ആ കോഴിക്കുഞ്ഞ് ചത്തുപോയി; പക്ഷേ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ഡെറക്  

മരിയ ജോസ്

ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേക്കയ്യിൽ പത്തു രൂപയുമായി ആശുപത്രിയിൽ എത്തിയ കുരുന്നിന്റെ ചിത്രം അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങൾ ഏറ്റെടുത്തു വൈറലാക്കിയ ഒന്നാണ്. നന്മയുടെ വറ്റാത്ത മുഖമായി മാറിയ ആ കുരുന്നുബാലനാണ് മിസോറാമിലെ സൈറങ്ങിൽ നിന്നുള്ള ഡെറക് ലാൽചാൻഹിമ.

സൈറങ്ങിലെ പോലീസ് ഉദ്യോഗസ്ഥനായ ധീരജ് – ലാൽനുൻപോയ്‌ ദമ്പതികളുടെ മകനായ ആറു വയസുകാരൻ ഡെറക്കിന്റെ  സൈക്കിളിനിടയിൽ അപ്രതീക്ഷിതമായി കോഴിക്കുഞ്ഞ് പെടുകയായിരുന്നു. സാധാരണ ഗതിയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാറുള്ള ചിത്രം അവന്റെ മനസ്സിൽ തെളിഞ്ഞു. കോഴിക്കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകണം എന്ന ആവശ്യവുമായി അവൻ അച്ഛനെ സമീപിച്ചു. നീ തന്നെ ആശുപത്രിയിൽ കൊണ്ടുപൊയ്ക്കൊള്ളാൻ പോലീസുകാരനായ അച്ഛൻ തമാശരൂപേണ പറഞ്ഞു!.

പിന്നെ ഒന്നും നോക്കിയില്ല. എങ്ങനെയും കോഴിക്കുഞ്ഞിനെ രക്ഷിക്കണം. അതിനായി തന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യം – പത്തു രൂപയും എടുത്ത് അവൻ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേയ്ക്ക് ഓടി.  ഒരു കയ്യിൽ കോഴിക്കുഞ്ഞും മറുകയ്യിൽ പത്തുരൂപയും പിടിച്ച് ‘കോഴിക്കുഞ്ഞിനെ രക്ഷിക്കണം’ എന്ന അഭ്യർത്ഥനയുമായി എത്തിയ കുരുന്നിന്റെ നിഷ്കളങ്കതയെ തള്ളിക്കളയാൻ ആശുപത്രി അധികൃതര്‍ക്കും ആയില്ല. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും കുഞ്ഞു ഡെറകിന്റെ പരിശ്രമങ്ങളെ നിഷ്ഫലമാക്കിക്കൊണ്ട് കോഴിക്കുഞ്ഞ് പരലോകം പൂകിയിരുന്നു.

ആശുപത്രി അധികൃതർ കുട്ടിയെ തിരിച്ചു അയച്ചു എങ്കിലും 100 രൂപയും അഭ്യർത്ഥനയുമായി ഒരിക്കൽ കൂടി തിരിച്ചെത്തി. ഒടുവിൽ മാതാപിതാക്കൾ പറഞ്ഞു മനസിലാക്കിയതിനു ശേഷമാണു കുട്ടി തിരികെ പോകാന്‍ തയ്യാറായത്. ആശുപത്രി അധികൃതർ പകർത്തിയ ഈ ചിത്രം ഇന്ന് അനേകം മനസ്സുകളെ കീഴടക്കിയിരിക്കുകയാണ്.റോഡിൽ അപകടത്തിൽപ്പെട്ടു കിടക്കുന്ന മനുഷ്യനെ തിരിഞ്ഞുനോക്കാത്തവരുടെ കാലത്ത് തന്റെ സൈക്കിളിടിച്ചു പരിക്കേറ്റ കോഴിക്കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയ ആ ആറുവയസുകാരന്റെ നന്മയെ കാണാതിരിക്കാൻ അവൻ പഠിക്കുന്ന സ്കൂളിലെ അധ്യാപർക്കും കഴിഞ്ഞില്ല.

സൈറങ്ങിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഐസ്വാളിലെ  സെന്റ് പിയോ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കുഞ്ഞു ഡെറക് പഠിക്കുന്നത്.  സ്കൂളിലെ അധ്യാപകർ ചേർന്ന് ഈ കുഞ്ഞു ഹീറോയ്ക്ക് ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ഫാ. സ്റ്റുവർട്ട് ഫെർണാണ്ടസ് ഒഎഫ്എം ഈ ചടങ്ങിൽ ഡെറകിനെ ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ഈ കുരുന്ന് പകർന്ന സന്ദേശം വളരെ വലുതാണെന്നും കരുണയുടെ ഈ സന്ദേശം എല്ലാവർക്കും മാതൃകയാണെന്നും കുട്ടികൾ എങ്ങനെ കരുണയുള്ളവരാകണം എന്ന സന്ദേശമാണ് ഡെറക് പകരുന്നത് എന്നും ഫാ. സ്റ്റുവർട്ട് പറഞ്ഞു. സ്കൂളിലും മറ്റും ഒരു താര പരിവേഷം ലഭിച്ചിട്ടുണ്ട് എങ്കിലും എന്തിനാണെന്ന് എല്ലാവരും തന്നെ അഭിനന്ദിക്കുന്നത് എന്നതിനെ കുറിച്ച് കുഞ്ഞു ഡെറക്കിന് കാര്യമായ പിടിയൊന്നും ഇല്ല.

മിസോറാമിലെ സെന്റ് പിയോ സ്കൂൾ കപ്പൂച്ചിൻ സഭാ സന്യാസ സമൂഹത്തിന്റെ ഹോളി ട്രിനിറ്റി പ്രൊവിൻസിന്റെ കീഴിൽ ഉള്ള വിദ്യാലയമാണ്. 2005-ല്‍ സ്ഥാപിതമായ ഈ സ്കൂളിൽ ഡെറകിന്റെ മറ്റൊരു സഹോദരനും പഠിക്കുന്നുണ്ട്.

മരിയ ജോസ്

(ഡെറക്കിന്റെ സ്കൂൾ ഹെഡ്മാസ്റ്ററായ ഫാ. സ്റ്റുവർട്ട് ഫെർണാണ്ടസുമായി സംസാരിച്ചു തയ്യാറാക്കിയത് )