം ചെയ്ത ഇന്ത്യാക്കാരനായ സൂരജ് ശർമ്മ മുഖ്യകഥാപാത്രമായ ‘ലൈഫ് ഓഫ് പൈ’സിനിമയും കണ്ടവരാണ് നമ്മളെല്ലാം. ഇത് സിനിമയല്ല , ഇന്തൊനേഷ്യയില്‍ നിന്നും സിനിമയെവെല്ലുന്ന ഒരു റിയല്‍ ലൈഫ് സ്റ്റോറി.അദിലാങ്ങിന്റെ ജീവിതകഥ.
കടലിൽ മീൻപിടിക്കുന്നതിനു ഇന്തൊനേഷ്യയിൽ വളരെ പ്രചാരമുള്ള ഒരു രീതിയാണ് “റോംപോങ്ങ്”. കടൽക്കരയിലെ കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന ചെറുവള്ളത്തിൽ ഒരുക്കിയ കുടിലില്‍ നിന്ന് കടലിലിടുന്ന വലകൊളുത്തിയ കെണിയിൽ മീൻ പിടിക്കുന്നതാണ് ഈരീതി. രാത്രികാലങ്ങളിൽ മീനുകളെ ആകർഷിക്കുന്നതിനുവേണ്ടി ചെറുവള്ളങ്ങളിൽ റാന്തൽ വിളക്കുകൾ തെളിക്കുന്ന പതിവുണ്ട്. ദിവസങ്ങളോളം വെള്ളത്തിൽക്കിടക്കുന്ന വലക്കെണി കൊളുത്തിയ ചില കുടിൽവള്ളങ്ങളിൽ വിളക്കുതെളിക്കുവാനും രാത്രി സൂക്ഷിപ്പിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്. അങ്ങനെ തുച്ചമായ വരുമാനത്തിനുവേണ്ടി വിളക്കുതെളിക്കുന്ന ജോലിയായിരുന്നു പാവപ്പെട്ടവനായ അൽദി നോവലിന്റേത്. എന്നും കൂട്ടായി കയിൽ കരുതുന്ന വിശുദ്ധബൈബിളും തന്റെ കൊച്ചു റേഡിയോയുമായി അദിലാങ്ങ് അന്നും വൈകുന്നേരം വഞ്ചിയിലെത്തി വിളക്കുതെളിച്ചു. പെട്ടെന്നായിരുന്നു അപ്രതീക്ഷിതമായകാറ്റ് ശക്തിയോടെ ആഞ്ഞടുത്തത്. കാറ്റിൽ മദമിളകിയ തിരമാലകൾ അൽദിന്റെ വഞ്ചിയെയിട്ട് അമ്മാനമാടി. കരയിലെ കുറ്റിയിൽ നിന്നും കെട്ടുവേർപെട്ട വഞ്ചി കടലിൽ ലക്ഷ്യമില്ലാതെ കാറ്റിന്റെ ഗതിക്കനുസരിച്ചു നീങ്ങിക്കൊണ്ടിരിന്നു. അങ്ങനെ സീമകളില്ലാത്ത കടലിന്റെ ഓളപ്പരപ്പിൽ അൽദി അലഞ്ഞത് നീണ്ട 49 ദിവസങ്ങൾ.
സകലപ്രതീക്ഷകളും നഷ്ടപ്പെട്ട ഒരുയുവാവിന്റെ ജീവനുവേണ്ടിയുള്ള വിലാപം തിരമാലകളുടെയും കാറ്റിന്റെയും കരുത്താർന്ന ശബ്ദത്തിൽ ആരും കേൾക്കാതെ പോയി.. തന്റെ വസ്ത്രത്തിൽ വീഴുന്ന മഴവെള്ളം പിഴിഞ്ഞു കുടിച്ച് ദാഹം തീർത്തും മീനുകളെ പിടിച്ച് ഭക്ഷിച്ചും അൽദി ജീവൻ നിലനിർത്തിക്കൊണ്ടിരുന്നു. പാചകവാതകം തീർന്നുപോയപ്പോൾ വഞ്ചിയുടെ ഒരുവശത്തു പുറത്തേക്ക് തള്ളിനിന്ന ഭാഗം മുറിച്ചു വിറകാക്കി അവൻ ഭക്ഷണമുണ്ടാക്കി ജീവൻ നിലനിർത്തി. തന്റെ വസ്ത്രങ്ങൾ ഉയർത്തിവീശിയും വിളക്കുതെളിച്ചും കടന്നുപോയ കപ്പലുകളുടെശ്രദ്ധയാകർഷിക്കുവാൻ പത്തിലധികം തവണ നടത്തിയ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവിൽ ദൈവാനുഗ്രഹം രക്ഷകനായി വന്നത് പാനമയിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിലൂടെയായിരുന്നു.
ലക്ഷ്യമില്ലാതെ അലയുന്ന അൽദിന്റെ ചെറുവള്ളം ശ്രദ്ധയിൽപ്പെട്ട കപ്പൽ ജീവനക്കാർ അടുത്തെത്തിയപ്പോൾ തിരമാലകൾ അവനെ സുരക്ഷിതമായി അവരുടെ കൈകളിലേൽപ്പിച്ചു.
ജീവനിലേക്ക് മടങ്ങിവന്ന അൽദി “തന്റെ കൈയിലുണ്ടായിരുന്ന വിശുദ്ധഗ്രന്ഥം ലക്ഷ്യമില്ലാതെ കരകാണാക്കടലിൽ അലഞ്ഞപ്പോൾ ആശ്വാസമയിരുന്നു” എന്ന് സാക്ഷ്യപ്പെടുത്തിയതായി ഫോക്സ് ന്യുസ് സായാഹ്നവാർത്തയിൽ റിപ്പോർട്ടുചെയ്തു. ഇന്തൊനേഷ്യൻ ലോക്കൽപത്രമായ ”ട്രിബ്യുൺ മണാടോ”നടത്തിയ അഭിമുഖത്തിൽ അൽദിഅദിലാങ്ങ് പറഞ്ഞു: “പ്രതീക്ഷ നഷ്ടപ്പെട്ട് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്താലോ എന്നു ചിന്തിച്ച ഘട്ടത്തിൽ, ആപത്സന്ധികളിൽ ദൈവത്തെവിളിച്ചു പ്രാർത്ഥിക്കണമെന്ന മാതാപിതാക്കളുടെ ഉപദേശം മനസിൽ തെളിഞ്ഞു. പ്രാർത്ഥനനൽകിയ കരുത്തിലായിരുന്നു ഓളപ്പരപ്പിലെ ജീവിതം.”
2018 സെപ്റ്റംബര്‍ 6 ന് ഗുവാം ദ്വീപ് അധികാരികള്‍ അൽദി അദിലാങ്ങിനെ ഇന്തോനേഷ്യന്‍ സര്‍ക്കാരിനും തുടര്‍ന്ന് മാതാപിതാക്കള്‍ക്കും ഏല്‍പ്പിച്ചു.
ഫാ. ക്ലീറ്റസ് കാരക്കാടൻ